ഏകദിന പരമ്പരകൾ ഒഴിവാക്കും; ടെസ്റ്റ് ക്രിക്കറ്റ് സംരക്ഷിക്കാൻ പുതിയ നീക്കം

ക്രിക്കറ്റ് പരിഷ്കരണ സമിതിയായ മാർലിബൻ ക്രിക്കറ്റ് ക്ലബിൻ്റേതാണ് തീരുമാനം
ഏകദിന പരമ്പരകൾ ഒഴിവാക്കും; ടെസ്റ്റ് ക്രിക്കറ്റ് സംരക്ഷിക്കാൻ പുതിയ നീക്കം
Updated on

ലണ്ടൻ: ടെസ്റ്റ് ക്രിക്കറ്റിനെയും വനിതാ ക്രിക്കറ്റിനെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഏകദിന പരമ്പരകൾ ഒഴിവാക്കാൻ തീരുമാനം. ക്രിക്കറ്റ് പരിഷ്കരണ സമിതിയായ മാർലിബൻ ക്രിക്കറ്റ് ക്ലബാണ് (എംസിസി) പുതിയ പരിഷ്കരണം ആലോചിക്കുന്നത്. 2027 ഏകദിന ലോകകപ്പിന് ശേഷമാവും മാറ്റമുണ്ടാകുക. ഒരു ലോകകപ്പ് കഴിഞ്ഞാൽ പിന്നീട് മൂന്ന് വർഷത്തേയ്ക്ക് ഏകദിന പരമ്പരകൾ ഉണ്ടാവില്ല. അടുത്ത ലോകകപ്പിന് ഒരു വർഷം ബാക്കിയുള്ളപ്പോൾ ഏകദിന മത്സരങ്ങൾ നടത്താനുമാണ് ആലോചന. ഏകദിന പരമ്പരകൾ ഒഴിവാക്കുമ്പോൾ ക്രിക്കറ്റ് കലണ്ടറിൽ ആവശ്യമായ സമയം ലഭിക്കുമെന്നും എംസിസി നിരീക്ഷിച്ചു. തിരക്കേറിയ ട്വന്റി 20 ലീ​ഗുകളിലും മാറ്റം വരുത്താൻ നീക്കമുണ്ട്.

ടെസ്റ്റ് ക്രിക്കറ്റിന് വേദിയാകാനുള്ള രാജ്യങ്ങളുടെ താൽപ്പര്യക്കുറവും എംസിസി നിരീക്ഷിച്ചു. ടെസ്റ്റ് ക്രിക്കറ്റ് നടത്തുമ്പോഴുള്ള വലിയ ചെലവാണ് രാജ്യങ്ങളെ വേദിയാകുന്നതിൽ നിന്ന് പിന്മാറാൻ പ്രേരിപ്പിക്കുന്നത്. ഇതിന് പരിഹാരമായി ടെസ്റ്റ് ക്രിക്കറ്റിന് ഓരോ രാജ്യങ്ങളിലും ഉണ്ടാവുന്ന ചെലവ് ഐസിസിക്ക് നൽകണം. ഇത് നഷ്ടങ്ങൾ ഉണ്ടാകുന്ന രാജ്യങ്ങൾക്ക് സാമ്പത്തിക പരിഹാരം നൽകാൻ ഐസിസിയെ സഹായിക്കുമെന്നും എംസിസി ചൂണ്ടിക്കാട്ടി.

ടെസ്റ്റ് ക്രിക്കറ്റും വനിതാ ക്രിക്കറ്റും സംരക്ഷിക്കാൻ പ്രത്യേക സാമ്പത്തിക പദ്ധതി തയ്യാറാക്കണമെന്നും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനോട് എംസിസി ആവശ്യപ്പെട്ടിട്ടുണ്ട്. 1971 ലാണ് ആദ്യ ഏകദിന മത്സരം നടന്നത്. 1975 ൽ ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നടന്നു. തുടർന്നാണ് ക്രിക്കറ്റിൻ്റെ ജനപ്രീതി ഉയർന്നത്. ഏകദിന പരമ്പരകൾ ഒഴിവാക്കിയുള്ള പുതിയ തീരുമാനങ്ങൾ ക്രിക്കറ്റ് ലോകം എങ്ങനെ സ്വീകരിക്കുമെന്നാണ് കണ്ടറിയേണ്ടത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com