കേരളത്തിലെ ബിപിഎല് കുടുംബങ്ങള്ക്ക് സൗജന്യമായി അതിവേഗ ഇന്റര്നെറ്റ് സേവനം ലഭ്യമാക്കുന്ന കെ ഫോണ് പദ്ധതിയുടെ ഡാറ്റാ ലിമിറ്റില് വര്ധനവ്. 20 എംബിപിഎസ് വേഗതയില് ഓരോ ദിവസവും 1.5 ജിബി വീതമായിരുന്ന ഇന്റര്നെറ്റ് ഡാറ്റാ ലിമിറ്റ് 20 എംബിപിഎസ് വേഗതയില് ഒരു മാസത്തേക്ക് 1000 ജിബിയാക്കിയാണ് ഉയര്ത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ആകെ 8099 ബിപിഎല് കണക്ഷനുകളാണ് കെ ഫോണ് ഇതുവരെ സൗജന്യമായി നല്കിയിരിക്കുന്നത്. ഇന്റര്നെറ്റ് ലഭ്യമാകാന് ബുദ്ധിമുട്ടുള്ള ആദിവാസി മേഖലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലുമുള്പ്പടെ കെ ഫോണ് സൗജന്യമായി നല്കിയിട്ടുണ്ട്.
ബിപിഎല് വിഭാഗത്തിലുള്ളവര്ക്ക് കെ ഫോണ് കണക്ഷന് ലഭിക്കാനായി https://selfcare.kfon.co.in/ewsenq.php എന്ന ലിങ്കില് ക്ലിക്ക് ചെയ്ത് അപേക്ഷകന്റെ വിവരങ്ങളും ആവശ്യമായ രേഖകളും നല്കിക്കൊണ്ട് കണക്ഷനായി അപേക്ഷിക്കാവുന്നതാണ്. റേഷന്കാര്ഡ് ഉടമയുടെ പേരിലാണ് കണക്ഷന് എടുക്കേണ്ടത്.
കണക്ഷന് ആവശ്യമുളള സ്ഥലം കൃത്യമായി മാപ്പില് മാര്ക്ക് ചെയ്യാനുള്ള സൗകര്യവും നല്കിയിട്ടുണ്ട്. കൂടാതെ 90616 04466 എന്ന വാട്ട്സാപ്പ് നമ്പറിലേക്ക് 'KFON BPL' എന്ന് ടൈപ്പ് ചെയ്ത് അയച്ചാല് തുടര്നടപടികള് വാട്ട്സ്ആപ്പിലൂടെയും ലഭ്യമാകും. അപേക്ഷകള് ഓണ്ലൈനില് കൂടി മാത്രമേ സ്വീകരിക്കുകയുള്ളൂ. അപേക്ഷകരുടെ വിവരങ്ങളിലുണ്ടായ അപൂര്ണത കൊണ്ട് നേരത്തെ കണക്ഷന് നല്ഡകാന് സാധിക്കാതിരുന്ന ബിപിഎല് കുടുംബങ്ങളിലുള്ളവര്ക്കും ഓണ്ലൈനായി അപേക്ഷിക്കാവുന്നതാണ്. ഇന്റര്നെറ്റിന്റെ പരിധിയില് നിന്ന് ആരും മാറ്റിനിര്ത്തപ്പെടരുതെന്ന സംസ്ഥാന സര്ക്കാരിന്റെ ലക്ഷ്യം പൂര്ത്തീകരിക്കാനാണ് കെ ഫോണ് പദ്ധതിയിലൂടെ ശ്രമിക്കുന്നത്.
കേരള ഫൈബര് ഒപ്റ്റിക്കല് നെറ്റ്വര്ക്ക് അല്ലെങ്കില് കെ-ഫോണ് ആരംഭിച്ചത് 2023 ജൂണ് 23നാണ്. പിന്നെയും ഒരു വര്ഷം കഴിഞ്ഞ് 2024 ഫെബ്രുവരിയിലാണ് വാണിജ്യ കണക്ഷനുകള് നല്കിത്തുടങ്ങിയത്.
Content Highlights :Increase in free K-phone internet connection data limit