കോഹ്‌ലി തൻ്റെ ആശാനെന്ന് ജാക്‌സ്; 'ചേസിങ്ങിനെക്കുറിച്ച് വിലപ്പെട്ട ഉപദേശങ്ങള്‍ നല്‍കി'

ഐപിഎല്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് വില്‍ ജാക്സിന് ഇംഗ്ലണ്ടിലേക്ക് മടങ്ങേണ്ടിവന്നിരുന്നു
കോഹ്‌ലി തൻ്റെ ആശാനെന്ന് ജാക്‌സ്; 'ചേസിങ്ങിനെക്കുറിച്ച് വിലപ്പെട്ട ഉപദേശങ്ങള്‍ നല്‍കി'
Updated on

ബെംഗളൂരു: ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയുമായുള്ള അനുഭവം പങ്കുവെച്ച് ഇംഗ്ലണ്ട് താരം വില്‍ ജാക്‌സ്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിലെ സഹതാരങ്ങളായിരുന്നു കോഹ്‌ലിയും ജാക്‌സും. ലീഗില്‍ കളിക്കുന്ന സമയത്ത് കോഹ്‌ലി ചെയ്‌സിങ്ങിലുള്‍പ്പടെ ചില ഉപദേശങ്ങള്‍ തന്നിരുന്നുവെന്ന് ജാക്‌സ് പറഞ്ഞു. ഇത് വരാനിരിക്കുന്ന ടി20 ലോകകപ്പിന് പ്രയോജനപ്പെടുമെന്നും വില്‍ ജാക്‌സ് പ്രതീക്ഷിക്കുന്നു.

'ഞങ്ങള്‍ ഒരുമിച്ച് ബാറ്റ് ചെയ്യുമ്പോള്‍ പോലും അദ്ദേഹം എനിക്ക് പരിശീലനം നല്‍കുകയായിരുന്നു. ചെയ്‌സിംഗിനെ കുറിച്ചും കളിയുടെ വേഗത കൂട്ടുന്നതിന് വേണ്ടിയും അദ്ദേഹം നിര്‍ണായകമായ ചില കാര്യങ്ങള്‍ പറഞ്ഞുതന്നു. അത് ശരിക്കും സഹായകമായിരുന്നു. അദ്ദേഹത്തിനൊപ്പം ബാറ്റ് ചെയ്യാന്‍ സാധിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു', വില്‍ ജാക്‌സ് പറഞ്ഞു.

'ചെയ്‌സിംഗില്‍ ഒരുപാട് കാലമായി മികച്ച പ്രകടനം കാഴ്ച വെക്കുന്ന താരമാണ് കോഹ്‌ലി. കഠിനമായി പരിശ്രമിക്കാന്‍ തയ്യാറല്ലാത്ത ഒരു ചെറുപ്പക്കാരനെന്ന നിലയില്‍ അക്കാര്യത്തില്‍ എനിക്ക് അദ്ദേഹത്തെ അഭിനന്ദിച്ചേ മതിയാകൂ. കോഹ്‌ലിയുടെ ആ പരിശ്രമമാണ് ഞാന്‍ അനുകരിക്കാന്‍ ആഗ്രഹിക്കുന്നത്, ഇംഗ്ലണ്ട് താരം കൂട്ടിച്ചേര്‍ത്തു.

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ വില്‍ ജാക്‌സിന്റെ വെടിക്കെട്ട് സെഞ്ച്വറിയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വിജയം നേടിക്കൊടുത്തത്. അന്ന് ജാക്‌സിന് പിന്തുണ നല്‍കി കോഹ്‌ലി ക്രീസിലുണ്ടായിരുന്നു. 41 പന്തില്‍ അഞ്ച് ഫോറും 10 സിക്‌സും സഹിതം 100 റണ്‍സെടുത്ത വില്‍ ജാക്‌സ് പുറത്താകാതെ നിന്നു. 44 പന്തില്‍ 70 റണ്‍സെടുത്ത് കോഹ്‌ലിയും പുറത്താകാതെ നിന്നതോടെ ടൈറ്റന്‍സ് മുന്നോട്ടുവെച്ച 201 റണ്‍സ് വിജയലക്ഷ്യം 16 ഓവറില്‍ റോയല്‍ ചലഞ്ചേഴ്‌സ് മറികടന്നു.

ഇതിനിടെ ഐപിഎല്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ആര്‍സിബിയുടെ ഇംഗ്ലീഷ് താരങ്ങളായ വില്‍ ജാക്സും റീസ് ടോപ്ലിയും നാട്ടിലേക്ക് മടങ്ങിയിരുന്നു. തുടര്‍ന്ന് ജാക്‌സിനും ടോപ്ലിക്കും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ നോക്കൗട്ട് മത്സരം നഷ്ടമാവുകയും ചെയ്തിരുന്നു. പാകിസ്താനെതിരായ ട്വൻ്റി 20 പരമ്പരയ്ക്കായാണ് താരങ്ങൾ മടങ്ങിയത്. എലിമിനേറ്ററിൽ ജോസ് ബട്‌ലറുടെ സേവനം രാജസ്ഥാൻ റോയൽസിനും നഷ്ടമായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com