'ഹാര്‍ദ്ദിക് ഒരു മനുഷ്യനാണെന്നുപോലും ആളുകള്‍ മറന്നു'; വൈകാരിക കുറിപ്പുമായി ക്രുനാല്‍ പാണ്ഡ്യ

ഫൈനലില്‍ ഹാർദ്ദിക്കിന്‍റെ പ്രകടനം കണ്ട് സന്തോഷത്തോടെ കരയുന്ന ക്രുനാലിന്‍റെ വീഡിയോയും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു
'ഹാര്‍ദ്ദിക് ഒരു മനുഷ്യനാണെന്നുപോലും ആളുകള്‍ മറന്നു'; വൈകാരിക കുറിപ്പുമായി ക്രുനാല്‍ പാണ്ഡ്യ
Updated on

ന്യൂഡല്‍ഹി: ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ഹാര്‍ദ്ദിക് പാണ്ഡ്യയെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് സഹോദരനും ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ക്രുനാല്‍ പാണ്ഡ്യ. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായ ശേഷം ഹാര്‍ദ്ദിക്കിന് സ്വന്തം ആരാധകരുടെ തന്നെ വെറുപ്പിനും പരിഹാസങ്ങള്‍ക്കും വിധേയനാവേണ്ടിവന്നിരുന്നു. എന്നാല്‍ ട്വന്റി 20 ലോകകപ്പില്‍ ടീമിന് വേണ്ടി നിര്‍ണായക പ്രകടനം പുറത്തെടുത്ത് വിമര്‍ശകരുടെയും പരിഹസിച്ചവരുടെയും വായടപ്പിക്കാന്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഹാര്‍ദ്ദിക്കിന് സാധിച്ചു.

ഇതിനുപിന്നാലെ ഹാര്‍ദ്ദിക്കിനെക്കുറിച്ച് വൈകാരിക കുറിപ്പ് പങ്കുവെച്ച് ക്രുനാല്‍ രംഗത്തെത്തി. കഴിഞ്ഞ ആറുമാസം ഹാര്‍ദ്ദിക്കിന് മോശം അനുഭവങ്ങള്‍ ഉണ്ടായെന്നും ഇപ്പോള്‍ ഇന്ത്യയുടെ ലോകകപ്പ് വിജയത്തിനൊപ്പം ആരാധകരും ഹാര്‍ദ്ദിക്കിനെ സ്‌നേഹിക്കുന്നതു കാണുമ്പോള്‍ സന്തോഷവും അഭിമാനവും ഉണ്ടെന്നും ക്രുനാല്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. പാണ്ഡ്യ സഹോദരന്മാരുടെ ചിത്രങ്ങള്‍ക്കൊപ്പം ഫൈനലില്‍ ഹാർദ്ദിക്കിന്‍റെ പ്രകടനം കണ്ട് സന്തോഷത്തോടെ കരയുന്ന ക്രുനാലിന്‍റെ വീഡിയോയും താരം പങ്കുവെച്ചു.

ഇന്‍സ്റ്റഗ്രാം കുറിപ്പിന്റെ പൂര്‍ണരൂപം:

ഒരു പതിറ്റാണ്ടായി ഞാനും ഹാര്‍ദ്ദിക്കും പ്രൊഫഷണല്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയിട്ട്. എപ്പോഴും സ്വപ്‌നം കാണാറുള്ള കെട്ടുകഥകള്‍ പോലെയാണ് കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ നമ്മള്‍ ജീവിച്ചത്. എല്ലാ ഇന്ത്യക്കാരെയും പോലെ ഒരു 'വീരഗാഥ' പോലെയാണ് ഞാനും ലോകകപ്പ് വിജയം അനുഭവിച്ചത്. ആ കഥയുടെ ഹൃദയഭാഗത്ത് എന്റെ സഹോദരനാണ് ഉള്ളതെന്നത് എന്നെ കൂടുതല്‍ വികാരാധീനനാക്കുന്നു.

കഴിഞ്ഞ ആറ് മാസം ഹാര്‍ദ്ദിക്കിനെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. ഒരിക്കലും അര്‍ഹിക്കാത്ത സാഹചര്യങ്ങളിലൂടെയെല്ലാം അവന്‍ കടന്നുപോയി. ഒരു സഹോദരനെന്ന നിലയില്‍ എനിക്ക് ഹാർദ്ദിക്കിനെക്കുറിച്ചോര്‍ത്ത് വളരെ ദുഃഖം തോന്നിയിരുന്നു. അവനെ ആളുകള്‍ കൂവുകയും വളരെ മോശം കാര്യങ്ങള്‍ പറയുകയും ചെയ്തു. അവനും വികാരങ്ങളുള്ള ഒരു മനുഷ്യനാണെന്ന് എല്ലാവരും മറന്നു. ഒന്ന് പുഞ്ചിരിക്കാന്‍ പോലും ഹാർദ്ദിക് എത്ര ബുദ്ധിമുട്ടിയെന്ന് എനിക്കറിയാമായിരുന്നു. എങ്കിലും ഒരു ചെറുപുഞ്ചിരിയോടെ അവന്‍ എല്ലാ സാഹചര്യങ്ങളെയും നേരിട്ടു. അദ്ദേഹം ലോകകപ്പ് നേടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്നത് തുടരുകയും ചെയ്തു. കാരണം അവന്റെ ആത്യന്തികമായ ലക്ഷ്യം അതായിരുന്നു.

ഇന്ത്യയുടെ ദീര്‍ഘകാല സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് അവൻ ഹൃദയം തുറന്നാണ് കളിച്ചത്. മറ്റൊന്നും അവന്‍ ചിന്തിച്ചിരുന്നില്ല. തന്റെ കരിയറിന്റെ ഇത്രയും ചുരുങ്ങിയ കാലഘട്ടത്തിനുള്ളില്‍ ഹാര്‍ദ്ദിക് ചെയ്തതെല്ലാം അവിശ്വസനീയമായ കാര്യങ്ങളാണെന്ന് ഞാന്‍ ആളുകളെ ഓര്‍മ്മിപ്പിക്കുകയാണ്. ദേശീയ ടീമിന് വേണ്ടിയുള്ള പരിശ്രമങ്ങളില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാന്‍ ഹാർദ്ദിക് തയ്യാറായിട്ടില്ല. ഓരോ തവണയും ഹാര്‍ദ്ദിക്കിന്റെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും ആളുകള്‍ അവനെ എഴുതിത്തള്ളി. അതുമാത്രമാണ് അവനെ കൂടുതല്‍ ശക്തനായി തിരിച്ചുവരാന്‍ പ്രേരിപ്പിച്ചത്.

ഹാര്‍ദ്ദിക്കിനെ സംബന്ധിച്ചിടത്തോളം രാജ്യമാണ് അദ്ദേഹത്തിന് ഒന്നാമത്. അത് എല്ലായ്‌പ്പോഴും അങ്ങനെ തന്നെയായിരിക്കും. ബറോഡയില്‍ നിന്നുള്ള ഒരു ചെറുപ്പക്കാരനെ സംബന്ധിച്ചിടത്തോളം തന്റെ ടീമിനെ ലോകകപ്പ് സ്വന്തമാക്കാന്‍ സഹായിക്കുക എന്നതിനേക്കാള്‍ വലിയ നേട്ടം മറ്റൊന്നില്ല.

ഹാര്‍ദ്ദിക്, ഞാന്‍ നിന്നെയോര്‍ത്ത് അഭിമാനിക്കുന്നു. ഞാന്‍ നിന്നെ വളരെയധികം സ്‌നേഹിക്കുന്നു. നിങ്ങളെ തേടിയെത്തുന്ന ഓരോ സന്തോഷങ്ങള്‍ക്കും നല്ല കാര്യങ്ങള്‍ക്കും നിങ്ങള്‍ അര്‍ഹനാണ്. എല്ലാത്തിനുമുപരി ഞാന്‍ നിങ്ങളെ ബഹുമാനിക്കുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com