ചൂടാണ്… വീട്ടില്‍ AC ഉണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കൂ...

പലരും കരുതുന്നത് എസി കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ പതിവ് അറ്റകുറ്റപ്പണികള്‍ മതിയെന്നാണ്

കൊടുംചൂടാണ് കേരളത്തില്‍ മിക്കയിടങ്ങളിലും അനുഭവപ്പെടുന്നത്. ചിലയിടങ്ങളില്‍ നേരിയ ആശ്വാസമായി വേനല്‍ മഴ ലഭിച്ചുവെങ്കിലും, ചൂടിന് യാതൊരു കുറവുമുണ്ടായിട്ടില്ല. സൂര്യതാപമേല്‍ക്കാതിരിക്കാനും മറ്റ് അപകടങ്ങള്‍ ഒഴിവാക്കാനും ജാഗ്രത വേണമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വീടുകളിലെ എയര്‍കണ്ടീഷന്‍ ഉപയോഗത്തിലും കാര്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നിങ്ങളുടെ വീട്ടിലെയും ഓഫീസുകളിലെയുമൊക്കെ AC മികച്ച അവസ്ഥയിലാണോ എന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

ഇടയ്ക്കിടയ്ക്ക് സര്‍വീസ് ചെയ്യുമെന്നല്ലാതെ ACയുടെ പ്രവര്‍ത്തനത്തെ പറ്റി നമ്മള്‍ ആരും അത്രയ്ക്ക് ചിന്തിക്കാറില്ല. പലരും കരുതുന്നത് എസി കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ പതിവ് അറ്റകുറ്റപ്പണികള്‍ മതിയെന്നാണ്. എന്നാല്‍ എസി യൂണിറ്റുകള്‍ പഴകുന്നത് കൂടുതല്‍ ഊര്‍ജ്ജ ഉപയോഗത്തിനും, തണുപ്പിക്കുന്നതിനുള്ള ശേഷി നഷ്ടപ്പെടാനും ഉള്‍പ്പടെ കാരണമാകും. കയ്യില്‍ നിന്ന് കാശ് പോകുന്ന അറ്റക്കുറ്റപ്പണികളും വേണ്ടിവരും. ഒരു നിശ്ചിത സമയം കഴിഞ്ഞാല്‍ എസി യൂണിറ്റുകള്‍ മാറ്റി പുതിയത് സ്ഥാപിക്കുന്നത് തന്നെയാണ് നല്ലതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇടയ്ക്കിടെയുള്ള അറ്റകുറ്റപ്പണികളിലൂടെ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടവും ഇതിലൂടെ ഒഴിവാക്കാം. നിങ്ങളുടെ എസി മാറ്റാറായോ എന്ന് പരിശോധിക്കുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. അവ എന്തൊക്കെയെന്ന് നോക്കാം,

ഇടയ്ക്കിടെയുള്ള തകരാറും അറ്റകുറ്റപ്പണികളും: നിങ്ങളുടെ എസി ഇടയ്ക്കിടെ കേടാകുകയും അറ്റകുറ്റപ്പണി വേണ്ടിവരികയും ചെയ്താല്‍ അത് മാറ്റി സ്ഥാപിക്കുന്നത് തന്നെയാകും ഉചിതം. അറ്റകുറ്റപ്പണിക്കായി ചെലവാക്കുന്ന തുക പുതിയ എസി യൂണിറ്റിന്റെ വിലയുടെ പകുതിയിലേക്ക് എത്തുന്നതോടെ, പുതിയ യൂണിറ്റ് വാങ്ങുക എന്നത് തന്നെയാകും കിമച്ച സാമ്പത്തിക തീരുമാനമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ദുര്‍ബലമായ വായുപ്രവാഹം, തണുപ്പില്ലായ്മ: ഒരു മുറിയില്‍ പോലും കൃത്യമായി വായുസഞ്ചാരം ഉറപ്പാക്കാന്‍ കേടായ അല്ലെങ്കില്‍ പഴകിയ ഒരു എസിക്ക് കഴിഞ്ഞെന്ന് വരില്ല. മറ്റ് മുറികളെ അപേക്ഷിച്ച് ചില മുറികളില്‍ ഗണ്യമായി ചൂട് അനുഭവപ്പെടുകയോ വെന്റുകളില്‍ നിന്നുള്ള വായുപ്രവാഹം ദുര്‍ബലമാവുകയോ ചെയ്താല്‍ എസി മാറ്റാറായി എന്നാണ് ഇതിനര്‍ത്ഥം. കംപ്രസ്സര്‍ തകരാറിന്റെയോ ഡക്ടുകള്‍ അടഞ്ഞുപോകുന്നതിന്റെ ഭാഗമായാകാം ഇങ്ങനെ സംഭവിക്കുന്നത്. ഇത് ശരിയാക്കാന്‍ ചിലപ്പോള്‍ സിസ്റ്റം മാറ്റി സ്ഥാപിക്കല്‍ തന്നെ ആവശ്യമായി വന്നേക്കാം.

ഉയര്‍ന്ന വൈദ്യുതിബില്‍: വൈദ്യുതി ഉപയോഗത്തില്‍ കാര്യമായ വര്‍ധനവ് ഉണ്ടായിട്ടില്ല, പക്ഷെ ബില്ല് വരുമ്പോള്‍ ഞെട്ടുന്ന അവസ്ഥയാണെങ്കില്‍ ഇതൊരുപക്ഷെ നിങ്ങളുടെ എസിയുടെ കുഴപ്പമാകാം. പഴയ യൂണിറ്റുകള്‍ക്ക് കാലക്രമേണ കാര്യക്ഷമത നഷ്ടപ്പെടുന്നു, ഈ സാഹചര്യത്തില്‍ കൂടുതല്‍ ഊര്‍ജ്ജം ആവശ്യമായി വരികയും ചെയ്യും. ഇത്തരം സാഹചര്യങ്ങളില്‍ പുതിയ എസി യൂണിറ്റ് സ്ഥാപിക്കുന്നത് തന്നെയാണ് മികച്ച തീരുമാനം.

അസാധാരണ ശബ്ദങ്ങളും ദുര്‍ഗന്ധവും: എസി യൂണിറ്റില്‍ നിന്നുണ്ടാകുന്ന അസാധാരണമായ ശബ്ദങ്ങള്‍ അതിന്റെ പ്രവര്‍ത്തനത്തിലെ പ്രശ്‌നങ്ങളെ സൂചിപ്പിക്കുന്നതാകാം. എസി യൂണിറ്റിനുള്ളില്‍ പൂപ്പലോ മറ്റോ ഉണ്ടായാല്‍ ദുര്‍ഗന്ധമുണ്ടാകാനും സാധ്യതയുണ്ട്. ഇതൊരുപക്ഷെ ആരോഗ്യ, സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്‌തേക്കാം. ഇത്തരം ഘട്ടത്തില്‍ എസി മാറ്റി സ്ഥാപിക്കുന്നത് തന്നെയാണ് ഉചിതം.

എസി സ്ഥാപിച്ച് 10-15 വര്‍ഷം കഴിഞ്ഞാല്‍: 10 മുതല്‍ 15 വര്‍ഷം വരെയാണ് സാധാരണ രീതിയില്‍ എയര്‍ കണ്ടീഷനുകളുടെ പ്രവര്‍ത്തന കാലയളവ്. ഈ സമയം കഴിഞ്ഞാല്‍ പുതിയ എസി വാങ്ങുന്നതിനെ കുറിച്ച് ആലോചിക്കാം.

Content Highlights: How to know if your need to upgrade AC

To advertise here,contact us