പിഎഫ് വൈകാതെ എടിഎമ്മിലൂടെ പിന്‍വലിക്കാം; ഡിജിറ്റല്‍ ഫസ്റ്റാകാന്‍ ഇപിഎഫ്ഒയും

ഓട്ടോക്ലെയിം സെറ്റില്‍മെന്റ്, ഡിജിറ്റല്‍ തിരുത്തലുകള്‍, എടിഎമ്മിലൂടെ പണം പിന്‍വലിക്കുക തുടങ്ങിയ സേവനങ്ങള്‍ ഇതോടെ ലഭ്യമാകും

പുത്തന്‍ ഡിജിറ്റല്‍ പരിഷ്‌കരണവുമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) വരിക്കാര്‍ക്ക് ഉടന്‍ തന്നെ എടിഎമ്മുകളില്‍ നിന്ന് നേരിട്ട് പിഎഫ് സമ്പാദ്യം പിന്‍വലിക്കാന്‍ സാധിക്കും. അപ്‌ഗ്രേഡ് ചെയ്യുന്ന ഇപിഎഫ്ഒ വെര്‍ഷന്‍ 3.0, 2025 മെയ് ജൂണ്‍ മാസങ്ങളിലായി പുറത്തിറക്കുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാളവ്യ പറഞ്ഞു.

ഓട്ടോക്ലെയിം സെറ്റില്‍മെന്റ്, ഡിജിറ്റല്‍ തിരുത്തലുകള്‍, എടിഎമ്മിലൂടെ പണം പിന്‍വലിക്കുക തുടങ്ങിയ സേവനങ്ങള്‍ ഇതോടെ ലഭ്യമാകും. ഇപിഎഫ്ഒയെ കൂടുതല്‍ കാര്യക്ഷമമാക്കുക, എല്ലാവര്‍ക്കും എളുപ്പത്തില്‍ സമീപിക്കാനാവുന്നതാക്കി മാറ്റുക എന്നതാണ് പരിഷ്‌കരണത്തിന് പിന്നുള്ള ലക്ഷ്യം.

തങ്ങളുടെ ഇപിഎഫ് തുകയിലേക്ക് വരിക്കാര്‍ക്ക് നേരിട്ട് ആക്‌സസ് ലഭിക്കുന്ന രീതിയിലാണ് പുതിയ മാറ്റം. നിലവില്‍ തുക പിന്‍വലിക്കണമെങ്കില്‍ അപേക്ഷ നല്‍കി കാത്തിരിക്കേണ്ടതുണ്ടായിരുന്നു. വേര്‍ഷന്‍ 3.0 വരുന്നതോടെ ക്ലെയ്മുകള്‍ക്ക് ഓട്ടോ സെറ്റില്‍മെന്റ് നടപ്പാക്കാനാകും. ഇത് കാലതാമസവും പേപ്പര്‍വര്‍ക്കുകളും നേരിട്ട് ഓഫീസിലെത്തേണ്ട ആവശ്യകതയും കുറയ്ക്കും.

ഒന്‍പത് കോടി ഇപിഎഫ്ഒ ഗുണഭോക്താക്കള്‍ക്കാണ് ഇത് ഗുണം ചെയ്യുക. ഒടിപി ഒതെന്റികേഷന്‍ വഴി ഇപിഎഫ് അക്കൗണ്ടുകള്‍ അപ്‌ഡേറ്റ് ചെയ്യുകയും, നിരീക്ഷിക്കുകയും, പണം പിന്‍വലിക്കുകയുമെല്ലാം ചെയ്യാനാകും. വേഗത്തില്‍ നടക്കുന്ന നടപടിക്രമങ്ങള്‍ ആയതിനാല്‍ തന്നെ കാലതാമസമില്ലാതെ പണം വരിക്കാരുടെ അക്കൗണ്ടുകളിലെത്തുകയും ചെയ്യും. ഇതിനുപുറമേ, ഇപിഎഫ്ഒ പെന്‍ഷന്‍കാര്‍ക്ക് തങ്ങളുടെ പ്രതിമാസ പെന്‍ഷന്‍ തുക ഇന്ത്യയിലെ ഏത് ബാങ്ക് അക്കൗണ്ടില്‍ ലഭിക്കുകയും ചെയ്യും. 78 ലക്ഷം പെന്‍ഷന്‍കാര്‍ക്കാണ് ഇത് ഉപകാരപ്പെടുക.

Content Highlights: PF Withdrawal via ATM Soon: Minister Reveals EPFO 3.0 Timeline

To advertise here,contact us