ബംഗ്ലാദേശിന്‍റെ തോല്‍വി ആ നാല് റണ്‍സിന്; ലോകകപ്പില്‍ വിവാദ അമ്പയറിങ്

ലെഗ് ബൈ ആയി ലഭിക്കേണ്ട നാല് റണ്‍സ് അംപയര്‍ തങ്ങള്‍ക്ക് അനുവദിക്കാതിരുന്നതാണ് പരാജയകാരണമെന്നാണ് ബംഗ്ലാദേശ് താരങ്ങളുടെ ആരോപണം
ബംഗ്ലാദേശിന്‍റെ തോല്‍വി ആ നാല് റണ്‍സിന്; ലോകകപ്പില്‍ വിവാദ അമ്പയറിങ്
Updated on

ന്യൂയോര്‍ക്ക്: ട്വന്റി 20 ലോകകപ്പില്‍ അമ്പയറിങ് വിവാദം. ന്യൂയോര്‍ക്കില നസ്സൗ കൗണ്ടി സ്‌റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന ദക്ഷിണാഫ്രിക്ക- ബംഗ്ലാദേശ് മത്സരത്തിലാണ് അമ്പയറുടെ തീരുമാനം വിവാദമായത്. മത്സരത്തില്‍ നാല് റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. എന്നാല്‍ ദക്ഷിണാഫ്രിക്ക വിജയിച്ച ആ നാല് റണ്‍സിനെച്ചൊല്ലിയാണ് പുതിയ വിവാദം.

ലോ സ്‌കോറിങ് ത്രില്ലര്‍ മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ ബംഗ്ലാദേശിന്റെ മറുപടി നിശ്ചിത 20 ഓവറില്‍ എഴ് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സിന് അവസാനിക്കുകയായിരുന്നു.

ബംഗ്ലാദേശിന്‍റെ തോല്‍വി ആ നാല് റണ്‍സിന്; ലോകകപ്പില്‍ വിവാദ അമ്പയറിങ്
'പാകിസ്താനെ അപമാനിക്കുകയല്ല, പക്ഷേ...'; കാനഡ-പാക് മത്സരഫലം പ്രവചിച്ച് അമ്പാട്ടി റായിഡു

ബംഗ്ലാദേശ് ഇന്നിങ്‌സിന്റെ 17-ാം ഓവറിലായിരുന്നു വിവാദത്തിന് കാരണമായ സംഭവം. ചേസിങ്ങിന്റെ അവസാന നാലോവറുകളില്‍ ആറ് വിക്കറ്റ് കൈയ്യിലിരിക്കെ 27 റണ്‍സ് മാത്രമായിരുന്നു ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. മഹ്‌മുദുള്ളയും തൗഹിദ് ഹൃദോയ്‌യും ക്രീസിലുള്ളപ്പോള്‍ ബംഗ്ലാദേശ് അനായാസ ജയം നേടുമെന്ന് ആരാധകര്‍ ഈ സമയം ഉറപ്പിച്ചിരുന്നു. ബാര്‍ട്മാന്‍ എറിഞ്ഞ പതിനേഴാം ഓവറിലെ രണ്ടാം പന്ത് മഹ്‌മദുള്ള ഫ്‌ലിക്ക് ഷോട്ടിന് ശ്രമിച്ചെങ്കിലും മിസായി. പാഡിലിടിച്ച പന്ത് ബൗണ്ടറിയിലേക്ക് പായുകയും ചെയ്തു. ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ എല്‍ബിഡബ്ലുവിനായി അപ്പീല്‍ ചെയ്യുകയും ഫീല്‍ഡ് അമ്പയര്‍ അത് ഔട്ട് വിധിക്കുകയും ചെയ്തു. എന്നാല്‍ മഹ്‌മുദുള്ള ഈ തീരുമാനത്തിന് റിവ്യു ആവശ്യപ്പെട്ടു.

മൂന്നാം അമ്പയറുടെ പരിശോധനയില്‍ ആ പന്ത് വിക്കറ്റില്‍ കൊള്ളില്ലെന്ന് വ്യക്തമായി. ഇതോടെ മഹ്‌മുദുള്ള നോട്ട് ഔട്ട് ആണെന്ന് വിധിച്ചു. എന്നാല്‍ നിലവിലെ നിയമ പ്രകാരം അമ്പയര്‍ ഔട്ട് വിളിച്ചു കഴിഞ്ഞാല്‍ ആ പന്ത് ഡെഡാണ്. പിന്നീട് ആ പന്തില്‍ നേടുന്ന റണ്‍സിന് സാധുത ഇല്ല. ഇവിടെ മഹ്‌മുദുള്ള ഔട്ടാണെന്ന് ഫീല്‍ഡ് അമ്പയര്‍ വിധിച്ചതിന് ശേഷമാണ് പന്ത് ബൗണ്ടറി കടന്നത്. ചുരുക്കിപ്പറഞ്ഞാല്‍ പന്ത് ഡെഡ് ആയതിന് ശേഷമാണ് ബൗണ്ടറിയില്‍ എത്തിയത്. റിവ്യൂവില്‍ തീരുമാനത്തില്‍ മാറ്റം വന്നാലും, അതായത് ഔട്ട് എന്നത് നോട്ടൗട്ട് ആയാലും ആ പന്തില്‍ നേടുന്ന റണ്‍സ് ടീമുകള്‍ക്ക് ലഭിക്കില്ല.

ലെഗ് ബൈ ആയി ലഭിക്കേണ്ട നാല് റണ്‍സ് അംപയര്‍ തങ്ങള്‍ക്ക് അനുവദിക്കാതിരുന്നതാണ് പരാജയകാരണമെന്നാണ് ബംഗ്ലാദേശ് താരങ്ങളുടെ ആരോപണം. ബംഗ്ലാദേശ് താരം തൗഹിദ് ഹൃദോയ്‌ അടക്കമുള്ള താരങ്ങള്‍ അംപയര്‍മാര്‍ക്കെതിരേ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. അംപയര്‍മാര്‍ അനുവദിക്കാതിരുന്ന ലെഗ് ബൈ ആയ നാലു കൂടി ലഭിച്ചിരുന്നെങ്കില്‍ തങ്ങള്‍ ജയിച്ചേനെ എന്നാണ് താരങ്ങളുടെയും ആരാധകരുടെയും വാദം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com