ലോകത്തിലെ ഏറ്റവും വലിയ ചൈല്ഡ് അബ്യൂസ് നെറ്റ്വര്ക്ക് അടച്ചുപൂട്ടി പൊലീസ്. 35 രാജ്യങ്ങളിലായി പ്രവര്ത്തിക്കുന്ന കിഡ്ഫ്ളിക്സ് എന്ന പ്ലാറ്റ്ഫോമാണ് യൂറോപ്യന് യൂണിയന്റെ നിയമ നിര്വ്വഹണ ഏജന്സിയായ യൂറോപോള് അടച്ചുപൂട്ടിയത്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉളളടക്കം പങ്കുവയ്ക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്ലാറ്റ്ഫോമാണ് കിഡ്ഫ്ളിക്സ്. ഇതുമായി ബന്ധപ്പെട്ട് 79 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 2021-ല് സൃഷ്ടിച്ച പ്ലാറ്റ്ഫോമില് ഇതിനകം 91,000 വീഡിയോകള് പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നുവര്ഷത്തിനുളളില് കിഡ്ഫ്ളിക്സ് ലോകമെമ്പാടും 1.8 ദശലക്ഷം ഉപയോക്താക്കളെ നേടി.
2021-ലാണ് വളരെയധികം ലാഭമുണ്ടാക്കിയ കിഡ്ഫ്ളിക്സ് ആരംഭിച്ചത്. വളരെ പെട്ടെന്നുതന്നെ അത് പീഡോഫൈലുകളുടെ പ്രിയപ്പെട്ട പ്ലാറ്റ്ഫോമുകളിലൊന്നായി. വളരെ ചെറിയ കുഞ്ഞുങ്ങള്ക്കെതിരായ കുറ്റകൃത്യങ്ങള് മുതല് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതുള്പ്പെടെ ആയിരക്കണക്കിന് വീഡിയോകള്ക്കാണ് ഈ ഡാര്ക്ക് വെബ് സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആക്സസ് നല്കിയത്. ആഗോളതലത്തില് 1400 പേര് ഇതുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലാണ്. അറസ്റ്റിലായ 79 പേരില് ചിലര് വീഡിയോകള് അപ് ലോഡ് ചെയ്യുകയും കാണുകയും മാത്രമല്ല, കുട്ടികളെ ദുരുപയോഗം ചെയ്യുകയും ചെയ്തിട്ടുണ്ട്. 39 കുട്ടികളെ ഈ ഓപ്പറേഷന് വഴി രക്ഷിക്കാനായെന്നും യൂറോപോള് പറയുന്നു. സംഭവത്തില് അന്വേഷണം പുരോഗമിക്കുകയാണ്.
യൂറോപോള് പറയുന്നതനുസരിച്ച്, കിഡ്ഫ്ളിക്സ് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉളളടക്കം ഡൗണ്ലോഡ് ചെയ്യാന് മാത്രമല്ല, വീഡിയോകള് സ്ട്രീം ചെയ്യാനും അനുവദിക്കുന്നുണ്ട്. ക്രിപ്റ്റോ കറന്സി ഉപയോഗിച്ചാണ് ഉപയോക്താക്കള് പെയ്മെന്റുകള് നടത്തുന്നത്. ഇവ പിന്നീട് ടോക്കണുകളാക്കി മാറ്റും. വീഡിയോകള് അപ്ലോഡ് ചെയ്തും തലക്കെട്ടുകളും വിവരണങ്ങളും പരിശോധിച്ചും വീഡിയോകള്ക്ക് കാറ്റഗറികള് നല്കിയും ഉപയോക്താക്കള്ക്ക് ടോക്കണുകള് നേടാനാകും.
ഓപ്പറേഷന് സ്ട്രീം എന്ന പേരില് അറിയപ്പെടുന്ന കിഡ്ഫ്ളിക്സിനെതിരായ നടപടി, സമീപവര്ഷങ്ങളില് ചൈല്ഡ് പോര്ണോഗ്രാഫിക്കെതിരെ നടന്ന ഏറ്റവും വലിയ നടപടിയാണെന്ന് ബവേറിയന് ക്രിമിനല് പൊലീസ് ഡെപ്യൂട്ടി ഹെഡ് ഗൈഡോ ലിമ്മര് വാര്ത്താ ഏജന്സിയായ എഎഫ്പിയോട് പറഞ്ഞു. അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളില് ഭൂരിഭാഗവും ഇരുപതിനും നാല്പ്പതിനും ഇടയില് പ്രായമുളളവരാണ്. അറസ്റ്റിലായവരില് ഏറ്റവും പ്രായം കുറഞ്ഞയാളുടെ പ്രായം 19 ആണ്. പ്രായം കൂടിയ ആള്ക്ക് 70 വയസിലധികമുണ്ട്. ഇവരില് പലരും വര്ഷങ്ങളായി ഡാര്ക്ക് നെറ്റില് സജീവമാണ്.
Content Highlights: Largest child abuse platform in dark web kidflix shut down by europol