'പശുവും കോഴിയുമെല്ലാം സൈഡ് പ്ലീസ്, ഇനി ദിനോസര്‍ കൃഷിയാണ് ലാഭം'; വൈറലായി പാലക്കാട്ടെ എഐ ദിനോസര്‍ മുക്ക്

കൊച്ചിയിലെ ഒരു സംഘം യുവ എന്‍ജിനീയര്‍മാരാണ് വീഡിയോ തയ്യാറാക്കിയത്

പാടത്തും വയലിലും പറമ്പിലും മേഞ്ഞുനടക്കുന്ന പശുക്കളും കാളകളും നമുക്ക് പരിചിതമായ കാഴ്ചയാണ്. എന്നാല്‍ പാടത്തും വയലോരങ്ങളിലും ഒറ്റയ്ക്കും കൂട്ടമായും നടക്കുന്നത് ദിനോസറുകളാണെങ്കിലോ. ആണെന്നേ, അങ്ങനെ ഒരു ഗ്രാമമുണ്ട് നമ്മുടെ കൊച്ചുകേരളത്തില്‍, പാലക്കാട് ജില്ലയിലെ ദിനോസര്‍ മുക്കെന്നാണ് ആ ഗ്രാമത്തിന്റെ പേര്. അമ്മിണിയെന്നും നന്ദിനിയെന്നുമൊക്കെ പേരിട്ട് ദിനോസറുകളെ വളര്‍ത്തുന്ന ഒരു ഗ്രാമം, കോഴികളേയും പശുക്കളേയും വളര്‍ത്തുന്നത് പോലെ ദിനോസര്‍ വളര്‍ത്തല്‍ കൃഷിയാക്കിയ, നിര്‍മിതബുദ്ധിയിലൊരുങ്ങിയ പാലക്കാട്ടെ സാങ്കല്‍പ്പിക ഗ്രാമമാണ് ദിനോസര്‍ മുക്ക്.

അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയായിരുന്നു ദിനോസര്‍ മുക്കിന്റേത്. കൊച്ചിയിലെ ഒരു സംഘം യുവ എന്‍ജിനീയര്‍മാരാണ് വീഡിയോ തയ്യാറാക്കിയത്. 78 സെക്കന്‍ഡുള്ള ഈ വീഡിയോ പൂര്‍ണ്ണമായും എഐ ഉപയോഗിച്ച് നിര്‍മ്മിച്ചതാണ്. സ്‌റ്റോറി ടെല്ലേഴ്‌സ് യൂണിയന്‍ എന്ന സംഘമാണ് വീഡിയോയ്ക്കു പിന്നില്‍. സാങ്കല്‍പ്പിക ഗ്രാമമായ ദിനോസര്‍ മുക്കിനെ കുറിച്ച് വിവരിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. പച്ചപ്പ് നിറഞ്ഞ തെങ്ങും തണല്‍മരങ്ങളും തലയുയര്‍ത്തി നില്‍ക്കുന്ന ഗ്രാമം. ഓടിട്ട വീടുകള്‍ക്ക് സമീപത്തുള്ള തെങ്ങിന്‍തോപ്പിലൂടെ ഒറ്റയ്ക്കും കൂട്ടായും നീങ്ങുന്ന ദിനോസറുകള്‍.

AI meets dinos in Kerala! 🦖🌴 Storytellers Union’s latest projectcc: storytellers union #AI #AIprojects #storytellersunion #stu #stuai pic.twitter.com/i7KMA5oIqt

ദിനോസര്‍ കൃഷിയെക്കുറിച്ചു വിവരക്കുന്ന പഞ്ചായത്ത് പ്രസിഡന്റിനെയും കര്‍ഷകനെയും വീഡിയോയില്‍ കാണാം. പൊതുവേ ശാന്തശീലരായ ദിനോസറുകളെ മുട്ടയ്ക്കായും മാംസത്തിനുമായാണ് ഉപയോഗിച്ച് പോരുന്നത്. വളരെ എളുപ്പത്തില്‍ അത്യാവശ്യം ലാഭത്തില്‍ ചെയ്യാന്‍ പറ്റുന്ന കൃഷിയാണ് ദിനോസര്‍ കൃഷി എന്നാണ് പഞ്ചായത്ത് പ്രസിഡന്‍റ് പറയുന്നത്. ഒരു വര്‍ഷത്തില്‍ 300 കൂടുതല്‍ മുട്ടയിടുമെന്നും പ്രസിഡന്‍റ് പറയുന്നു. ടെലിവിഷന്‍ കാര്‍ഷിക പരിപാടികളില്‍ ഒരു കാര്‍ഷിക ഗ്രാമത്തെ അവതരിപ്പിക്കുന്നതിന് തുല്യമാണ് കൊച്ചിയിലെ സംഘം ഈ വീഡിയോ തയ്യാറാക്കിയത്.

Content Highlights: AI Generated Dinosaur video

To advertise here,contact us