ബിഎസ്എൻഎൽ കഴിഞ്ഞ ആറ് മാസത്തിനിടയിൽ നേടിയത് നിരവധി പുതിയ ഉപയോക്താക്കളെയെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് ബിഎസ്എൻഎൽ ഉണ്ടാക്കിയ നേട്ടങ്ങളെപ്പറ്റി സിന്ധ്യ പറഞ്ഞത്.
കഴിഞ്ഞ ആറ് മാസത്തിനിടയിൽ 55 ലക്ഷം പുതിയ ഉപയോക്താക്കളാണ് ബിഎസ്എൻഎല്ലിന് ഉണ്ടായത് എന്നും സിന്ധ്യ അറിയിച്ചു. ജൂൺ 2024 മുതൽ ഫെബ്രുവരി 2025 വരെയുള്ള കാലഘട്ടത്തിൽ ബിഎസ്എൻഎല്ലിന്റെ മൊത്തം ഉപയോക്താക്കൾ 8.55 കോടിയിൽ നിന്ന് 9.1 കോടിയായി. സമീപകാലത്തൊന്നും കാണാത്ത വിധം വളർച്ചയാണ് ബിഎസ്എൻഎൽ ഉണ്ടാക്കുന്നതെന്നും 2024 ഒക്ടോബർ ഡിസംബർ പാദത്തിൽ ലാഭത്തിലെത്തിയത് ഇതിന്റെ സൂചനയാണ് എന്നും കമ്പനി പറയുന്നു.
2007ന് ശേഷം ആദ്യമായാണ് സ്ഥാപനം ലാഭത്തിലാകുന്നത്. 2023 -24 സാമ്പത്തിക വർഷത്തിലെ, മൂന്നാം പാദത്തിൽ കമ്പനി 1500 കോടിയോളം രൂപ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഇവയടക്കം 1800 കോടി രൂപയുടെ നഷ്ടം നികത്തിയ ശേഷമായിരുന്നു ലാഭത്തിലെത്തിയത്. കമ്പനിയുടെ നിരവധി സേവനങ്ങളിലൂടെയുള്ള വരുമാനങ്ങളും ഉയർന്നിരുന്നു. മൊബിലിറ്റി സേവനം, ഫൈബർ ടു ദ് ഹോം, ലീസ്ഡ് ലൈൻ വരുമാനം എന്നിവയെല്ലാം 15 മുതൽ 20 ശതമാനം വരെയാണ് വരുമാനം ഉയർത്തിയത്.
4ജി സേവനം വ്യാപിപ്പിക്കൽ, ഒപ്റ്റിക്ക് ഫൈബർ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തൽ എന്നിവയ്ക്കായിരുന്നു കമ്പനി ഊന്നൽ നൽകിയത്. ഇത് ഗുണം ചെയ്തെന്നാണ് വിലയിരുത്തൽ. സാമ്പത്തിക ചെലവുകൾ നിയന്ത്രിച്ചതും സ്ഥാപനം ലാഭത്തിലാകാൻ കാരണമായി. ഇനി എത്രയും വേഗം 5ജി സേവനം നൽകാൻ തയ്യാറാകുക എന്നതാണ് ബിഎസ്എൻഎല്ലിന്റെ ലക്ഷ്യം. നിലവിൽ 4ജി സേവനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ടിസിഎസിന്റെ സഹകരണത്തോടെ ഒരു ലക്ഷം സൈറ്റുകൾ സ്ഥാപിക്കുന്ന പ്രവർത്തിയിലാണ് കമ്പനി.
Content Highlights: BSNL adds new customers amidst profit