പവര്‍പ്ലേയില്‍ 'തുഷാര താണ്ഡവം', ഒടുവിൽ 'ബുംറയാട്ടം'; കൊല്‍ക്കത്തയെ എറിഞ്ഞൊതുക്കി മുംബൈ

മുംബൈ ഇന്ത്യന്‍സിന് 170 റണ്‍സ് വിജയലക്ഷ്യം
പവര്‍പ്ലേയില്‍ 'തുഷാര താണ്ഡവം', ഒടുവിൽ 'ബുംറയാട്ടം'; കൊല്‍ക്കത്തയെ എറിഞ്ഞൊതുക്കി മുംബൈ
Updated on

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് 170 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത കൊല്‍ക്കത്തയെ 19.5 ഓവറില്‍ 169 റണ്‍സിന് മുംബൈ ഓള്‍ഔട്ടാക്കി. 52 പന്തില്‍ 70 റണ്‍സെടുത്ത വെങ്കടേഷ് അയ്യരാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. മുംബൈയ്ക്ക് വേണ്ടി നുവാന്‍ തുഷാരയും ജസ്പ്രീത് ബുംറയും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

ടോസിലെ നിര്‍ഭാഗ്യം കൊല്‍ക്കത്തയെ ബാറ്റിങ്ങിലും പിന്തുടര്‍ന്നു. പവര്‍പ്ലേയില്‍ കൊല്‍ക്കത്തയുടെ നാല് വിക്കറ്റുകള്‍ വീഴ്ത്തി ആധിപത്യം സ്ഥാപിക്കാന്‍ മുംബൈയ്ക്ക് സാധിച്ചു. ഫില്‍ സാള്‍ട്ട് (5), അംഗ്കൃഷ് രഘുവംശി (13), ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (6) എന്നിവരെ പുറത്താക്കി നുവാന്‍ തുഷാര തിളങ്ങി. അഞ്ചാം ഓവറില്‍ ഓപ്പണര്‍ സുനില്‍ നരെയ്‌നെ (8) ഹാര്‍ദ്ദിക് പാണ്ഡ്യ ക്ലീന്‍ ബൗള്‍ഡാക്കി.

പിന്നാലെ ക്രീസിലെത്തിയ റിങ്കു സിങ്ങിനും (9) കാര്യമായ സംഭാവന നല്‍കാനായില്ല. ഏഴാം ഓവറില്‍ റിങ്കുവിനെ പിയൂഷ് ചൗള സ്വന്തം പന്തില്‍ തന്നെ പിടികൂടി. ഇതോടെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സെന്ന നിലയിലേക്ക് മുംബൈ തകര്‍ന്നു. ആറാം വിക്കറ്റിലൊരുമിച്ച വെങ്കടേഷ് അയ്യര്‍-മനീഷ് പാണ്ഡേ കൂട്ടുകെട്ടാണ് മുംബൈയെ 100 കടത്തിയത്.

പവര്‍പ്ലേയില്‍ 'തുഷാര താണ്ഡവം', ഒടുവിൽ 'ബുംറയാട്ടം'; കൊല്‍ക്കത്തയെ എറിഞ്ഞൊതുക്കി മുംബൈ
അഞ്ച് ഓവറിനുള്ളില്‍ നാല് വിക്കറ്റ് നഷ്ടം; മുംബൈയ്ക്കെതിരെ കൊല്‍ക്കത്തയ്ക്ക് ബാറ്റിങ് തകര്‍ച്ച

17-ാം ഓവറില്‍ മനീഷ് പാണ്ഡേയെ ഹാര്‍ദ്ദിക് പാണ്ഡ്യ സ്വന്തം പന്തില്‍ പിടികൂടി. 31 പന്തില്‍ 42 റണ്‍സെടുത്ത് മനീഷ് പവിലിയനിലെത്തുമ്പോള്‍ ടീം സ്‌കോര്‍ 140 റണ്‍സിലെത്തിയിരുന്നു. അതേ ഓവറില്‍ തന്നെ ആന്ദ്രേ റസല്‍ (7) റണ്ണൗട്ടായി മടങ്ങി. രമണ്‍ദീപ് സിങ് (2), മിച്ചല്‍ സ്റ്റാര്‍ക്ക് (0) എന്നിവരും അതിവേഗം മടങ്ങി. വെങ്കടേഷ് അയ്യരുടെ (70) ചെറുത്തുനില്‍പ്പാണ് കൊല്‍ക്കത്തയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. നിശ്ചിത ഓവര്‍ അവസാനിക്കാന്‍ ഒരു പന്ത് ബാക്കിനില്‍ക്കേ വെങ്കടേഷിനെ ബൗള്‍ഡാക്കി ബുംറ കൊല്‍ക്കത്തയുടെ ഇന്നിങ്‌സിന് വിരാമമിട്ടു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com