ലോകം കീഴടക്കിയെത്തിയ മകന് ആ അമ്മയുടെ സ്നേഹ ചുംബനം; വീഡിയോ

അനുമോദന ചടങ്ങ് കാണാന്‍ ഗ്യാലറിയില്‍ നില്‍ക്കുന്ന മാതാപിതാക്കളുടെ ചിത്രവും വൈറലായിരുന്നു
ലോകം കീഴടക്കിയെത്തിയ മകന് ആ അമ്മയുടെ സ്നേഹ ചുംബനം; വീഡിയോ
Updated on

മുംബൈ: നിരവധി വൈകാരിക നിമിഷങ്ങള്‍ക്കാണ് വാങ്കഡെ സ്റ്റേഡിയം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. ട്വന്റി 20 ലോകകപ്പ് ജേതാക്കളായ ടീം ഇന്ത്യയുടെ അനുമോദന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ നിരവധി ആരാധകര്‍ക്കൊപ്പം ഇന്ത്യന്‍ താരങ്ങളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും വാങ്കഡെയില്‍ എത്തിച്ചേര്‍ന്നിരുന്നു. ഇതിനിടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും അമ്മയും തമ്മിലുള്ള കൂടിക്കാഴ്ചയാണ് ആരാധകരുടെ മനസ് കീഴടക്കുന്നത്.

ഡോക്ടറുമായുള്ള അപ്പോയിന്റ്‌മെന്റ് ഒഴിവാക്കിയാണ് രോഹിത് ശര്‍മ്മയുടെ അമ്മ പൂര്‍ണിമ ശര്‍മ്മയും അച്ഛന്‍ ഗുരുനാഥ് ശര്‍മ്മയും സ്റ്റേഡിയത്തിലെത്തിയത്. അനുമോദന ചടങ്ങ് കാണാന്‍ ഗ്യാലറിയില്‍ നില്‍ക്കുന്ന മാതാപിതാക്കളുടെ ചിത്രവും വൈറലായിരുന്നു. ചടങ്ങ് കഴിഞ്ഞ് ഉടനെ തന്നെ രോഹിത് മാതാപിതാക്കളെ കാണാന്‍ സ്റ്റേഡിയത്തിനകത്തേക്ക് ഓടിക്കയറുകയായിരുന്നു. മകനെ നേരിട്ട് കണ്ടതും കെട്ടിപ്പിടിച്ച് സ്‌നേഹ ചുംബനങ്ങളാല്‍ പൊതിയുന്ന അമ്മയുടെ ദൃശ്യങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു.

വ്യാഴാഴ്ച മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന അനുമോദന ചടങ്ങില്‍ സംസാരിക്കവേ ലോകകപ്പ് കിരീടം രോഹിത് രാജ്യത്തിന് സമര്‍പ്പിച്ചിരുന്നു. 11 വര്‍ഷമായി കിരീടത്തിന് കാത്തിരിക്കുന്ന ആരാധകരോട് ക്യാപ്റ്റന്‍ നന്ദി അറിയിക്കുകയും ചെയ്തു. 'ഈ ട്രോഫി മുഴുവന്‍ രാജ്യത്തിനും വേണ്ടിയുള്ളതാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച എല്ലാ കളിക്കാര്‍ക്കുമൊപ്പം, 11 വര്‍ഷമായി കിരീടത്തിന് വേണ്ടി കാത്തിരിക്കുന്ന ഞങ്ങളുടെ ആരാധകര്‍ക്ക് ഈ കിരീടം ഞങ്ങള്‍ സമര്‍പ്പിക്കുന്നു', രോഹിത് പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com