സുനിത വില്യംസ് തന്റെ ദീര്ഘദൂര ബഹിരാകാശ ദൗത്യത്തിലൂടെ വാര്ത്തകളില് ഇടം നേടുമ്പോള് അവരുടെ കരിയര്, ശമ്പളം, ആസ്തി എന്നിവയെക്കുറിച്ച് അറിയാന് പലരും ആകാംഷാഭരിതരാണ്. ഒന്നിലധികം ബഹിരാകാശ യാത്രകള് നടത്തിയ ഒരു പരിചയ സമ്പന്നയായ ബഹിരാകാശ യാത്രിക എന്ന നിലയില് നാസയില് അഭിമാനകരമായ നിലയിലാണ് അവര് ഉള്ളത്. എന്നാല് നിങ്ങള്ക്കറിയാമോ, സുനിതാ വില്യംസിന്റെ ആസ്തിയും ശമ്പളവും എത്രയാണെന്ന്?
ലോകത്തിലെ ഏറ്റവും പ്രശസ്തമായ ബഹിരാകാശ ഏജന്സികളില് ഒന്നായ നാസ, യുഎസ് ഗവണ്മെന്റിന്റെ ശമ്പള സ്കെയിലിനെ അടിസ്ഥാനമാക്കിയാണ് ബഹിരാകാശ യാത്രികര്ക്ക് ശമ്പളം നല്കുന്നത്. അത് GS -13 മുതല് GS- 15 വരെയാണ്. യുഎസ് മാധ്യമ റിപ്പോര്ട്ടുകള് പ്രകാരം സുനിത വില്യംസിനെപ്പോലെയുളള ഉയര്ന്ന പരിചയ സമ്പന്നരായ ബഹിരാകാശ യാത്രികര് സാധാരണയായി GS-15 വിഭാഗത്തിലാണ് പെടുന്നത്. നാസയുടെ രേഖകള് പ്രകാരം അവരുടെ വാര്ഷിക ശമ്പളം ഏകദേശം 1.26 കോടി രൂപയാണ്.
ശമ്പളത്തിന് പുറമേ നാസ ബഹിരാകാശ യാത്രികര്ക്ക് സമഗ്രമായ ആരോഗ്യ ഇന്ഷുറന്സ്, തങ്ങള്ക്കും കുടുംബത്തിനും മാനസിക പിന്തുണ, ജോലി സംബന്ധമായ അസൈന്മെന്റുകള്ക്കുള്ള യാത്രാ അലവന്സുകള് എന്നിവയുള്പ്പടെ വിവധ ആനുകൂല്യങ്ങള് നല്കുന്നുണ്ട്. Marca.com നല്കുന്ന വിവരങ്ങള് പ്രകാരം സുനിതാ വില്യംസിന്റെ ആസ്തി ഏകദേശം 5 മില്യണ് ഡോളറാണ്. ഫെഡറല് മാര്ഷലായി ജോലി ചെയ്യുന്ന ഭര്ത്താവ് മൈക്കല് ജെ. വില്യംസിനൊപ്പം സുനിത വില്യംസ് നിലവില് ടെക്സസിലെ ഹ്യൂസ്റ്റണിലാണ് താമസിക്കുന്നത്.
2024 ജൂണ് 5 ന് 10 ദിവസത്തെ ബഹിരാകാശ ദൗത്യത്തിനായി സുനിത വില്യംസും ബാരി ബുച്ച് വില്മോറും സ്പേസ് സ്റ്റേഷനില് എത്തിയെങ്കിലും ബഹിരാകാശ പേടകത്തിലെ സാങ്കേതിക പ്രശ്നങ്ങള് മൂലം നാസ പല തവണകളിലായി അവരുടെ തിരിച്ചുവരവ് മാറ്റി വെക്കുകയായിരുന്നു. മാര്ച്ച് അവസാനത്തോടെ അവര് തിരിച്ചു വരുമെന്നാണ് കരുതുന്നത്.
Content Highlights :Know more about Sunita Williams salary and personal life