സാംസങ് ആരാധകർക്ക് ഇരട്ടിമധുരമായി പുതിയ ഫോണും ടാബ്ലെറ്റും വിപണിയിൽ എത്തി. സാംസങ് ഗാലക്സി എക്സ്കവർ 7 പ്രോ, ഗാലക്സി ടാബ് ആക്റ്റീവ് 5 പ്രോ എന്നിവയാണ് വിപണിയിൽ എത്തിയത്. 5G കണക്റ്റിവിറ്റി, നവീകരിച്ച പ്രോസസർ എന്നിവ ഇരു പ്രൊഡക്ടുകളുടെയും സവിശേഷതയാണ്.
സ്നാപ്ഡ്രാഗൺ 7s ജെൻ 3 മൊബൈൽ പ്ലാറ്റ്ഫോം (4nm ഒക്ട-കോർ) ചിപ്സെറ്റ് ആണ് ഗാലക്സി എക്സ്കവർ7 പ്രോ ഫോണിലും ടാബ് ആക്റ്റീവ് 5 പ്രോയിലും നൽകിയിരിക്കുന്നത്. ഇരു പ്രോഡക്ടുകളും ആൻഡ്രോയിഡ് 15 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുക.
ഗാലക്സി എക്സ് കവർ 7 പ്രോയിൽ 6 ജിബി റാം, 128 ജിബി സ്റ്റോറേജുമാണ് നൽകിയിരിക്കുന്നത്. ഇത് മൈക്രോ എസ്ഡി ഉപയോഗിച്ച് 2 ടിബി വരെ കൂട്ടാനും സാധിക്കും. ഗാലക്സി ടാബ് ആക്റ്റീവ് 5 പ്രോയിൽ 6 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 256 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് ഓപ്ഷനുകൾ ഉണ്ട്. മൈക്രോ എസ്ഡി ഉപയോഗിച്ച് 2 ടിബി വരെ സ്റ്റോറേജ് ടാബിനും വർധിപ്പിക്കാം.
സർക്കിൾ ടു സെർച്ച്, ഒബ്ജക്റ്റ് ഇറേസർ, AI സെലക്ട്, തുടങ്ങി നിരവധി ഇൻബിൽറ്റ് എഐ സംവിധാനങ്ങൾ ഇരു പ്രോഡക്ടിനും സാംസങ് നൽകിയിട്ടുണ്ട്. 50MP പ്രൈമറി റിയർ ക്യാമറയും 8MP അൾട്രാവൈഡും 13MP ഫ്രണ്ട് ക്യാമറ സെൻസറുമാണ് ഗാലക്സി എക്സ്കവർ 7 പ്രോ ഫോണിന് നൽകിയിരിക്കുന്നത്. ടാബ് ആക്റ്റീവ് 5 പ്രോയിൽ LED ഫ്ലാഷോടുകൂടിയ 12MP വൈഡ് ആംഗിൾ റിയർ ക്യാമറയും 8MP ഫ്രണ്ട് ക്യാമറയുമാണ് ഉള്ളത്.
സ്ക്രീൻ പ്രൊട്ടക്ഷനായി ടാബിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്.. 4350 mAh ബാറ്ററിയാണ് ഫോണിന് നൽകിയിരിക്കുന്നത്. ടാബിൽ 10,100 mAh ബാറ്ററിയും നൽകുന്നുണ്ട്. ടാബ് ആക്റ്റീവ്5 പ്രോയ്ക്ക് ഡ്യുവൽ ഹോട്ട്-സ്വാപ്പ് ബാറ്ററിയാണ് ഉള്ളത്. POGO ചാർജിംഗ് ഇന്റർഫേസുകൾ ആണ് ഇരു പ്രോഡക്ടുകൾക്കും ഉള്ളത്.
ഗാലക്സി എക്സ്കവർ7 പ്രോയും ഗാലക്സി ടാബ് ആക്റ്റീവ് 5 പ്രോയും ആന്റി-ഫീഡ്ബാക്ക് നോയ്സ് റിഡക്ഷൻ സംവിധാനത്തോടെയാണ് എത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഡ്യുവൽ സിം സപ്പോർട്ടോടെയാണ് ടാബ് ആക്റ്റീവ്5 പ്രോ എത്തുന്നത്. ഇരു പ്രോഡക്ടുകളും Samsung DeX സപ്പോർട്ട് ചെയ്യുന്നതാണ്.
നിലവിൽ യുറോപ്യൻ യൂണിയനിൽ മാത്രമാണ് ഫോണും ടാബും ലോഞ്ച് ചെയ്തിരിക്കുന്നത്. മേയ് 8 മുതൽ യുഎസിലും മറ്റ് രാജ്യങ്ങളിലും ഫോണും ടാബും വിപണിയിൽ എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സാംസങ് ഗാലക്സി എക്സ്കവർ7 പ്രോയ്ക്ക് യൂറോപ്പിൽ 609 യൂറോ (ഏകദേശം 59,290 രൂപ) ആയിരിക്കും വില. ഗാലക്സി ടാബ് ആക്റ്റീവ് 5 പ്രോയ്ക്ക് ഏകദേശം 80,000 രൂപയുമായിരിക്കും വില.Content Highlights : Samsung Galaxy X Cover 7 Pro Galaxy Tab Active 5 Pro Launched