ചൈനയുടെ ഡീപ്സീക്കും ഓപ്പൺ സോഴ്സിന്റെ ചാറ്റ്ജിപിടിയും ഉയർത്തിയ വെല്ലുവിളി നേരിടുന്നതിനായി പുതിയ AI മോഡലുമായി ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ. Llama 4 എന്ന് പേരിട്ടിരിക്കുന്ന പുതിയ AI ചാറ്റബോട്ട് മെറ്റ സ്ഥാപകൻ മാർക്ക് സക്കർബർഗ് ആണ് പുറത്തുവിട്ടത്. ഡീപ്സീക്കിനും ചാറ്റ്ജിപിടിക്കും പുറമെ ഗൂഗിളിന്റെ ജെമനിക്കും വെല്ലുവിളിയാണ് പുതിയ Llama 4 എന്നാണ് ടെക് വിദഗ്ധരുടെ വിലയിരുത്തൽ.
മെറ്റയുടെ കീഴിലുള്ള ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയവയുടെ ഉപഭോക്താക്കൾക്കാണ് Llama-4 ഉപയോഗിക്കാൻ സാധിക്കും. Llama 4 സ്കൗട്ട്, Llama 4 മാവെറിക്ക് എന്നിങ്ങനെ രണ്ട് മോഡലുകളാണ് പുറത്തുവിട്ടിരിക്കുന്നത്. നിലവിൽ llama.com, Hugging Face എന്നിവയിൽ നിന്ന് മോഡലുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയും.
മെറ്റാ ഇന്നുവരെ വികസിപ്പിച്ചെടുത്തതിൽ വച്ച് ഏറ്റവും ശക്തമായ ഓപ്പൺ സോഴ്സ് AI മോഡലാണ് Llama-4. ഡെവലപ്പർമാർ, ബിസിനസുകൾ, സാധാരണ ഉപയോക്താക്കൾ എന്നിവർക്ക് പുതിയ AI മോഡൽ സഹായകരമാവും. സങ്കീർണ്ണമായ പ്രശ്നങ്ങൾ മികച്ച രീതിയിൽ പരിഹരിക്കാനും ചാറ്റ്ബോട്ടുകൾ വഴി കൂടുതൽ സ്വാഭാവികമായി ആശയവിനിമയം നടത്താനും പ്രാപ്തമാക്കുക എന്നതാണ് പുതിയ AI ടൂളിന്റെ ലക്ഷ്യമെന്ന് മെറ്റ പ്രസ്താവനയിൽ പറഞ്ഞു.
വാട്ട്സ്ആപ്പ്, മെസഞ്ചർ, ഇൻസ്റ്റാഗ്രാം ഡയറക്റ്റ്, മെറ്റാ.എഐ വെബ്സൈറ്റ് എന്നിവയിൽ ഇപ്പോൾ ആളുകൾക്ക് Llama-4. ഉപയോഗിച്ച് മെറ്റാ എഐ പരീക്ഷിക്കാം. Llama-4 ഒരു തുടക്കം മാത്രമാണെന്നാണ് മെറ്റ പറയുന്നത്. AI ഗവേഷണത്തിൽ മെറ്റ കൂടുതൽ നിക്ഷേപം നടത്തുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.
നിലവിൽ40 രാജ്യങ്ങളിൽ ലഭ്യമായ വാട്സാപ്പ്, ഇൻസ്റ്റാഗ്രാം, മെസഞ്ചർ എന്നിവയുൾപ്പെടെയുള്ള മെറ്റയുടെ പ്ലാറ്റ്ഫോമുകളിൽ Llama-4 ലഭിക്കുമെന്ന് മെറ്റ പറഞ്ഞു. Llama-4ന്റെ മൾട്ടി-മോഡൽ ഫീച്ചറുകൾ ഇംഗ്ലീഷിൽ മാത്രമാണ് ലഭ്യമാവുക. ആദ്യഘട്ടത്തിൽ യുഎസിലും പിന്നീട് മറ്റ് രാജ്യങ്ങളിലേക്കും Llama-4 AI സേവനങ്ങൾ ലഭ്യമാക്കും.
Content Highlights: Facebook launches new AI tool Llama 4 Meta answer to Deepseek and ChatGPT