പ്രപഞ്ചത്തിന്റെ 'ഗര്‍ജ്ജനം' കേട്ടിട്ടുണ്ടോ? നാസ പുറത്തുവിട്ട പേടിപ്പിക്കുന്ന ശബ്ദം

വേട്ടയാടുന്ന ശബ്ദമാണിതെന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍

നിരവധി രഹസ്യങ്ങളും അത്ഭുതങ്ങളും നിറഞ്ഞതാണ് നമ്മുടെ പ്രപഞ്ചം. പ്രപഞ്ച രഹസ്യങ്ങള്‍ തേടിയുള്ള മനുഷ്യയാത്ര തുടരുകയുമാണ്. നാസ പുറത്തുവിട്ട അതിശയിപ്പിക്കുന്ന ഒരു ശബ്ദമാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. പെര്‍സിയസ് നക്ഷത്ര സമൂഹത്തിലെ ഗാലക്‌സികളുടെ കൂട്ടമായ പെര്‍സിയസ് ക്ലസ്റ്ററിന് മധ്യഭാഗത്തെ ഒരു ബ്ലാക് ഹോളില്‍ നിന്നുണ്ടാകുന്ന ശബ്ദ തരംഗങ്ങളാണ് നാസ റെക്കോര്‍ഡ് ചെയ്ത് പുറത്തുവിട്ടത്.

സോഷ്യല്‍ മീഡിയയിലൂടെ രണ്ട് വര്‍ഷം മുമ്പാണ് നാസ ഈ ശബ്ദവീഡിയോ പുറത്തുവിട്ടത്. 2003ലാണ് ഈ ശബ്ദതരംഗങ്ങള്‍ നാസ ആദ്യം കണ്ടെത്തിയത്. എന്നാല്‍ മനുഷ്യന് കേള്‍ക്കാന്‍ സാധിക്കുന്ന ഫ്രീക്വന്‍സിയിലായിരുന്നില്ല അത് അന്ന് ലഭിച്ചത്. പിന്നീടാണ് നാസ ഈ തരംഗങ്ങളെ സോണിഫൈ ചെയ്ത് 57-58 ഒക്ടേവുകളായി ഉയര്‍ത്തുകയും മനുഷ്യന് കേള്‍ക്കാന്‍ സാധിക്കുന്ന രീതിയിലേക്ക് മാറ്റുകയും ചെയ്തത്.

ഗവേഷകര്‍ മുമ്പ് തിരിച്ചറിഞ്ഞ ശബ്ദതരംഗങ്ങള്‍ വേര്‍തിരിച്ചെടുക്കുകയും മനുഷ്യശ്രവണത്തിന് സാധ്യമാകുന്ന തരത്തിലേക്ക് മാറ്റുകയുമായിരുന്നുവെന്നാണ് നാസ വൃത്തങ്ങള്‍ അറിയിച്ചത്. വേട്ടയാടുന്ന ശബ്ദമാണിതെന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍. ഗാലക്റ്റിക് സ്‌പേസിലെ കോസ്മിക് അലര്‍ച്ചകള്‍ പോലെയാണിതെന്നും ചിലര്‍ വിശേഷിപ്പിക്കുന്നുണ്ട്.

Content Highlights: NASA Reveals Haunting Audio From A Supermassive Black Hole

To advertise here,contact us