ഇതിനൊരു അറുതിയില്ലേ? ഇത്തവണ ഡിജിറ്റൽഅറസ്റ്റ് സംഘത്തിന്റെ കെണിയിൽപ്പെട്ടത് മുൻ മിസ് ഇന്ത്യ; കവർന്നത് വൻ തുക

മനുഷ്യക്കടത്തും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പറഞ്ഞാണ് മോഡലില്‍ നിന്ന് സംഘം പണം തട്ടിയെടുത്തത്

സൈബര്‍ അറസ്റ്റുകളെ കുറിച്ച് ഗൗരവമായ ചര്‍ച്ചകളും വാര്‍ത്തകളുമാണ് ദിനംപ്രതി നടക്കുന്നത്. ഇത്തവണ ഡിജിറ്റല്‍ അറസ്റ്റ് സംഘത്തിന്റെ കെണിയിലകപ്പെട്ടത് മുന്‍ മിസ് ഇന്ത്യയാണ്. ആഗ്രയിലെ മോഡല്‍ ശിവങ്കിത ദീക്ഷിത്തിനെയാണ് ഇത്തവണ സംഘം പിടികൂടിയത്. 99,000 രൂപയാണ് മോഡലില്‍ നിന്നും തട്ടിപ്പ് സംഘം തട്ടിയെടുത്തത്. മനുഷ്യക്കടത്തും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞാണ് മോഡലില്‍ നിന്ന് സംഘം പണം തട്ടിയെടുത്തത്.

2017ലെ പശ്ചിമ ബംഗാള്‍ ഫെമിന മിസ് ഇന്ത്യയായി അടക്കം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ശിവങ്കിത ദീക്ഷിത്തിനെയാണ് വാട്‌സ്ആപ്പ് വഴി സംഘം ബന്ധപ്പെട്ടത്. സിബിഐയിലെ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞാണ് പറ്റിച്ചത്. അറസ്റ്റ് തടയുന്നതിനും കേസില്‍ നിന്ന് പേര് ഒഴിവാക്കുന്നതിനും വേണ്ടി 99,000 രൂപ നല്‍കണമെന്ന് തട്ടിപ്പ് സംഘം ആവശ്യപ്പെട്ടു. ഭയപ്പെട്ട ശിവങ്കിത ഉടന്‍ തന്നെ പണം അയച്ചു നല്‍കുകയായിരുന്നു.

വിഷയം കുടുംബത്തോട് സംസാരിച്ചപ്പോളാണ് താന്‍ പറ്റിക്കപ്പെട്ടുവെന്ന സത്യാവസ്ഥ ശിവങ്കിത മനസിലാക്കുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പൊലീസ് മായാങ്ക് തിവാരി വിവരങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേരാണ് ഇത്തരത്തില്‍ ദിനംപ്രതി 'ഡിജിറ്റല്‍ അറസ്റ്റി'ന് ഇരയാകുന്നത്.

Also Read:

Tech
ചെന്നെെയിൽ നിന്ന് ബാംഗ്ലൂരിലേക്ക് 30 മിനിറ്റ് ! മസ്‌കിന്റെ സ്വപ്‌നപദ്ധതി 'ഹൈപ്പർ ലൂപ്പ്' ഇന്ത്യ നടപ്പാക്കുമോ ?

എന്താണ് ഡിജിറ്റല്‍ അറസ്റ്റ്

സൈബര്‍ തട്ടിപ്പുകളുടെ വലിയ ലോകത്തെ ഒരു പുത്തന്‍ രീതിയാണ് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്. അന്വേഷണ ഉദ്യോഗസ്ഥര്‍ ആണെന്ന വ്യാജേന രംഗത്ത് വരുന്ന തട്ടിപ്പുകാര്‍ തങ്ങളുടെ ഇരകളെ കണ്ടെത്തി ഡിജിറ്റല്‍ അറസ്റ്റെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പിന് വിധേയമാക്കുന്നു. തുടർന്ന് അവരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്നു. പണം ലഭിക്കുന്നതോടെ മുങ്ങുന്നു. ഇതാണ് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്. സിബിഐയെന്നും ഇഡിയെന്നും പൊലീസെന്നും ടെലികോം ഏജന്‍സിയെന്നുമൊക്കെപ്പറഞ്ഞാണ് തട്ടിപ്പ് സംഘം ആളുകളെ സമീപിക്കുന്നത്.

മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍ പോലുള്ള ക്രിമിനല്‍ കേസില്‍ സര്‍ക്കാര്‍ അന്വേഷണ ഏജന്‍സി പിടികൂടിയതായി അവകാശപ്പെട്ട് ഏജന്‍സി ഉദ്യോഗസ്ഥരെന്ന വ്യാജേന പേടിപ്പിക്കുകയും ലക്ഷക്കണക്കിന് പണം ആവശ്യപ്പെടുകയും ചെയ്യും. ഇതിനായി വ്യാജരേഖകളാകും ഉപയോഗിക്കുക. അന്വേഷണ ഏജന്‍സികളുടെ ഓഫീസിനെ അനുകരിക്കുന്ന സ്റ്റുഡിയോകളും തട്ടിപ്പുകാര്‍ ഒരുക്കും. ഇതിനായി എഐ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകളും ഇവര്‍ ഉപയോഗിക്കും. പണം ലഭിക്കുന്നതുവരെ വീഡിയോ കോള്‍ പ്ലാറ്റ്ഫോമുകളില്‍ ഇരയെ ഇവര്‍ നിര്‍ബന്ധിച്ച് ഇരുത്തും.

Also Read:

Tech
'എന്ത് ചതിയിത്, വല്ലാത്ത വിധിയിത്...' ഗോവ ട്രിപ്പിനിറങ്ങി, ഗൂഗിള്‍ മാപ്പ് എത്തിച്ചത് കൊടുംകാട്ടില്‍!

തട്ടിപ്പ് നടന്നതിന് ശേഷമുള്ള ആദ്യ 24 മണിക്കൂര്‍ വളരെ നിര്‍ണായകമാണ്. എത്രയും വേഗം 1930 എന്ന നമ്പറില്‍ സൈബര്‍ പൊലീസിനെ അറിയിക്കണം. നേരത്തെ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ പണം തിരിച്ച് കിട്ടാനുള്ള സാധ്യത കൂടുതലാണ്. പ്രതികളെ പിടികൂടാനും വലിയ തട്ടിപ്പുകളുടെ ചുരുളഴിക്കാനും ഇത് ഉപകാരപ്രദമാകും. ഓര്‍ക്കേണ്ട പ്രധാനകാര്യം സിബിഐയും ഇഡിയും പൊലീസുമൊന്നും ആരെയും വീഡിയോ കോളിലൂടെ അറസ്റ്റ് ചെയ്യാറില്ല എന്നതാണ്

Content Highlights: Former Miss India under Cyber Arrest

To advertise here,contact us