മായങ്ക് മാജിക്കില്‍ പഞ്ചാബ് വീണു; സൂപ്പര്‍ ജയന്‍റ്സിന് സൂപ്പര്‍ വിജയം

അരങ്ങേറ്റ മത്സരത്തില്‍ തന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ മായങ്ക് യാദവാണ് പഞ്ചാബിന്റെ നട്ടെല്ലൊടിച്ചത്
മായങ്ക് മാജിക്കില്‍ പഞ്ചാബ് വീണു; സൂപ്പര്‍ ജയന്‍റ്സിന് സൂപ്പര്‍ വിജയം
Updated on

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് വിജയം. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 21 റണ്‍സിന്റെ വിജയമാണ് സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കിയത്. സീസണില്‍ ലഖ്‌നൗവിന്‍റെ ആദ്യ വിജയമാണിത്.

200 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പഞ്ചാബിന് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് മാത്രമാണ് നേടാനായത്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ മായങ്ക് യാദവാണ് പഞ്ചാബിന്റെ നട്ടെല്ലൊടിച്ചത്. മൊഹ്‌സിന്‍ ഖാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. 50 പന്തില്‍ 70 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശിഖര്‍ ധവാനാണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറര്‍.

200 റണ്‍സ് ലക്ഷ്യത്തിന് മറുപടി പറയാനിറങ്ങിയ പഞ്ചാബിന് ഗംഭീര തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ശിഖര്‍ ധവാന്‍- ജോണി ബെയര്‍സ്റ്റോ സഖ്യം 102 റണ്‍സ് ചേര്‍ത്തു. ഇതോടെ പഞ്ചാബ് അനായാസം വിജയത്തിലെത്തുമെന്ന് തോന്നിപ്പിച്ചു. എന്നാല്‍ മായങ്ക് പന്തെറിയാനെത്തിയതോടെ കഥമാറി. സാക്ഷാല്‍ ജോണി ബെയര്‍സ്റ്റോയെ (42) പുറത്താക്കി 21കാരന്‍ വരവറിയിച്ചു. പ്രഭ്സിമ്രാന്‍ സിങ് (19), ജിതേഷ് ശര്‍മ (6) എന്നിവര്‍ക്കും താരത്തിന്റെ പേസിനുമുന്നില്‍ മുട്ടുമടക്കേണ്ടിവന്നു. മണിക്കൂറില്‍ 155.08 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയാന്‍ മായങ്കിനായിരുന്നു. 17-ാം ഓവറില്‍ ധവാനെയും (70) സാം കറനേയും (0) മുഹ്സിന്‍ ഖാനും മടക്കിയതോടെ പഞ്ചാബ് ഏറെക്കുറെ തോല്‍വി സമ്മതിച്ചു. ലിയാം ലിവിംഗ്സ്റ്റണ്‍ (28), ശശാങ്ക് സിങ് (9) എന്നിവര്‍ പുറത്താവാതെ നിന്നു.

മായങ്ക് മാജിക്കില്‍ പഞ്ചാബ് വീണു; സൂപ്പര്‍ ജയന്‍റ്സിന് സൂപ്പര്‍ വിജയം
ലഖ്‌നൗവില്‍ 'ഡി കോക്ക്' വെടിക്കെട്ട്, കൂട്ടിന് പൂരനും ക്രുണാലും; പഞ്ചാബിനെതിരെ 'ജയന്‍റ്' സ്കോര്‍

നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 199 റണ്‍സ് അടിച്ചുകൂട്ടിയത്. അര്‍ദ്ധസെഞ്ച്വറി നേടിയ ക്വിന്റണ്‍ ഡി കോക്കിന്റെ (54) വെടിക്കെട്ട് പ്രകടനമാണ് സൂപ്പര്‍ ജയന്റ്‌സിനെ മികച്ച സ്‌കോറിലെത്തിച്ചത്. ക്യാപ്റ്റന്‍ നിക്കോളാസ് പൂരനും (42) ക്രുണാല്‍ പാണ്ഡ്യയും (43*) എന്നിവരും ലഖ്‌നൗവിന് വേണ്ടി തിളങ്ങി. പഞ്ചാബിന് വേണ്ടി സാം കറന്‍ മൂന്നും അര്‍ഷ്ദീപ് സിങ് രണ്ടും വീതം വിക്കറ്റുകള്‍ വീഴ്ത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com