ടെലികോം സർവീസ് മേഖലയിലേക്ക് പ്രവർത്തനം വ്യാപിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി അദാനി ഗ്രൂപ്പ്. മൂന്ന് വർഷം മുമ്പ് 212 കോടി രൂപ ചെലവിട്ട് സ്വന്തമാക്കിയ 5 ജി സ്പെക്ട്രം എയർടെൽ കമ്പനിക്ക് കൈമാറ്റം ചെയ്യുകയായിരുന്നു. സുനിൽ മിത്തലിന്റെ ഭാരതി എയർടെലും ഉപകമ്പനിയായ ഭാരതി ഹെക്സാകോമും ചേർന്നാണ് അദാനിയിൽ നിന്ന് പുതിയ സ്പെക്ട്രം ഏറ്റെടുത്തത്.
അദാനി ഡാറ്റ നെറ്റ് വർക്ക്സിന്റെ പേരിൽ 2022 ജൂലൈയിൽ നടന്ന ലേലത്തിലായിരുന്നു 26 Ghz ബാൻഡിലുള്ള 400 Mhz സ്പെക്ട്രം 212 കോടി രൂപയ്ക്ക് വാങ്ങിയത്. ഗുജറാത്തിലും മുംബൈയിലും 100 Mhz വീതവും തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ 50 Mhz വീതവുമായിരുന്നു കമ്പനി സ്വന്തമാക്കിയത്. ടെലികോം ഭീമനായ ജിയോയ്ക്ക് വെല്ലുവിളിയായി പോലും അദാനിയുടെ വരവിനെ വിദഗ്ധർ വിലയിരുത്തിയിരുന്നു.
വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ തുടങ്ങിയ ഒന്നിലധികം ബിസിനസുകൾ നടത്തുന്ന അദാനി ഗ്രൂപ്പിന്റെ സ്വകാര്യ നെറ്റ്വർക്ക് പ്രവർത്തനങ്ങൾക്ക് വേണ്ടിയായിരുന്നു ഗ്രൂപ്പ് സ്പെക്ട്രം സ്വന്തമാക്കിയതെന്ന് അന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, തുടങ്ങിയ സ്ഥാപനങ്ങളാണ് അന്ന് ലേലത്തിൽ പങ്കെടുത്ത മറ്റ് കമ്പനികൾ.
2022 ൽ സ്പെക്ട്രം സ്വന്തമാക്കിയ കമ്പനികൾക്കുള്ള ഏറ്റവും കുറഞ്ഞ റോൾഔട്ട് ബാധ്യതകൾ അനുസരിച്ച്, 26 GHz ഫ്രീക്വൻസി ബാൻഡിൽ എയർവേവുകൾ വാങ്ങിയവർ ഒരു വർഷത്തിനുള്ളിൽ സേവന മേഖലയിലെവിടെയെങ്കിലും വാണിജ്യ സേവനങ്ങൾ ആരംഭിക്കേണ്ടതുണ്ട്. ഇങ്ങനെ ചെയ്തില്ലെങ്കിൽ ആദ്യത്തെ 13 ആഴ്ചത്തേക്ക് ആഴ്ചയിൽ ഒരു ലക്ഷം രൂപയും, തുടർന്നുള്ള 13 ആഴ്ചത്തേക്ക് ആഴ്ചയിൽ രണ്ട് ലക്ഷം രൂപയും പിഴ ഈടാക്കും. പിഴ ചുമത്തുന്നതിന് മുമ്പ് ബന്ധപ്പെട്ട ടെൽകോകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്ന് വ്യവസ്ഥകളിൽ പറയുന്നത്.
ഇതിനിടെ കഴിഞ്ഞ വർഷം മുതൽ ഇതുവരെ 5G സ്പെക്ട്രം ഉപയോഗിക്കാത്തതിന് അദാനി ഡാറ്റ നെറ്റ്വർക്കുകൾക്ക് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് പിഴ ചുമത്തിയിരുന്നു. കണക്റ്റിവിറ്റി സേവനങ്ങൾ ആരംഭിക്കുന്നതിലെ കാലതാമസത്തെക്കുറിച്ച് വകുപ്പ് കമ്പനിക്ക് ഒന്നിലധികം കാരണം കാണിക്കൽ നോട്ടീസുകൾ അയക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എയർടെലിന് സ്പെക്ട്രം വിൽക്കാൻ അദാനി ഗ്രൂപ്പ് തീരുമാനിച്ചത്.Content Highlights: Airtel-Adani 5G spectrum deal