പി പത്സല: വയനാടിൻ്റെ ഹൃദയം അക്ഷരങ്ങളിൽ പകർത്തിയ എഴുത്തുകാരി

വയനാടും വിശേഷിച്ച് തിരുനെല്ലിയും വത്സലയുടെ സാഹിത്യഭാവനകളിൽ മിഴിവോടെ തെളിഞ്ഞ് വന്നിട്ടുണ്ട്. നെല്ലും, ആഗ്നേയവും കൂമൻകൊല്ലിയുമെല്ലാം പിറവിയെടുത്തതിൽ തിരുനെല്ലിയുടെ സാമൂഹിക രാഷ്ട്രീയ പാരിസ്ഥിതിക സ്വാധീനത്തിൻ്റെ അടയാളങ്ങൾ പതിഞ്ഞ് കിടക്കുന്നുണ്ട്
പി പത്സല: വയനാടിൻ്റെ ഹൃദയം അക്ഷരങ്ങളിൽ പകർത്തിയ എഴുത്തുകാരി
Updated on

വയനാടിൻ്റെ കഥാകാരിയെന്നാണ് പി വത്സല അറിയപ്പെട്ടിരുന്നത്. വയനാട് തിരുനെല്ലിയിൽ വത്സലയ്ക്ക് സ്വന്തമായൊരു വീടുണ്ട്. കാളിന്ദിപ്പുഴയും വയലും കാടുമെല്ലാം അതിരിടുന്ന കൂമൻ കൊല്ലിയിലാണ് ആ വീട്. ആ പേരിൽ വത്സല ഒരു നോവലും എഴുതിയിട്ടുണ്ട്. വയനാട്ടിലേയ്ക്ക് ബസ് സർവ്വീസുണ്ടായിരുന്ന അച്ഛൻ്റെ വയനാടൻ യാത്രകളോടുള്ള ഭ്രമമാണ് വയനാടിനെ ആദ്യം അറിയാൻ വഴിതെളിച്ചതെന്ന് പി വത്സല അനുസ്മരിച്ചിട്ടുണ്ട്. വീട്ടിലേക്കുള്ള നാടൻ പച്ചക്കറികളും അരിയുമൊക്കെ വയനാട്ടിൽ നിന്നും ബസിൽ കോഴിക്കോട്ടേക്കെത്തിയിരുന്നതായിരുന്നു വയനാടുമായുണ്ടായിരുന്ന വത്സലയുടെ ആദ്യ ജൈവബന്ധം. പക്ഷെ വയനാട്ടിൽ പോകുക എന്ന ആഗ്രഹത്തിന് ദുർഘടമായ യാത്ര പ്രതിബന്ധമായി. കോളേജിൽ പഠിക്കുമ്പോൾ ഒരു പകൽ യാത്രയിൽ ചുരം കയറി ഹരിതാഭയിൽ ഊളിയിട്ടതാണ് വത്സലയുടെ ആദ്യ വയനാടൻ ഓർമ്മ.

അഞ്ചുമാസം പ്രായമുള്ള മകളുമായാണ് വയനാടിനെ അടുത്തറിയുന്ന വത്സലയുടെ ആദ്യയാത്ര. ദുർഘടമായ വഴിയും വാഹനങ്ങളുടെ ലഭ്യതക്കുറവുമുള്ള കാലത്ത് ആദ്യമായി തിരുനെല്ലിയിലേക്ക് നടത്തിയ യാത്ര പലപ്പോഴും പി വത്സല അനുസ്മരിച്ചിട്ടുണ്ട്. കാടിനുള്ളിലൂടെ കനത്ത മഴയിൽ നടത്തിയ ആ സാഹസ സഞ്ചാരമാണ് വയനാടിനെ എഴുത്തിലും ജീവിതത്തിലും നെഞ്ചോട് ചേർത്ത് വയ്ക്കാൻ പി വത്സലയെ പിന്നീട് പ്രേരിപ്പിച്ചത്. തിരുനെല്ലിയിൽ താമസിക്കാൻ മനയമ്മയുടെ കളപ്പുരയാണ് ലഭിച്ചത്. മനയമ്മയുമായുള്ള പി വത്സലയുടെ ആത്മബന്ധമാണ് പിന്നീട് അഗ്നേയമെന്ന നോവലിൽ പ്രതിഫലിച്ചത്.

നേരിട്ട് വന്ന് വത്സലടീച്ചറല്ലേയെന്ന് ചോദിച്ച് പരിചയപ്പെട്ട നക്സൽ വർഗീസുമായുള്ള ആദ്യത്തെയും അവസാനത്തെയും മുഖാമുഖം പി വത്സല ആവേശപൂർവ്വം അനുസ്മരിച്ചിട്ടുണ്ട്

ആദിവാസികളുടെ ഭാഷയും ജീവിതരീതിയും പഠിക്കാനായി തിരുനെല്ലിയിലെ അടിയാളരുടെ വീടുകൾ കയറിയിറങ്ങിയ കാലത്താണ് ഒരിക്കൽ പി വത്സല നക്സൽ വർഗീസിനെ നേരിൽ കാണുന്നത്. വയൽവരമ്പിൽ കൂടിയിരുന്ന ഒരു സംഘത്തിൽ വർഗീസുമുണ്ടായിരുന്നു. നേരിട്ട് വന്ന് വത്സലടീച്ചറല്ലേയെന്ന് ചോദിച്ച് പരിചയപ്പെട്ട നക്സൽ വർഗീസുമായുള്ള ആദ്യത്തെയും അവസാനത്തെയും മുഖാമുഖം പി വത്സല ആവേശപൂർവ്വം അനുസ്മരിച്ചിട്ടുണ്ട്. പിന്നീട് വർഗീസ് കൊല്ലപ്പെട്ട വിവരം മനയമ്മയാണ് വത്സല ടീച്ചറെ അറിയിച്ചത്. വർഗീസ് കൊല്ലപ്പെട്ട വെടിയൊച്ചയ്ക്ക് സാക്ഷിയായിരുന്നു മനയമ്മ. പിന്നീട് വർഷങ്ങൾക്ക് ശേഷം കൂമൻകൊല്ലിയിൽ മനയമ്മയുടെ തന്നെ സ്ഥലത്താണ് വത്സലടീച്ചർ സ്വന്തമായി വീടു വച്ചത്.

ജീവിതത്തിലെ സുഖകരവും അപൂർവ്വവുമായ ഓർമ്മകളുടെ തീരത്ത് മഴയുടെ സംഗീതവും പുഴയുടെ ഒഴുക്ക് താളവും കോടമഞ്ഞിൻ്റെ മനോഹാരിതയും ആസ്വദിക്കാനുള്ള സ്വന്തമായൊരു താവളമായിരുന്നു പി വത്സലയ്ക്ക് കൂമൻകൊല്ലിയിലെ വീട്

ജീവിതത്തിലെ സുഖകരവും അപൂർവ്വവുമായ ഓർമ്മകളുടെ തീരത്ത് മഴയുടെ സംഗീതവും പുഴയുടെ ഒഴുക്ക് താളവും കോടമഞ്ഞിൻ്റെ മനോഹാരിതയും ആസ്വദിക്കാനുള്ള സ്വന്തമായൊരു താവളമായിരുന്നു പി വത്സലയ്ക്ക് കൂമൻകൊല്ലിയിലെ വീട്. വയനാടും വിശേഷിച്ച് തിരുനെല്ലിയും വത്സലയുടെ സാഹിത്യഭാവനകളിൽ മിഴിവോടെ തെളിഞ്ഞ് വന്നിട്ടുണ്ട്. നെല്ലും, ആഗ്നേയവും കൂമൻകൊല്ലിയുമെല്ലാം പിറവിയെടുത്തതിൽ തിരുനെല്ലിയുടെ സാമൂഹിക രാഷ്ട്രീയ പാരിസ്ഥിതിക സ്വാധീനത്തിൻ്റെ അടയാളങ്ങൾ പതിഞ്ഞ് കിടക്കുന്നുണ്ട്. വയനാടിൻ്റെ ജീവിതത്തെയും പ്രകൃതിയെയും സാമൂഹ്യ രാഷ്ട്രീയ സ്പന്ദനങ്ങളെയും സർഗ്ഗാത്മകതയുടെ ഉറവവറ്റാത്ത ഭാഷയിൽ മലയാളത്തിന് സമ്മാനിച്ച പ്രിയപ്പെട്ട എഴുത്തുകാരിക്ക് ആദരവോടെ വിട.

Related Stories

No stories found.
logo
Reporter Live
www.reporterlive.com