ആപ്പിൾ ഐഫോണിനെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന നാടാണ് നമ്മുടേത്. എപ്പോഴെല്ലാം പുതിയ ഐഫോൺ ലോഞ്ച് ചെയ്യപ്പെട്ടിട്ടുണ്ടോ അപ്പോഴെല്ലാം വലിയ തിരക്കാണ് സ്റ്റോറുകൾക്ക് മുൻപിൽ ഉണ്ടായിട്ടുള്ളത്. നീണ്ട വരികളും, കാലത്ത് മുതൽക്കെയുള്ള കാത്തുനില്പും എല്ലാമായി വലിയ വരവേൽപ്പാകും ഐഫോണിന് രാജ്യമെമ്പാടും ഉണ്ടാകുക. ഈ സ്വീകരണം വിൽപ്പനയിലും കാണാറുണ്ട്. എപ്പോഴും ഐഫോൺ മികച്ച വിൽപ്പനയാണ് ഇന്ത്യയിൽ രേഖപ്പെടുത്താറുള്ളത്.
ഇപ്പോളിതാ ഈ കൊല്ലത്തിലെ ആദ്യ പാദത്തിലും വലിയ വിൽപ്പനയാണ് ഐഫോൺ ഉണ്ടാക്കിയിരിക്കുന്നത്. മൂന്ന് മില്യൺ യൂണിറ്റുകളാണ് ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യപ്പെട്ടത്. ഇവയെല്ലാം വിറ്റുപോയാൽ വലിയൊരു റെക്കോർഡ് നേട്ടമാകുമത്. 2024 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള പാദത്തിൽ 2.21 മില്യൺ ഐഫോണുകളാണ് വിറ്റുപോയത് എന്നിടത്താണ് കഴിഞ്ഞ പാദത്തിൽ അവ വർധിച്ചിരിക്കുന്നത്.
അതേസമയം, ആപ്പിളിന്റെ ഫോൾഡബിൾ ഫോൺ റിലീസ് ചെയ്യാൻ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് റിപ്പോർട്ട്. നേരത്തെ 2025 ൽ തന്നെ ഫോൺ വിപണിയിൽ എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും 2026 ന്റെ രണ്ടാം പകുതിയിൽ മാത്രമായിരിക്കും ഫോൺ ലോഞ്ച് ചെയ്യുകയെന്നാണ് പുതിയ റിപ്പോർട്ട്.
നിലവിൽ വിപണിയിൽ ഉള്ള ഓപ്പോ, സാംസങ്, വൺപ്ലസ്, ഹുവാവേ, വിവോ, ഹോണർ എന്നിവയുടെ ഫോൾഡബിൾ ഫോണുകളോട് മത്സരിക്കാനാണ് ആപ്പിൾ പുതിയ ഫോൺ പുറത്തിറക്കുന്നത്. സാംസങ് ആണ് ആപ്പിളിന് മടക്കാവുന്ന തരത്തിലുള്ള OLED പാനൽ ഡിസ്പ്ലെ നൽകുക.
മടക്കാവുന്ന ഐഫോണിന് 5.5 ഇഞ്ച് കവർ ഡിസ്പ്ലേയും 7.8 ഇഞ്ച് ഇന്റേണൽ സ്ക്രീനും ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്. 2025 അവസാനമോ 2026 ന്റെ തുടക്കമോ സാംസങ് ഈ OLED സ്ക്രീനുകൾ നിർമ്മിക്കാൻ തുടങ്ങും. അടുത്ത വർഷം അവസാനത്തോടെ ആപ്പിൾ മടക്കാവുന്ന ഹാൻഡ്സെറ്റ് പുറത്തിറക്കുമെന്നാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ട്.
നേരത്തെ പദ്ധതിയിട്ടതിനേക്കാളും 6 ദശലക്ഷം കൂടുതൽ യൂണിറ്റ് ഐഫോണുകൾ ആപ്പിൾ നിർമിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഐഫോൺ 16 പ്രോ മാക്സ് മോഡലിനേക്കാൾ കൂടുതലായിരിക്കും ഐഫോൺ ഫോൾഡബിളിന്റെ വിലയെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ വിപണിയിൽ 1,97,000 രൂപയായിരിക്കാം വിലയെന്നും റിപ്പോർട്ടുകൾ ഉണ്ട്.
Content Highlights: First quarter sales of iphone to create new record