മുംബൈ: ഇന്ത്യന് പ്രീമിയര് ലീഗില് മുംബൈ താരം സൂര്യകുമാര് യാദവിന്റെ ഗംഭീര തിരിച്ചുവരവിനാണ് കഴിഞ്ഞ ദിവസം വാങ്കഡെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. സണ്റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില് സെഞ്ച്വറി നേടിയ സൂര്യകുമാര് മുംബൈ ഇന്ത്യന്സിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. പരിക്കിനെ തുടര്ന്ന് വിശ്രമത്തിലായിരുന്ന സൂര്യകുമാര് കളിക്കളത്തിലേക്ക് തിരിച്ചെത്തിയതിന് ശേഷമുള്ള മികച്ച പ്രകടനമായിരുന്നു ഇത്. ഇപ്പോള് തന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് സൂര്യകുമാര് യാദവ്.
'വളരെ നാളുകള്ക്ക് ശേഷമാണ് എനിക്ക് ഇങ്ങനെ കളിക്കാന് കഴിയുന്നത്. കഴിഞ്ഞ ഡിസംബര് നാലിന് ശേഷം ആദ്യമായാണ് ഞാന് 20 ഓവറും ഫീല്ഡ് ചെയ്യുന്നതും 18 ഓവര് ബാറ്റ് ചെയ്യുന്നതും. ഇപ്പോള് എനിക്ക് കുഴപ്പമൊന്നുമില്ല.മുംബൈയെ ഞാന് വിജയിപ്പിക്കണമെന്നുള്ളതായിരുന്നു ആ സമയം ആവശ്യപ്പെട്ടതെന്ന് എനിക്ക് തോന്നുന്നു. മൂന്ന് വിക്കറ്റുകള് വീണപ്പോള് എനിക്ക് അവസാനം വരെ കളിക്കേണ്ടിവന്നു', മത്സരത്തിലെ വിജയത്തിന് ശേഷം സൂര്യകുമാര് പറഞ്ഞു.
Suryakumar Yadav said, "after 4th December, today is the first time I fielded for 20 overs and batted for almost 18 overs". pic.twitter.com/OVtSkRrR07
— Mufaddal Vohra (@mufaddal_vohra) May 6, 2024
വാങ്കഡെയില് ആദ്യം ബാറ്റുചെയ്ത സണ്റൈസേഴ്സ് എട്ട് വിക്കറ്റ് നഷ്ടത്തില് 173 റണ്സെടുത്തു. മറുപടി പറഞ്ഞ മുംബൈ 17.2 ഓവറില് മൂന്ന് വിക്കറ്റ് നഷ്ടത്തില് ലക്ഷ്യത്തിലെത്തി. സൂര്യകുമാര് യാദവിന്റെ സെഞ്ച്വറിയാണ് മുംബൈയെ അനായാസ വിജയത്തിലേക്ക് നയിച്ചത്. നാലാമനായി ക്രീസിലെത്തിയ സൂര്യ 51 പന്തില് 12 ഫോറും ആറ് സിക്സും സഹിതം 102 റണ്സുമായി പുറത്താകാതെ നിന്നു. താരത്തിന്റെ രണ്ടാമത്തെ ഐപിഎല് സെഞ്ച്വറിയാണിത്.