നന്ദിപൂര്‍വ്വം സ്‌നേഹചുംബനം; ഗംഭീറിന്റെ നെറുകയിൽ മുത്തമിട്ട് ഷാരൂഖ് ഖാന്‍, വീഡിയോ

ടീം മെന്ററായി ഗംഭീര്‍ എത്തിയ ആദ്യ വര്‍ഷം തന്നെയാണ് കൊല്‍ക്കത്ത കിരീടം ഉയര്‍ത്തിയത്
നന്ദിപൂര്‍വ്വം സ്‌നേഹചുംബനം; ഗംഭീറിന്റെ നെറുകയിൽ മുത്തമിട്ട് ഷാരൂഖ് ഖാന്‍, വീഡിയോ
Updated on

ചെന്നൈ: ഐപിഎല്‍ 17-ാം സീസണ്‍ കിരീടം സ്വന്തമാക്കിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ചെന്നൈയില്‍ നടന്ന കലാശപ്പോരില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ശ്രേയസ് അയ്യരും സംഘവും കിരീടം ഉയര്‍ത്തിയത്. വിജയത്തിന് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമ ഷാരൂഖ് ഖാന്‍ ടീം മെന്ററും മുന്‍ നായകനുമായ ഗൗതം ഗംഭീറിന്റെ നെറ്റിയില്‍ ചുംബിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ മൂന്നാം ഐപിഎല്‍ കിരീടനേട്ടത്തിലേക്ക് നയിക്കുന്നതില്‍ മുന്‍ ഇന്ത്യന്‍ താരം കൂടിയായ ഗൗതം ഗംഭീറിന്റെ ഇടപെടലുകള്‍ നിര്‍ണായകമായിരുന്നു. ടീം മെന്ററായി ഗംഭീര്‍ എത്തിയ ആദ്യ വര്‍ഷം തന്നെയാണ് കൊല്‍ക്കത്ത കിരീടം ഉയര്‍ത്തിയത്. ഇതിന് പിന്നാലെയാണ് ടീം ഉടമ ഷാരൂഖ് ഗൗതം ഗംഭീറിനെ ചുംബിച്ചും ആലിംഗനം ചെയ്തും സ്‌നേഹവും സന്തോഷവും പ്രകടിപ്പിച്ചത്.

നേരത്തെ കൊല്‍ക്കത്തയില്‍ തന്നെ തുടരാന്‍ ഗംഭീറിന് ഷാരൂഖ് 'ബ്ലാങ്ക് ചെക്ക്' ഓഫര്‍ ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രതിഫലം എത്രവേണമെന്ന് ഗംഭീറിന് തീരുമാനിക്കാം. പക്ഷേ 10 വര്‍ഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം നില്‍ക്കണമെന്നാണ് ഷാരൂഖിന്റെ ഉപാധി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേയ്ക്ക് ഗംഭീറിനെ പരിഗണിക്കുന്നതിനിടയിലാണ് കൊല്‍ക്കത്ത ഉടമയുടെ ഓഫറും വന്നത്.

കൊല്‍ക്കത്ത മൂന്ന് തവണയും കിരീടം നേടുമ്പോള്‍ നിര്‍ണായക സാന്നിധ്യമായി ഗൗതം ഗംഭീര്‍ ടീമിന്റെ കൂടെയുണ്ട്. 2012, 2014 സീസണുകളില്‍ കൊല്‍ക്കത്ത ഗംഭീറിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഐപിഎല്‍ ചാമ്പ്യന്മാരായത്. 10 വര്‍ഷങ്ങള്‍ക്ക് ശേഷം ടീമിന്റെ ഉപദേശകനായി ഗംഭീര്‍ ചുമതലയേറ്റ ആദ്യ വര്‍ഷം തന്നെ കെകെആറിന് മൂന്നാമത്തെ കിരീടവും ലഭിച്ചു. ക്യാപ്റ്റനായും ടീം മെന്ററായും ഒരേ ടീമിന് കിരീടം നേടിക്കൊടുത്ത ആദ്യ താരവും ഗംഭീറാണ്.

ചെപ്പോക്കിൽ നടന്ന കലാശപ്പോരിൽ‌ സൺറൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തോൽപ്പിച്ചാണ് കൊൽക്കത്ത കിരീടം ഉയർത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിരയിൽ ആർക്കും തിളങ്ങാനായില്ല. 18.3 ഓവറിൽ വെറും 113 റൺസെടുത്ത് ഹൈ​ദരാബാദ് ഓൾഔട്ടായി. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഫൈനൽ സ്കോറാണിത്. മറുപടി ബാറ്റിം​ഗിൽ 10.3 ഓവറിൽ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത വിജയത്തിലെത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com