പഴഞ്ചന്‍ കാഴ്ചപ്പാടുകളെ പ്രോത്സാഹിപ്പിക്കുന്നു ;വിവാദ ഫില്‍റ്റര്‍ നീക്കം ചെയ്ത് ടിക് ടോക്

ഫില്‍റ്റര്‍ മോശമായ ഡയറ്റ് കള്‍ച്ചറിന് കാരണമാകുമെന്നും ശരീരഭാരം സംബന്ധിച്ച് നെഗറ്റീവ് പഴഞ്ചന്‍ കാഴ്ചപ്പാടുകള്‍ പ്രോത്സാഹിപ്പിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു

വിവാദമായ 'ഛബ്ബി ഫില്‍റ്റര്‍'(Chabby Filter) നീക്കം ചെയ്ത് ടിക് ടോക്. എഐ സഹായത്തോടെ യൂസേഴ്‌സിനെ തടിച്ചുരുണ്ട രീതിയില്‍ കാണിക്കുന്ന ഫില്‍റ്ററാണ് ഇത്. ഫില്‍റ്റര്‍ മോശമായ ഡയറ്റ് കള്‍ച്ചറിന് കാരണമാകുമെന്നും ശരീരഭാരം സംബന്ധിച്ച് നെഗറ്റീവ് പഴഞ്ചന്‍ കാഴ്ചപ്പാടുകള്‍ പ്രോത്സാഹിപ്പിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

ടിക് ടോക് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ ഇത്തരം ഫില്‍റ്ററുകള്‍ സാധാരണ ഫീച്ചറാണ്. നിറം വര്‍ധിപ്പിക്കുന്നതും കണ്ണുകളുടെയും ചുണ്ടുകളുടെയും ഭംഗി വര്‍ധിപ്പിക്കുന്നതും മാസ്‌കുകള്‍ ഉള്ളതുമായ നിരവധി ഫില്‍റ്ററുകള്‍ ഇത്തരത്തില്‍ ലഭ്യമാണ്. ഫില്‍റ്റര്‍ ഉപയോഗിക്കുന്നതിന് മുന്‍പും ശേഷവും എന്ന തരത്തില്‍ രണ്ടു ചിത്രങ്ങള്‍ ടിക് ടോകിലൂടെ പങ്കുവയ്ക്കാന്‍ യൂസേഴ്‌സിനെ സഹായിക്കുന്നതാണ് ഛബ്ബി ഫില്‍റ്റര്‍. ഇതുപ്രകാരം യഥാര്‍ഥ രൂപവും ഫില്‍റ്റര്‍ ഉപയോഗിച്ച ശേഷമുള്ള തടിച്ച ദേഹപ്രകൃതിയും പങ്കുവയ്ക്കാനാകും. ഇത് ദോഷകരമായ സൗന്ദര്യ മാനദണ്ഡങ്ങള്‍ സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിദഗ്ധര്‍ ഇതിനെ എതിര്‍ത്തത്.

വിമര്‍ശനത്തെ തുടര്‍ന്ന് ഫില്‍റ്റര്‍ നീക്കം ചെയ്യാനുള്ള ടിക് ടോക്കിന്റെ നിര്‍ദേശത്തെ പിന്തുണച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ടിക് ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ് ഡാന്‍സിന്റെ വീഡിയോ എഡിറ്റിങ് പ്ലാറ്റ്‌ഫോമായ കാപ്കട്ടിലാണ് ഈ ഫില്‍റ്റര്‍ ആദ്യം അപ്ലോഡ് ചെയ്തതെന്ന് കമ്പനി വക്താക്കള്‍ പറയുന്നു. ഇത് ടിക് ടോക് വഴി നേരിട്ട് ലഭ്യമായിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. കാപ്കട്ടാണ് ഇത് അപ് ലോഡ് ചെയ്തതെന്നും അത് ആ പ്ലാറ്റ്‌ഫോം തന്നെ നീക്കം ചെയ്‌തെന്നും അവര്‍ പറയുന്നു.

ഇതാദ്യമായല്ല ടിക് ടോക് ഫില്‍റ്ററുകള്‍ വിവാദത്തില്‍ അകപ്പെടുന്നത്. 2023ല്‍ പ്ലാറ്റ്‌ഫോം ഏജ്ഡ് ഫില്‍റ്റര്‍ യൂസേഴ്‌സിനായി അവതരിപ്പിച്ചിരുന്നു. പ്രായമാകുമ്പോള്‍ ആളുകള്‍ എങ്ങനെയിരിക്കുമെന്ന് കാണിക്കുന്നതായിരുന്നു ഇത്. എന്നാല്‍ അതിനും വലിയ തോതില്‍ വിമര്‍ശനം നേരിടേണ്ടി വന്നു.

Content Highlights: TikTok bans controversial AI 'chubby' filter

To advertise here,contact us