'1983ല്‍ ഇന്ത്യ ലോകകപ്പ് നേടിയത് ഭാഗ്യം കൊണ്ട് മാത്രം'; വിന്‍ഡീസ് ഇതിഹാസം

ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ ആരും തന്നെ മികച്ച പ്രകടനം നടത്തിയതായി തോന്നിയിട്ടില്ലെന്നും റോബര്‍ട്‌സ് വ്യക്തമാക്കി
'1983ല്‍ ഇന്ത്യ ലോകകപ്പ് നേടിയത് ഭാഗ്യം കൊണ്ട് മാത്രം'; വിന്‍ഡീസ് ഇതിഹാസം
Updated on

മുംബൈ: 1983 ലോകകപ്പ് വിജയിച്ചതിന്റെ 40-ാം വാര്‍ഷിക നിറവിലാണ് ഇന്ത്യ. ഇതിനിടെ അന്ന് ലോകകപ്പ് നേടാനായത് ഇന്ത്യയുടെ ഭാഗ്യമാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ വിന്‍ഡീസ് പേസര്‍ ഇതിഹാസം ആന്‍ഡി റോബര്‍ട്‌സ്. ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ ആരും തന്നെ മികച്ച പ്രകടനം നടത്തിയതായി തോന്നിയിട്ടില്ലെന്നും റോബര്‍ട്‌സ് വ്യക്തമാക്കി. 1983 ലോകകപ്പ് ഫൈനലില്‍ റോബര്‍ട്‌സ് അടക്കമുള്ള വിന്‍ഡീസ് പടയെ തകര്‍ത്താണ് കപില്‍ ദേവും സംഘവും കിരീടം ചൂടിയത്.

'ഫോമിലായിരുന്നിട്ട് പോലും ഞങ്ങള്‍ക്ക് അതൊരു മോശം മത്സരമായിരുന്നു. ഇന്ത്യയെ ഭാഗ്യം തുണച്ചു. ഏറ്റവും മികച്ച ടീം ഉണ്ടായിട്ടും 1983ല്‍ ഞങ്ങള്‍ രണ്ട് മത്സരങ്ങള്‍ മാത്രമാണ് തോറ്റത്. പക്ഷേ അത് രണ്ടും ഇന്ത്യയോടായിരുന്നു. ലോകകപ്പ് കഴിഞ്ഞ് അഞ്ചോ ആറോ മാസങ്ങള്‍ക്ക് ശേഷം 6-0ത്തിന് ഞങ്ങള്‍ ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. ഫൈനലില്‍ ഭാഗ്യം ഇന്ത്യക്കൊപ്പമായിരുന്നു', റോബര്‍ട്‌സ് പറഞ്ഞു.

'അന്നത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരില്‍ ആരും മികച്ചതായി തോന്നിയിട്ടില്ല. ആര്‍ക്കും ഒരു ഫിഫ്റ്റി പോലും നേടാന്‍ കഴിഞ്ഞിട്ടില്ല. ബൗളര്‍മാരുടെ കാര്യവും അങ്ങനെത്തന്നെ. ആരും നാലോ അഞ്ചോ വിക്കറ്റുകള്‍ തികച്ചിട്ടില്ല. അതുകൊണ്ട് തന്നെ മികച്ച വ്യക്തിഗത പ്രകടനം നടത്തിയിട്ടല്ല ഇന്ത്യ ലോകകപ്പ് നേടിയത്. വിവിയന്‍ റിച്ചാര്‍ഡ്‌സ് പുറത്തായതാണ് ഞങ്ങള്‍ക്ക് തിരിച്ചടിയായത്. അതുവരെ ഞങ്ങളായിരുന്നു മികച്ചുനിന്നത്', റോബര്‍ട്‌സ് കൂട്ടിച്ചേര്‍ത്തു.

വെസ്റ്റ് ഇന്‍ഡീസിന്റെ ആധുനിക ഫാസ്റ്റ് ബൗളിംഗിന്റെ പിതാവ് എന്നറിയപ്പെടുന്നയാളാണ് ആന്‍ഡി റോബര്‍ട്‌സ്. 1975ലും 1979ലും വിന്‍ഡീസിനൊപ്പം ലോകകപ്പ് നേടുകയും ചെയ്തു. റോബര്‍ട്‌സ് ഉള്‍പ്പെടെയുള്ള വിന്‍ഡീസ് ടീമിന് 1983ല്‍ തങ്ങളുടെ കിരീടം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 54.4 ഓവറില്‍ 183 റണ്‍സ് നേടി. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന് 52 ഓവറില്‍ നിന്ന് 140 റണ്‍സ് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. 43 റണ്‍സിന്റെ വിജയത്തോടെ ഇന്ത്യ ലോകകിരീടം നേടി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com