ആപ്പിളിന്റെ ഫോൾഡബിൾ ഫോൺ റിലീസ് ചെയ്യാന് ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് റിപ്പോർട്ട്. നേരത്തെ 2025 ൽ തന്നെ ഫോൺ വിപണിയിൽ എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും 2026 ന്റെ രണ്ടാം പകുതിയിൽ മാത്രമായിരിക്കും ഫോൺ റിലീസ് ചെയ്യുകയെന്നാണ് പുതിയ റിപ്പോർട്ട്.
നിലവിൽ വിപണിയിൽ ഉള്ള ഓപ്പോ, സാംസങ്, വൺപ്ലസ്, ഹുവാവേ, വിവോ, ഹോണർ എന്നിവയുടെ ഫോൾഡബിൾ ഫോണുകളോട് മത്സരിക്കാനാണ് ആപ്പിൾ പുതിയ ഫോൺ പുറത്തിറക്കുന്നത്. സാംസങ് ആണ് ആപ്പിളിന് മടക്കാവുന്ന തരത്തിലുള്ള OLED പാനൽ ഡിസ്പ്ലെ നൽകുക.
മടക്കാവുന്ന ഐഫോണിന് 5.5 ഇഞ്ച് കവർ ഡിസ്പ്ലേയും 7.8 ഇഞ്ച് ഇന്റേണൽ സ്ക്രീനും ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്. 2025 അവസാനമോ 2026 ന്റെ തുടക്കമോ സാംസങ് ഈ OLED സ്ക്രീനുകൾ നിർമ്മിക്കാൻ തുടങ്ങും. അടുത്ത വർഷം അവസാനത്തോടെ ആപ്പിൾ മടക്കാവുന്ന ഹാൻഡ്സെറ്റ് പുറത്തിറക്കുമെന്നാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ട്.
നേരത്തെ പദ്ധതിയിട്ടതിനേക്കാളും 6 ദശലക്ഷം കൂടുതൽ യൂണിറ്റ് ഐഫോണുകൾ ആപ്പിൾ നിർമിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഐഫോൺ 16 പ്രോ മാക്സ് മോഡലിനേക്കാൾ കൂടുതലായിരിക്കും ഐഫോൺ ഫോൾഡബിളിന്റെ വിലയെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ വിപണിയിൽ 1,97,000 രൂപയായിരിക്കാം വിലയെന്നും റിപ്പോർട്ടുകൾ ഉണ്ട്.
Content Highlights: Apple foldable phone to be released next year, Samsung to manufacture the screen