റായ്പൂർ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ തകർപ്പൻ സെഞ്ച്വറിയുമായി റിയാൻ പരാഗ്. ചത്തീസ്ഗഢിനെതിരെ അസം താരമായാണ് പരാഗിന്റെ നേട്ടം. 87 പന്തുകൾ മാത്രം നേരിട്ട പരാഗ് 155 റൺസെടുത്തു. 11 ഫോറും 12 സിക്സും സഹിതമാണ് പരാഗിന്റെ നേട്ടം. സെഞ്ച്വറി തികയ്ക്കാൻ വെറും 56 പന്തുകൾ മാത്രമാണ് പരാഗിന് വേണ്ടി വന്നത്. രഞ്ജി ചരിത്രത്തിലെ വേഗതയാർന്ന രണ്ടാം സെഞ്ച്വറിയാണിത്. 2016ൽ ജാർഖണ്ഡിനെതിരെ റിഷഭ് പന്ത് 48 പന്തിൽ സെഞ്ച്വറി കൈവരിച്ചിരുന്നു.
മത്സരത്തിൽ പരാഗിന്റെ സെഞ്ച്വറിക്കും അസമിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. 10 വിക്കറ്റിന്റെ തകർപ്പൻ ജയം ചത്തീസ്ഗഢ് സ്വന്തമാക്കി. ആദ്യ ഇന്നിംഗ്സിൽ ചത്തീസ്ഗഢ് 327 റൺസെടുത്തു. അമൻദീപ് ഖരെ നേടിയ സെഞ്ച്വറിയാണ് ചത്തീസ്ഗഢിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിംഗിൽ ആസാമിന് 159 റൺസെടുക്കാനെ സാധിച്ചൊള്ളു.
ഫോളോ ഓൺ ചെയ്യാൻ നിർബന്ധിതരായ അസം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങി. 254 റൺസ് മാത്രമാണ് രണ്ടാം ഇന്നിംഗ്സിൽ അസമിന് നേടാനായത്. 88 റൺസിന്റെ വിജയലക്ഷ്യമാണ് ചത്തീസ്ഗണ്ഡിന് മുന്നിൽ ഉണ്ടായിരുന്നത്. അനായാസം ചത്തീസ്ഗഢ് ഓപ്പണർമാർ ആ ലക്ഷ്യത്തിലേക്ക് എത്തി.