ടെസ്റ്റിൽ ആറായിരം റണ്‍സും 200 വിക്കറ്റും; ചരിത്രനേട്ടം കൈവരിക്കുന്ന മൂന്നാമനായി ബെന്‍ സ്‌റ്റോക്‌സ്

സര്‍ ഗാര്‍ഫീല്‍ഡ് സൊബേഴ്‌സും ജാക്വസ് കാലിസും മാത്രമാണ് ഇതിന് മുന്‍പ് ഈ നേട്ടം കൈവരിച്ചത്
ടെസ്റ്റിൽ ആറായിരം റണ്‍സും 200 വിക്കറ്റും; ചരിത്രനേട്ടം കൈവരിക്കുന്ന മൂന്നാമനായി ബെന്‍ സ്‌റ്റോക്‌സ്
Updated on

ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ആറായിരം റണ്‍സും 200 വിക്കറ്റും നേടുന്ന, ലോകത്തെ മൂന്നാമത്തെയും ഇംഗ്ലണ്ടിന്റെ ആദ്യത്തെയും താരമായി ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്. സര്‍ ഗാര്‍ഫീല്‍ഡ് സൊബേഴ്‌സും ജാക്വിസ് കാലിസും മാത്രമാണ് ഇതിന് മുന്‍പ് ഈ നേട്ടം കൈവരിച്ചത്. ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനമാണ് ഇംഗ്ലണ്ട് നായകന്‍ ഈ നാഴികക്കല്ല് പിന്നിട്ടത്. സൊബേഴ്‌സ് 93 ടെസ്റ്റുകളില്‍നിന്ന് 8032 റണ്‍സാണ് നേടിയത്. 235 വിക്കറ്റുകളും നേടി. ദക്ഷിണാഫ്രിക്കയുടെ കാലിസ് 166 ടെസ്റ്റുകളില്‍നിന്ന് 13289 റണ്‍സും 292 വിക്കറ്റും നേടി. 103 ടെസ്റ്റുകളില്‍നിന്നാണ് ബെന്‍ സ്റ്റോക്‌സ് 6320 റണ്‍സും 200 വിക്കറ്റും നേടിയത്.

വിന്‍ഡീസിന്റെ മെക്കന്‍സിയെ പൂജ്യത്തിന് പുറത്താക്കിയാണ് സ്റ്റോക്‌സ് 200 വിക്കറ്റ് നേട്ടം തികച്ചത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,000 റണ്‍സും 300 വിക്കറ്റും എന്ന നേട്ടത്തിനും സ്‌റ്റോക്‌സ് ഉടമയായി. കാള്‍ ഹൂപ്പര്‍, സനത് ജയസൂര്യ, ജാക്വിസ് കാലിസ്, ഷാഹിദ് അഫ്രീദി, ഷാക്കിബ് അല്‍ ഹസന്‍ എന്നിവര്‍ ഈ നേട്ടത്തിലേക്കെത്തിയവരാണ്.

അതേ സമയം വെസ്റ്റ്ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് മികച്ച വിജയം നേടി. ഇന്നിങ്സിനും 114 റൺസിനുമാണ് ഇംഗ്ലണ്ട് വിജയം നേടിയത്. ടെസ്റ്റിന്റെ മൂന്നാം ദിനം തുടങ്ങി ആദ്യ സെഷൻ അവസാനിക്കുന്നതിന് മുന്നേ തന്നെ വെസ്റ്റ് ഇൻഡീസിന്റെ രണ്ടാം ഇന്നിങ്‌സ് അവസാനിപ്പിക്കാൻ ഇംഗ്ലീഷ് താരങ്ങൾക്കായി. 136 റൺസിലാണ് വെസ്റ്റ് ഇൻഡീസിന്റെ രണ്ടാം ഇന്നിങ്‌സ് ടോട്ടൽ അവസാനിച്ചത്. 32 റൺസെടുത്ത ഗുദകേഷ് ആണ് വെസ്റ്റ്ഇൻഡീസ് നിരയിലെ ടോപ്പ് സ്‌കോറർ. ഒന്നാം ഇന്നിങ്സിലെന്ന പോലെ രണ്ടാം ഇന്നിങ്സിലും കരീബിയൻ നിരയിലാർക്കും ബാറ്റിങ്ങിൽ തിളങ്ങാനായില്ല.

ആദ്യ ഇന്നിങ്സിൽ ഏഴ് വിക്കറ്റ് വീഴ്ത്തിയ ഗസ് അറ്റ്കിൻസൺ തന്നെയാണ് രണ്ടാം ഇന്നിങ്സിലും വെസ്റ്റ്ഇൻഡീസ് ബാറ്റിങ് നിരയുടെ മുനയൊടിച്ചത്. രണ്ടാം ഇന്നിങ്സിൽ അഞ്ചുവിക്കറ്റാണ് താരം നേടിയത്. ഈ ടെസ്റ്റോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്ന ജെയിംസ് ആൻഡേഴ്‌സണും മൂന്ന് വിക്കറ്റുകൾ നേടി ഇംഗ്ലീഷ് നിരയിൽ തിളങ്ങി. നേരത്തെ ആദ്യ ഇന്നിങ്സിൽ 371 റൺസാണ് ഇംഗ്ലണ്ട് എടുത്തിരുന്നത്. അടുത്ത ജൂലായ് 18 നാണ് മൂന്ന് മത്സരങ്ങടങ്ങിയ പരമ്പരയിലെ രണ്ടാം ടെസ്റ്റ്.

ടെസ്റ്റിൽ ആറായിരം റണ്‍സും 200 വിക്കറ്റും; ചരിത്രനേട്ടം കൈവരിക്കുന്ന മൂന്നാമനായി ബെന്‍ സ്‌റ്റോക്‌സ്
'ടെസ്റ്റിൽ 400 റൺസെന്ന എന്റെ റെക്കോർഡ് ഇവർ തകർക്കും'; നാല് യുവതാരങ്ങളെ ചൂണ്ടിക്കാട്ടി ലാറ

Related Stories

No stories found.
logo
Reporter Live
www.reporterlive.com