'മൊബൈല്‍ ഫോണും ടാബും സമ്മാനം'; ബാങ്കുദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ്

ഐടി ജീവനക്കാരന് കോടികള്‍ നഷ്ടമായി

പൊലീസ് ഉദ്യോഗസ്ഥരാണെന്നും സിബിഐ ആണെന്നുള്ള വ്യാജേനെയൊക്കെ നിരവധി തട്ടിപ്പുകളാണ് സൈബര്‍ലോകത്തുള്ളത്. ഡിജിറ്റല്‍ അറസ്റ്റിനു ശേഷം പുതിയ സൈബര്‍ തട്ടിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സൈബര്‍ലോകത്തെ 'ക്രിമിനല്‍സ്'. ബാങ്ക് അധികൃതരെന്ന വ്യാജേന ഉപയോക്താക്കളെ സമീപിച്ച് സൗജന്യ മൊബൈല്‍ ഫോണ്‍ നല്‍കി പണം തട്ടുന്നതാണ് പുതിയ മോഡല്‍. മൊബൈല്‍ അല്ലെങ്കില്‍ ടാബ്ലെറ്റ് സൗജന്യമായി നല്‍കി ബാങ്ക് വിശദാംശങ്ങള്‍ തട്ടിപ്പുകാര്‍ ചോര്‍ത്തിയെടുക്കും. ഫോണില്‍ സിം കാര്‍ഡ് ഇടുമ്പോള്‍ എല്ലാ ബാങ്കിങ് വിശദാംശങ്ങളും ഒടിപികളും തട്ടിപ്പ് സംഘത്തിന് ലഭിക്കും.

ബെംഗളൂരുവില്‍ ഇത്തരത്തില്‍ ഐടി ജീവനക്കാരന് 2.8 കോടി രൂപ നഷ്ടപ്പെട്ടതായി ബെംഗളൂരു പൊലീസ് അറിയിച്ചു. സ്വകാര്യ ബാങ്ക് പ്രതിനിധിയെന്ന വ്യാജേന എത്തിയ ആള്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ക്ക് മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കി പണം തട്ടുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ശിവകുമാര്‍ ഗുണാരെ പറഞ്ഞു. ക്രെഡിറ്റ് കാര്‍ഡ് അപ്രൂവായിട്ടുണ്ടെന്നും ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ഉള്ളതിനാല്‍ മൊബൈല്‍ ഫോണ്‍ സമ്മാനമുണ്ടെന്നും പറഞ്ഞ് മൊബൈല്‍ ഫോണ്‍ കൈമാറുകയായിരുന്നു. തട്ടിപ്പ് നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ട വിവരം പരാതിക്കാരന്‍ അറിയുന്നത്.

Also Read:

Business
അധിക ദൂരമില്ല; 60,000ത്തില്‍ തൊട്ടുതൊടാതെ സ്വര്‍ണവില

ക്ലോണിങ് സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ഫോണിലേക്ക് സിം കാര്‍ഡ് ഇടുന്നതോടെ ഉപയോക്താവിന് ബാങ്കില്‍ നിന്നുള്ള സന്ദേശങ്ങളോ ഇമെയിലുകളോ ഡിവൈസില്‍ ലഭിക്കില്ല. ഫോണ്‍ ക്ലോണ്‍ ചെയ്തതിനാല്‍, ബാങ്ക് അയച്ച ഒടിപികള്‍ തട്ടിപ്പുകാരന്റെ അക്കൗണ്ടിലേക്ക് റീഡയറക്ട് ചെയ്താണ് തട്ടിപ്പ് നടത്തുന്നത്. ബാങ്കില്‍ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് നടന്നതായി അറിയുന്നതെന്നും പരാതിക്കാർ പറയുന്നു.

Content Highlights: using cloned mobile for cyber fraud

To advertise here,contact us