വാട്സ്ആപ്പ് പ്രമോഷണല്‍ മെസേജുകള്‍ കണ്ട് മടുത്തോ? പുതിയ അപ്‌ഡേറ്റുമായി മെറ്റ

ഈ മാറ്റങ്ങള്‍ ഉപയോക്താക്കള്‍ക്കും ബിസിനസുകള്‍ക്കും ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

വാട്സ്ആപ്പില്‍ വരുന്ന പ്രമോഷണല്‍ മെസേജുകള്‍ കണ്ട് മടുത്തിരിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്തയുമായി മെറ്റ. ബിസിനസുകള്‍ ഉപയോക്താക്കളുമായി ബന്ധപ്പെടുന്ന രീതി മെച്ചപ്പെടുത്തുന്നതിനായി വാട്സ്ആപ്പില്‍ അപ്‌ഡേറ്റ് വരുന്നു. ബിസിനസ് ചാറ്റുകള്‍ കൂടുതല്‍ പ്രസക്തവും ഉപയോക്തൃ സൗഹൃദവുമാക്കുകയാണ് അപ്‌ഡേറ്റിലൂടെ വാട്സ്ആപ്പ് ലക്ഷ്യമിടുന്നത്. സ്പാം മെസേജുകള്‍ കുറച്ച് ഉയര്‍ന്ന നിലവാരമുളളതും പേഴ്‌സണലൈസ്ഡുമായ മെസേജുകള്‍ അയയ്ക്കാന്‍ ബിസിനസുകളെ അത് പ്രേരിപ്പിക്കുന്നു. ഈ മാറ്റങ്ങള്‍ ഉപയോക്താക്കള്‍ക്കും ബിസിനസുകള്‍ക്കും ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

മെസേജ് ഓപ്റ്റ് ഇന്‍: ഉപയോക്താക്കള്‍ക്ക് ബിസിനസുകള്‍ തങ്ങളുമായി ബന്ധപ്പെടുന്നത് നിയന്ത്രിക്കാനാകും. വെബ്‌സൈറ്റുകള്‍, സ്റ്റോറുകളിലെ സൈന്‍ അപ്പുകള്‍, അല്ലെങ്കില്‍ വാട്സ്ആപ്പ് വഴി സന്ദേശങ്ങള്‍ സ്വീകരിക്കണോ വേണ്ടയോ എന്ന് ഉപയോക്താക്കള്‍ക്ക് തീരുമാനിക്കാം. ഇതുവഴി താല്‍പ്പര്യമുളള ഉപയോക്താക്കള്‍ക്കാണ് തങ്ങള്‍ സന്ദേശമയയ്ക്കുന്നതെന്ന് ബിസിനസുകള്‍ക്കും മനസിലാക്കാനാകും.

ബ്ലോക്കിംഗ് ആന്‍ഡ് റിപ്പോര്‍ട്ടിംഗ്: ബിസിനസ് അക്കൗണ്ടുകള്‍ ഏതൊക്കെയാണെന്ന് വാട്ട്‌സാപ്പ് വ്യക്തമാക്കി തരുന്നുണ്ട്. അതുകൊണ്ടുതന്നെ താല്‍പ്പര്യമില്ലാത്ത അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനും റിപ്പോര്‍ട്ട് ചെയ്യാനും ഉപയോക്താക്കള്‍ക്ക് കഴിയും. റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അതിനുളള കാരണവും ഉപയോക്താക്കള്‍ക്ക് പങ്കുവയ്ക്കാന്‍ കഴിയും.

മെസേജ് ഫീഡ്ബാക്ക്: പുതിയ അപ്‌ഡേറ്റില്‍ വാട്ട്‌സാപ്പില്‍ വരുന്ന ബിസിനസ് മെസേജുകള്‍ക്ക് താഴെ Interested, Not Interested ബട്ടനുകള്‍ ഉണ്ടാകും. താല്‍പ്പര്യമില്ലാത്ത ബിസിനസുകള്‍ക്ക് നോട്ട് ഇന്ററസ്റ്റഡ് കൊടുത്ത് ഒഴിവാക്കാം.

കസ്റ്റം ചാറ്റ് സെറ്റിംഗ്‌സ്: ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും മെസേജ് പെര്‍മിഷന്‍ ഓണ്‍ ആക്കാനും ഓഫ് ആക്കാനും കഴിയും. ഇത് അവര്‍ക്ക് ബിസിനസ് കമ്മ്യൂണിക്കേഷനുകളില്‍ പൂര്‍ണ നിയന്ത്രണം നല്‍കും.

ബിസിനസ് ബ്രോഡ്കാസ്റ്റ്: വാട്ട്‌സാപ്പ് ബിസിനസ് ആപ്പിലെ പുതിയ പെയ്ഡ് ഫീച്ചറാണിത്. അവരുടെ ടാര്‍ഗെറ്റെഡ് ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങളയയ്ക്കാന്‍ ബിസിനസുകളെ സഹായിക്കുന്നു. സ്പാം മെസേജുകള്‍ക്ക് പകരം യഥാര്‍ത്ഥ ആവശ്യക്കാരിലേക്ക് എത്താന്‍ ഈ ഫീച്ചര്‍ സഹായകരമായിരിക്കും.

മെസേജ് ലിമിറ്റ്: ഉപയോക്താക്കള്‍ക്ക് പരമാവധി സ്വീകരിക്കാന്‍ കഴിയുന്ന പ്രമോഷണല്‍ മെസേജുകളുടെ എണ്ണം വാട്ട്‌സാപ്പ് ഇപ്പോള്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇത് കമ്മ്യൂണിക്കേഷന്‍ അര്‍ത്ഥവത്തായതും ഉപയോഗപ്രദവുമായി തുടരാന്‍ സഹായിക്കുന്നു.

ടെംപ്ലേറ്റ് അപ്രൂവല്‍സ് ആന്‍ഡ് ക്വാളിറ്റി ചെക്ക്‌സ്: ബിസിനസുകള്‍ വാട്ട്‌സാപ്പിന്റെ പ്രീ അപ്രൂവ്ഡ് മെസേജ് ടെംപ്ലേറ്റുകള്‍ ഉപയോഗിക്കുകയും മെസേജ് അയയ്ക്കുന്നതിനുളള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം. ഗുണനിലവാരം വിലയിരുത്തുന്നതിനും ബിസിനസുകളെ അവരുടെ തന്ത്രങ്ങള്‍ പരിഷ്‌കരിക്കാന്‍ സഹായിക്കുന്നതിനുമായി മെറ്റ ഫീഡ്ബാക്കും റീഡ് റേറ്റ്‌സും നിരീക്ഷിക്കും.

പോളിസി എന്‍ഫോഴ്‌സ്‌മെന്റ്: വാട്ട്‌സാപ്പ് പോളിസികള്‍ ലംഘിക്കുന്ന ബിസിനസുകള്‍ക്ക് ക്രമേണ മെജേസ് അയക്കുന്നതില്‍ നിയന്ത്രണങ്ങളുണ്ടാകും. ആവര്‍ത്തിച്ച് പോളിസി ലംഘിച്ചാല്‍ പൂര്‍ണമായ നിരോധനം ഏര്‍പ്പെടുത്തും.

Content Highlights: Whatsapp new update for users and business on promotional messages

To advertise here,contact us