ചന്ദ്രകാന്തത്തിലെ രാജശിൽപി; എസ് കെ പൊറ്റെക്കാട്ട് വിടവാങ്ങിയിട്ട് 41 വർഷം

എസ് കെ എന്ന രണ്ടക്ഷരം ചേർന്നു നിൽക്കുന്നത് എഴുത്തിലാണ്
ചന്ദ്രകാന്തത്തിലെ രാജശിൽപി; എസ് കെ പൊറ്റെക്കാട്ട് വിടവാങ്ങിയിട്ട് 41 വർഷം
Updated on

എസ് കെ പൊറ്റെക്കാട്ട്, ശങ്കരൻകുട്ടി പൊറ്റെക്കാട്ട്- ഒരു പേരിനപ്പുറത്തേക്ക്, ജനന മരണക്കണക്കുകൾക്ക് അപ്പുറത്തേക്ക് പടർന്ന മഹാപ്രതിഭ. കഥാകൃത്ത്‌, തിരക്കഥാകൃത്ത്‌, സ്വാതന്ത്ര്യ സമരക്കരുത്ത്‌, എന്നതിനെല്ലാമപ്പുറം വിഖ്യാതനായ സഞ്ചാര സാഹിത്യകാരൻ. അനശ്വര കഥാകാരൻ യാത്രയായിട്ട്​ ഇന്നേക്ക് 41 വർഷം തികയുന്നു.

കോഴിക്കോട്ടെ മിഠായിത്തെരുവ് ലോകമലയാളികൾക്ക് പരിചിതമായത് ഒരു തെരുവിന്റെ കഥയിലൂടെയാണ്. അവിടുത്തെ കടകളും വഴികളും ആളുകളും മുതലക്കുളവും അലക്കുകാരും ചായക്കടയുമെല്ലാം ഇന്നും സുഖമുള്ളൊരോർമ്മയാണ്. നാടും നഗരവും മാറിയപ്പോൾ മിഠായിത്തെരുവും മാറിയിട്ടുണ്ട്. പക്ഷേ അക്ഷരങ്ങളിലൂടെ എസ് കെ വരിച്ചിട്ട ആ തെരുവ് ഇന്നും ഓർമകളിൽ മായാതിരിപ്പുണ്ട്.

ആ തെരുവിന്റെ ഇങ്ങേയറ്റത്ത് ചായക്കടയിൽ കുതിര ബിരിയാണിയുണ്ട്. ചൂടുള്ള ചായ ഇടവേളകളിട്ട് കുടിക്കുമ്പോൾ അങ്ങകലെ അലക്കുകല്ലിൽ ആഞ്ഞടിക്കുന്ന ശബ്ദം കേൾക്കാം. എസ് കെ ഇല്ലാതെ മിഠായിത്തെരുവില്ല. ആ തിരിച്ചറിവിലാണ് ഇന്നും ആ തെരുവിന്റെ കാവലാളായി എസ് കെ നിലകൊള്ളുന്നത്. സത്യത്തിൽ എസ് കെ എഴുത്തുകാരനായിരുന്നോ അതോ യാത്രികനോ? സഞ്ചാരിയായ എഴുത്തുകാരൻ. വെറും സഞ്ചാരിയല്ല വിശ്വസഞ്ചാരി. ലോകത്തിന്റെ ഓരോ കോണിലും അദ്ദേഹം കണ്ട കാഴ്ചകൾ അക്ഷരങ്ങളിലൂടെ മലയാളികളുടെ മനസ്സിലേക്കെത്തിച്ചു. യാത്രാ സൗകര്യങ്ങൾ നന്നേ പരിമിതമായ കാലത്ത് ലോകം ചുറ്റാൻ തയ്യാറായ ഒരാൾ ഓരോ യാത്രയും ഡയറിക്കുറിപ്പ് പോലെ വായനക്കാരിലേക്കെത്തിച്ചു.

നാൽപതുകളുടെ തുടക്കത്തിൽ തുടങ്ങിയ യാത്ര കാല ദേശാന്തരങ്ങൾ കടന്ന് തലമുറകളിലൂടെ നമ്മളിലേക്കെത്തി. നൈൽ ഡയറിയും ആഫ്രിക്കൻ ഡയറിയും പരിചിതമായതുപോലെത്തന്നെ കശ്മീരും ബോംബെയും ഹിമാലയവുമെല്ലാം നമ്മളറിഞ്ഞു. പുള്ളിക്കുപ്പായമിട്ട് പൊയ്ക്കാലിൽ നടക്കുന്ന ദീർഘസ്കന്ധനായ ഒട്ടകപ്പുലി, മുക്രയിട്ടു മണ്ടുന്ന കാണ്ടാമൃഗം, നീല വില്ലീസിന്റെ നിതംബകുഞ്ചം ധരിച്ച് ഫ്രഞ്ച് നർത്തകികളെ പോലെ തുടകാണിച്ച് നൃത്തം ചവിട്ടുന്ന ഒട്ടകപക്ഷികൾ. ഈ വിവരണങ്ങളെല്ലാം നൈൽ ഡയറിയിൽ അദ്ദേഹം കുറിച്ചിട്ടതാണ്.

അല്ലയോ സീബ്രേ വെള്ളയായ നിന്റെ ദേഹത്ത് കറുപ്പ് വരയാൽ വരച്ചതാണോ കറുപ്പായ ദേഹത്തെ വെള്ളവര വരച്ചതാണോ എന്ന് സന്ദേഹം പ്രകടപ്പിച്ച കാപ്പിരിനാട്ടിലെ കാഴ്ചയും ആ എഴുത്ത് സാഗരത്തിലെ ചില ഓളങ്ങൾ മാത്രം. സഞ്ചാരകൃതികൾ മാത്രമല്ല മൂടുപടവും നാടൻ പ്രേമവും ദേശത്തിന്റെ കഥയും പോലുള്ള കാലാതീതമായ കൃതികളും ആ ഡയറികളിലാണ് ആദ്യം പിറന്നത്. കറുത്താലും വേണ്ടില്ല വെളുത്താലും വേണ്ടില്ല എനിക്കെന്റെ ഡ്രൈവറെ തന്നെ മതിയെന്ന് ഒരുകാലത്ത് മലയാളി യൗവനം ഏറ്റുപാടി.

ആ പ്രണയം ഇരുവഴിഞ്ഞി പുഴ കടന്നങ്ങ് മുക്കത്തെത്തി. 1913 മാർച്ച് 14-ന് കോഴിക്കോട്ടാണ് എസ് കെ ജനിച്ചത്. പഠനത്തിന് ശേഷം അധ്യാപകനായി ജോലിയും തുടങ്ങി. ആദ്യ കൃതി പുറത്തിറങ്ങിയത് 1931-ൽ. തുടർന്നിങ്ങോട്ട് വിവിധ ശാഖകളിലായി നിരവധി കൃതികൾ. ഇടക്ക് രാഷ്ട്രീയ പ്രവർത്തനം. തലശ്ശേരിയെ പ്രതിനിധീകരിച്ച് പാർലമെന്റിലും ആ ശബ്ദമെത്തി. ഏതെല്ലാം മേഖലയിൽ ആ പേര് ചേർത്തുവെച്ചാലും എസ് കെ എന്ന രണ്ടക്ഷരം ചേർന്നു നിൽക്കുന്നത് എഴുത്തിലാണ്. കോഴിക്കോട്ടെ പൊറ്റമ്മലിലെ ചന്ദ്രകാന്തം വീട്ടിൽ വളരെ കുറച്ചുനാളേ എസ് കെ പൊറ്റക്കാട്ട് ഉണ്ടായിരുന്നുള്ളൂ. ഒരിടത്താവളം പോലെ വന്നുപോയൊരിടം. എന്നിട്ടും 1982-ലെ ആ കർക്കിടകപ്പുലരിയിൽ ചന്ദ്രകാന്തം വിട്ട് എസ് കെ യാത്ര പോയപ്പോൾ നാടും നഗരവും കണ്ണീർ പൊഴിച്ചാണ് ആ സഞ്ചാരിയെ യാത്രയാക്കിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com