'സുഹൃത്തുക്കളുമായി കൂടുതൽ അടുക്കാം', ഫ്രണ്ട്‌സ് ടാബുമായി ഫേസ്ബുക്കിന്റെ പുതിയ അപ്‌ഡേഷൻ

ഫേസ്ബുക്കിന്റെ പുതിയ അപ്‌ഡേഷനിലാണ് ഫ്രണ്ട്‌സ് ടാബ് മെറ്റ അവതരിപ്പിച്ചത്

ഫേസ്ബുക്കിൽ നിരവധി സുഹൃത്തുക്കൾ ഉണ്ടെങ്കിലും പലപ്പോഴും സുഹൃത്തുക്കളായവർ ഫേസ്ബുക്കിൽ പങ്കുവെക്കുന്ന വിശേഷങ്ങളോ ചിത്രങ്ങളോ നമ്മുടെ ഫീഡുകളിലേക്ക് വരാറില്ല. ചില സമയങ്ങളിൽ സുഹൃത്തുക്കൾ അല്ലാത്തവരുടെ വിവരങ്ങൾ ഫീഡിലേക്ക് വരികയും ചെയ്യും. എന്നാൽ ഇനിമുതൽ ഇത്തരം പരാതികൾ മാറ്റിവെക്കാമെന്നാണ് മെറ്റ പറയുന്നത്.

ഫേസ്ബുക്കിന്റെ പുതിയ അപ്‌ഡേഷനില്‍ ഫ്രണ്ട്‌സ് ടാബ് മെറ്റ അവതരിപ്പിക്കുകയാണ്. ഒർജിനൽ ഫേസ്ബുക്ക് അനുഭവം തിരികെ തരുന്നുവെന്ന വാഗ്ദാനത്തോടെയാണ് അപ്‌ഡേറ്റിന്റെ കാര്യം ഫേസ്ബുക്ക് പങ്കുവെച്ചത്.

സുഹൃത്തുക്കൾ പങ്കുവെയ്ക്കുന്ന വിവരങ്ങൾ മാത്രമായിരിക്കും ഈ ഫീഡിൽ ക്ലിക്ക് ചെയ്യുമ്പോൾ കാണാൻ സാധിക്കുക. ഗ്രൂപ്പുകൾ, വീഡിയോ, മാർക്കറ്റ്‌പ്ലേസ് തുടങ്ങിയവ ഈ ഫീഡിലേക്ക് എത്തില്ല. നിലവിൽ അമേരിക്കയിലും കാനഡയിലും ഈ പുതിയ അപ്‌ഡേറ്റ് ലഭ്യമായി തുടങ്ങിയിട്ടുണ്ട്.

മുമ്പ് ഫ്രണ്ട് റിക്വസ്റ്റുകളും നിങ്ങൾക്ക് അറിയാവുന്ന ആളുകളെയും കാണാനുള്ള ഒരിടം മാത്രമായിരുന്നു ഫ്രണ്ട്‌സ് ടാബ്, എന്നാൽ പുതിയ അപ്‌ഡേറ്റിലൂടെ ഇനി മുതൽ അക്കൗണ്ട് ഉടമകളുടെ ഫ്രണ്ട്‌സിന്റെ സ്റ്റോറികൾ, റീലുകൾ, പോസ്റ്റുകൾ, ജന്മദിനങ്ങൾ, ഫ്രണ്ട് റിക്വസ്റ്റുകൾ എന്നിവ കാണാൻ സാധിക്കും.

ഹോം ഫീഡിലെ നാവിഗേഷൻ ബാറിലൂടെയാണ് ഫ്രണ്ട്‌സ് ടാബ് ലഭ്യമാകുന്നത്. കൂടാതെ ആപ്പിന്റെ ബുക്ക്മാർക്ക് വിഭാഗത്തിലും ഈ സംവിധാനം ആക്സസ് ചെയ്യാൻ കഴിയും. നേരത്തെ 2022 ൽ മെറ്റയുടെ ഉടമസ്ഥതയിൽ ഉള്ള ഇൻസ്റ്റാഗ്രാമിൽ സുഹൃത്തുക്കൾക്കായി 'ഫോളോവിംഗ്', 'ക്ലോസ് ഫ്രണ്ട്‌സ്' എന്നീ രണ്ട് ഫീഡുകൾ പുറത്തിറക്കിയിരുന്നു. അതേസമയം ഇന്ത്യയിൽ ഈ സൗകര്യം എപ്പോൾ മുതൽ ലഭ്യമാകുമെന്ന് ഇതുവരെ ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ അറിയിച്ചിട്ടില്ല.

Content Highlights: Facebook Introduces Friends Tab new update

To advertise here,contact us