ഹര്‍ഷിത്തിന് വേണ്ടി കൊല്‍ക്കത്തയുടെ മധുരപ്രതികാരം; താരങ്ങളോട് ഫ്‌ളൈയിംഗ് കിസ്സ് നല്‍കാന്‍ ഷാരൂഖ്‌

കൊല്‍ക്കത്തയ്ക്ക് വേണ്ടി സീസണിലെ 13 മത്സരങ്ങളില്‍ നിന്ന് 19 വിക്കറ്റുകളാണ് ഹര്‍ഷിത് വീഴ്ത്തിയത്
ഹര്‍ഷിത്തിന് വേണ്ടി കൊല്‍ക്കത്തയുടെ മധുരപ്രതികാരം; താരങ്ങളോട് ഫ്‌ളൈയിംഗ് കിസ്സ് നല്‍കാന്‍ ഷാരൂഖ്‌
Updated on

ചെന്നൈ: ഐപിഎല്ലിന്റെ ലീഗ് ഘട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെ കൊല്‍ക്കത്ത താരം ഹര്‍ഷിത് റാണയുടെ ഫ്‌ളൈയിംഗ് കിസ് ആഘോഷം വിവാദമായിരുന്നു. ഹൈദരാബാദ് താരം മായങ്ക് അഗര്‍വാളിന്റെ വിക്കറ്റാണ് ഹര്‍ഷിത് ഫ്‌ളൈയിംഗ് കിസ് നല്‍കി ആഘോഷിച്ചത്. ഇതിന് പിന്നാലെ താരത്തിന് പിഴശിക്ഷ ലഭിക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ ഐപിഎല്‍ കിരീടനേട്ടത്തിന് ശേഷം ഫ്‌ളൈയിംഗ് കിസ്സ് വീണ്ടും ചര്‍ച്ചയാവുകയാണ്. ഫൈനലില്‍ അതേ സണ്‍റൈസേഴ്‌സിനെ തകര്‍ത്ത് കിരീടമുയര്‍ത്തിയതിന് ശേഷം ടീം ഒന്നടങ്കം ആഘോഷിച്ചത് ഫ്‌ളൈയിംഗ് കിസ്സ് നല്‍കിയാണ്. ടീം ഉടമ ഷാരൂഖ് ഖാന്‍ തന്നെയാണ് എല്ലാവരോടും ഫ്‌ളൈയിംഗ് കിസ്സ് നല്‍കി ആഘോഷിക്കാന്‍ ആവശ്യപ്പെടുന്നത്. ഹര്‍ഷിത്തിനെതിരെ നടപടി സ്വീകരിച്ച ബിസിസിഐയ്ക്കുള്ള മറുപടിയെന്നോണമാണ് കൊല്‍ക്കത്ത ഇത്തരത്തില്‍ ആഘോഷിച്ചതെന്നും വിലയിരുത്തലുണ്ട്.

കൊല്‍ക്കത്തയ്ക്ക് വേണ്ടി സീസണിലെ 13 മത്സരങ്ങളില്‍ നിന്ന് 19 വിക്കറ്റുകളാണ് ഹര്‍ഷിത് വീഴ്ത്തിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഫൈനലിലും ഹര്‍ഷിത് രണ്ട് വിക്കറ്റ് വീഴ്ത്തി തിളങ്ങി. നാല് ഓവറില്‍ വെറും 24 റണ്‍സ് വിട്ടുകൊടുത്താണ് താരം രണ്ട് വിക്കറ്റ് നേടിയത്. നിതീഷ് കുമാര്‍ റെഡ്ഡിയെയും ഹെന്റിച്ച് ക്ലാസനെയുമാണ് ഹര്‍ഷിത് പുറത്താക്കിയത്.

ഹര്‍ഷിത്തിന് വേണ്ടി കൊല്‍ക്കത്തയുടെ മധുരപ്രതികാരം; താരങ്ങളോട് ഫ്‌ളൈയിംഗ് കിസ്സ് നല്‍കാന്‍ ഷാരൂഖ്‌
ഫ്‌ളൈയിങ് കിസ്സില്ല, ഇത്തവണ വെറൈറ്റി വിക്കറ്റ് ആഘോഷവുമായി ഹര്‍ഷിത് റാണ; വീഡിയോ

ചെന്നൈയില്‍ നടന്ന കലാശപ്പോരില്‍ എട്ട് വിക്കറ്റിന്റെ വിജയമാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. കൂറ്റനടിക്കാരായ ഹൈദരാബാദ് ബാറ്റര്‍മാരെ പിടിച്ചുകെട്ടാനും കൊല്‍ക്കത്തയ്ക്ക് സാധിച്ചു. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്‌സിനെ 18.3 ഓവറില്‍ വെറും 113 റണ്‍സിന് കൊല്‍ക്കത്ത പുറത്താക്കി. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഫൈനല്‍ സ്‌കോറാണിത്. മറുപടി ബാറ്റിംഗില്‍ 10.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത വിജയം സ്വന്തമാക്കി.

കൊല്‍ക്കത്ത മൂന്നാം തവണയാണ് ഐപിഎല്‍ കിരീടം ഉയര്‍ത്തുന്നത്. 2012, 2014 സീസണുകളില്‍ കൊല്‍ക്കത്ത ഗംഭീറിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഐപിഎല്‍ ചാമ്പ്യന്മാരായത്. 10 വര്‍ഷങ്ങള്‍ക്ക് ശേഷം ടീമിന്റെ ഉപദേശകനായി ഗംഭീര്‍ ചുമതലയേറ്റ ആദ്യ വര്‍ഷം തന്നെ കെകെആറിന് മൂന്നാമത്തെ കിരീടവും ലഭിച്ചു. ക്യാപ്റ്റനായും ടീം മെന്ററായും ഒരേ ടീമിന് കിരീടം നേടിക്കൊടുത്ത ആദ്യ താരവും ഗംഭീറാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com