ആരാധകർ ഏറെ കാത്തിരുന്ന 2023 മോഡൽ റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 പുറത്തിറങ്ങി. പഴയ മോഡലിനോട് സാമ്യതകളുള്ള ഡിസൈനിലാണ് പുതിയ മോഡലെത്തുന്നത്. ചെന്നൈയിൽ നടന്ന ഔദ്യോഗിക ചടങ്ങിലാണ് വാഹനം അവതരിപ്പിച്ചത്. എൻഫിൽഡിന്റെ തന്നെ ഏറ്റവും വില കുറഞ്ഞ മോഡലുകളിൽ ഒന്നായ ബുള്ളറ്റ് 350യ്ക്ക് 1.74 ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം വില. ബൈക്കിന്റെ ബുക്കിങ് ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഡെലിവറി സെപ്റ്റംബർ 3 മുതൽ നടക്കും.
റോയൽ എൻഫീൽഡ് ബുള്ളറ്റ് 350ന് മൂന്ന് വേരിയന്റുകളിലാണുള്ളത്. ബേസ് മിലിട്ടറി വേരിയന്റിൽ മിലിട്ടറി റെഡ്, മിലിട്ടറി ബ്ലാക്ക് എന്നീ കളർ വേരിയന്റുകളുണ്ട്. ഇവയ്ക്ക് 1,73,562 രൂപയാണ് എക്സ്ഷോറൂം വില. സ്റ്റാൻഡേർഡ് വേരിയന്റിൽ മെറൂൺ, ബ്ലാക്ക് കളർ ഓപ്ഷനുകളാണ് ലഭിക്കുക. ഇതിന് 1,97,436 രൂപയാണ് എക്സ് ഷോറൂം വില. ബ്ലാക്ക് ഗോൾഡ് സ്കീമിൽ മാത്രമേ ഹൈ എൻഡ് വേരിയന്റ് ലഭിക്കുകയുള്ളു. ഇതിന് 2,15,801 രൂപ എക്സ് ഷോറൂം വിലയുണ്ട്.
ക്ലാസിക് 350, ഹണ്ടർ 350, മെറ്റിയർ 350 എന്നിവയിൽ ഉപയോഗിച്ചുവരുന്ന ജെ-പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ മോഡൽ നിർമിച്ചിരിക്കുന്നത്. മുന്നിൽ 300 എംഎം ഡിസ്ക് ബ്രേക്കും പിന്നിൽ 270 എംഎം ഡിസ്ക്കും ഉപയോഗിക്കുന്നു. സിംഗിൾ പീസ് സീറ്റ്, അപ് റൈറ്റ് സീറ്റിങ് പൊസിഷൻ, റെക്റ്റാംഗിൾ ആകൃതിയിലുള്ള സൈഡ് ബോക്സ്, പുതിയ ടെയിൽ ലാംപ് എന്നിവ ബുള്ളറ്റ് 350യുടെ പ്രത്യേകതകളാണ്. കൂടാതെ യുഎസ്ബി പോർട്, ഡ്യുവൽ ചാനൽ എബിഎസ്, അപ്ഡേറ്റഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയുമുണ്ട്. ബുള്ളറ്റ് 350യുടെ ടെയിൽ-ലാമ്പ് ഹൗസിങ്ങും വ്യത്യസ്തമാണ്. ടെയിൽ-ലാമ്പ് ക്ലാസിക്ക് 350ക്ക് സമാനമായിട്ടാണ് നൽകിയിട്ടുള്ളത്.