ഇന്ത്യയില്‍ നിന്ന് എയര്‍പോഡ് കയറ്റുമതിക്ക് ആപ്പിള്‍;ചൈനയ്ക്ക് പുറത്ത് നിര്‍മാണ ശൃംഖല വ്യാപിപ്പിക്കാന്‍ നീക്കം

അമേരിക്കയിലേക്കും യൂറോപ്പിലേക്കുമായിരിക്കും കയറ്റുമതി

ആപ്പിളിന്റെ വിതരണക്കാരായ ഫോക്സ്‌കോണ്‍ ഹൈദരാബാദിലെ പ്ലാന്റില്‍ എയര്‍പോഡുകളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ കയറ്റുമതിക്ക് വേണ്ടത്ര മാത്രമാണ് ഉത്പാദിപ്പിക്കുക എന്നാണ് വിവരം. അമേരിക്കയിലേക്കും യൂറോപ്പിലേക്കുമായിരിക്കും കയറ്റുമതി. ചൈനയ്ക്ക് പുറത്തേക്ക് തങ്ങളുടെ നിര്‍മ്മാണ ശൃംഖല വിപുലീകരിക്കാനുള്ള ആപ്പിളിന്റെ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. ഫോക്സ്‌കോണ്‍, പെഗാട്രോണ്‍, ടാറ്റ ഇലക്ട്രോണിക്‌സ് എന്നിവയാണ് ഇന്ത്യയിലെ പ്രധാന ആപ്പിള്‍ വിതരണക്കാര്‍.

PTI റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, ഹൈദരാബാദിലെ ഫോക്സ്‌കോണ്‍ പ്ലാന്റില്‍ കയറ്റുമതിക്കായി എയര്‍പോഡുകളുടെ ഉത്പാദനം ആരംഭിക്കാന്‍ ആപ്പിള്‍ പദ്ധതിയിടുന്നു. 'ഇത് ഏപ്രില്‍ മുതല്‍ ആരംഭിക്കും, പക്ഷേ ഇപ്പോള്‍ ഇത് കയറ്റുമതിക്ക് മാത്രമായിരിക്കും', PTI റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കന്‍ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ഐഫോണിന്റെ രണ്ടാമത്തെ ഉത്പന്നമാണിത്.

ആപ്പിള്‍ നിലവില്‍ ഇന്ത്യയില്‍ തിരഞ്ഞെടുത്ത ഐഫോണ്‍ മോഡലുകള്‍ നിര്‍മ്മിക്കുന്നുണ്ട്. ആപ്പിളിന്റെ വയര്‍ലെസ് ഇയര്‍ഫോണുകളുടെ നിര്‍മ്മാണം കമ്പനിയുടെ വൈവിധ്യവല്‍ക്കരണ തന്ത്രത്തിലെ ഒരു സുപ്രധാന ചുവടുവയ്പ്പായിരിക്കും. രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വ്യാപാരത്തെ ബാധിക്കുന്നതിനാല്‍, ചൈനയില്‍ നിന്ന് മാറി ഉല്‍പ്പാദനം വൈവിധ്യവല്‍ക്കരിക്കാനാണ് കുപെര്‍ട്ടിനോ ആസ്ഥാനമായുള്ള കമ്പനി ശ്രമിക്കുന്നത്.

2023ല്‍ ഹൈദരാബാദ് പ്ലാന്റില്‍ എയര്‍പോഡുകളുടെ നിര്‍മ്മാണത്തിനായി ഫോക്സ്‌കോണ്‍ 400 മില്യണ്‍ ഡോളര്‍ (ഏകദേശം 3,325 കോടി രൂപ) നിക്ഷേപം നടത്തിയിരുന്നു . ആഗോളതലത്തില്‍ ടിഡബ്ല്യുഎസ് (ട്രൂ വയര്‍ലെസ് സ്റ്റീരിയോ) ഇയര്‍ഫോണ്‍ വിപണിയില്‍ ആപ്പിള്‍ എയര്‍പോഡുകള്‍ മുന്നിലാണ്. കഴിഞ്ഞ വര്‍ഷം, 23.1 ശതമാനം വിപണി വിഹിതവുമായി ആപ്പിള്‍ ലോകമെമ്പാടുമുള്ള ട്രൂ വയര്‍ലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) വിപണിയില്‍ ഒന്നാമതെത്തിയതായി കനാലിസ് റിപ്പോര്‍ട്ട് പറയുന്നു. 8.5 ശതമാനം വിപണി വിഹിതവുമായി രണ്ടാം സ്ഥാനത്തുള്ള സാംസങിനേക്കാള്‍ ആപ്പിളിന്റെ വിപണി വിഹിതം മൂന്നിരട്ടി കൂടുതലാണ്.

Content Highlights:

To advertise here,contact us