4K സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ സെക്കന്‍ഡുകള്‍; ലോകത്ത് ആദ്യമായി 10G പരീക്ഷിച്ച് ചൈന

യുഎഇ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലെ നിലവിലെ വാണിജ്യ ബ്രോഡ്ബാന്‍ഡ് വേഗതയെ മറികടന്നാണ് ചൈനയുടെ കുതിപ്പ്.

ടെക് ലോകത്ത് വിപ്ലവകരമായ മറ്റൊരു നീക്കമാണ് ചൈനയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ലോകത്താദ്യമായി 10-ജിഗാബൈറ്റ്(10G) നെറ്റ്‌വര്‍ക്കിന്റെ പരീക്ഷണമാണ് ചൈന നടത്തിയത്. ഹെബെയ് പ്രവിശ്യയിലെ സുനാന്‍ കൗണ്ടിയിലാണ് 10ജി ബ്രോഡ്ബാന്‍ഡ് നെറ്റ്‌വര്‍ക്ക് ആരംഭിച്ചിരിക്കുന്നത്.

ടെലികമ്മ്യൂണിക്കേഷന്‍ ഭീമനായ ഹുവാവേയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓപ്പറേറ്റര്‍ ചൈന യൂണികോമും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സെക്കന്‍ഡില്‍ 10 ജിഗാബൈറ്റ് ആണ് വേഗത. അപ്ലോഡ് വേഗത ഏകദേശം 1,008 Mbps, നെറ്റ്വര്‍ക്ക് ലേറ്റന്‍സി 3 മില്ലിസെക്കന്‍ഡ് വരെ ലക്ഷ്യമിടുന്നു.

നിലവിലുള്ള ഫൈബര്‍-ഒപ്റ്റിക് ഇന്‍ഫ്രാസ്ട്രക്ചറിനെ അപേക്ഷിച്ച് ഡാറ്റാ ട്രാന്‍സ്മിഷന്‍ ശേഷി വര്‍ധിപ്പിക്കുന്ന അടുത്ത തലമുറ 50G പാസീവ് ഒപ്റ്റിക്കല്‍ നെറ്റ്വര്‍ക്ക് (PON) സാങ്കേതികവിദ്യയാണ് ഈ അള്‍ട്രാ-ഫാസ്റ്റ് നെറ്റ്‌വര്‍ക്കിനായി ഉപയോഗിക്കുന്നത്. സെക്കന്‍ഡില്‍ 50 ജിഗാബൈറ്റ് വരെ വേഗം ആര്‍ജിക്കാനാകുന്ന സാങ്കേതികവിദ്യയാണിത്.

ക്ലൗഡ് കമ്പ്യൂട്ടിംഗ്, വെര്‍ച്വല്‍, ഓഗ്മെന്റഡ് റിയാലിറ്റി, 8K വീഡിയോ സ്ട്രീമിംഗ് തുടങ്ങിയവയാണ് എന്നിവയാണ് ഈ സാങ്കേതികവിദ്യയുടെ ഉയര്‍ന്ന ബാന്‍ഡ്വിഡ്ത്ത് ഉപയോഗങ്ങള്‍. ഉദാഹരണത്തിന് ഒരു മുഴുനീള 4 കെ സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ 1 Gbps കണക്ഷനില്‍ 7-10 മിനിറ്റ് എടുക്കുമെങ്കില്‍, പുതിയ 10G ബ്രോഡ്ബാന്‍ഡ് ഉപയോഗിച്ച് അതേ 4കെ ഫിലിം സെക്കന്‍ഡുകള്‍ കൊണ്ട് ഡൗണ്‍ലോഡ് ചെയ്യാനാകും. യുഎഇ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലെ നിലവിലെ വാണിജ്യ ബ്രോഡ്ബാന്‍ഡ് വേഗതയെ മറികടന്നാണ് ചൈനയുടെ കുതിപ്പ്.

Content Highlights: China launches world's first 10G broadband network

To advertise here,contact us