'ധോണിയെ ഇത്ര കലിപ്പായി കണ്ടിട്ടില്ല, ശ്രീശാന്തിനെ തിരിച്ചയക്കാന്‍ പറഞ്ഞു'; വെളിപ്പെടുത്തി അശ്വിന്‍

'മത്സരം നടക്കുമ്പോള്‍ എല്ലാ താരങ്ങളും ഡഗ്ഗൗട്ടിലുണ്ടാവണമെന്ന് ക്യാപ്റ്റന്‍ ധോണി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടായിരുന്നു'
'ധോണിയെ ഇത്ര കലിപ്പായി കണ്ടിട്ടില്ല, ശ്രീശാന്തിനെ തിരിച്ചയക്കാന്‍ പറഞ്ഞു'; വെളിപ്പെടുത്തി അശ്വിന്‍
Updated on

ചെന്നൈ: ക്രിക്കറ്റിലെ 'ക്യാപ്റ്റന്‍ കൂള്‍' എന്ന് അറിയപ്പെടുന്ന താരമാണ് ഇന്ത്യയുടെ മുന്‍ നായകന്‍ എം എസ് ധോണി. എത്ര സമ്മര്‍ദ്ദമേറിയ സാഹചര്യങ്ങളെയും മനസ്സാന്നിധ്യം കൈവിടാതെ കൈകാര്യം ചെയ്ത് ടീമിനെ മുന്നോട്ടുനയിക്കാനുള്ള കഴിവാണ് ധോണിയെ ക്യാപ്റ്റന്‍ കൂളാക്കിയത്. പക്ഷേ ധോണി ദേഷ്യപ്പെടുന്ന ചില അപൂര്‍വ്വ നിമിഷങ്ങളുണ്ടായിട്ടുണ്ട്. അങ്ങനെയൊരു സന്ദര്‍ഭം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍.

2010ല്‍ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ മലയാളി താരം എസ് ശ്രീശാന്തിനോടാണ് ധോണി കയര്‍ത്തുസംസാരിച്ചതെന്നാണ് അശ്വിന്‍ പറയുന്നത്. ശ്രീശാന്തിനെ നാട്ടിലേക്ക് തിരികെ അയക്കണമെന്ന് ധോണി ആവശ്യപ്പെട്ടു. പോര്‍ട്ട് ഓഫ് എലിസബത്തില്‍ നടന്ന ഏകദിന മത്സരത്തിനിടെയായിരുന്നു സംഭവം.

'മത്സരത്തില്‍ ഞാനും ശ്രീശാന്തും ഉള്‍പ്പടെയുള്ള താരങ്ങള്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടായിരുന്നില്ല. എങ്കിലും മത്സരം നടക്കുമ്പോള്‍ എല്ലാ താരങ്ങളും ഡഗ്ഗൗട്ടിലുണ്ടാവണമെന്ന് ക്യാപ്റ്റന്‍ ധോണി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടായിരുന്നു. ധോണി ബാറ്റുചെയ്തുകൊണ്ടിരിക്കെ ഞാനാണ് പലതവണ ഗ്രൗണ്ടിലേക്ക് വെള്ളം കൊടുത്തിരുന്നത്. ഒരുതവണ ശ്രീശാന്ത് എവിടെയെന്ന് ധോണി എന്നോടുചോദിച്ചു. ശ്രീ ഡ്രസിങ് റൂമിലുണ്ടെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു ശ്രീയോട് താഴെ വന്ന് റിസര്‍വ്വ് താരങ്ങളുടെ കൂടെ ഇരിക്കണമെന്ന് പറയൂ എന്ന്.

ഒരു രാജ്യാന്തര മത്സരത്തില്‍ വിക്കറ്റ് കീപ്പറായി നില്‍ക്കുന്നതിനിടെ ശ്രീശാന്ത് റിസര്‍വ് താരങ്ങള്‍ക്കൊപ്പമില്ലെന്ന് ധോണി എങ്ങനെ ശ്രദ്ധിച്ചെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. ഞാന്‍ ഡ്രസിങ് റൂമിലെത്തി ധോണി വരാന്‍ ആവശ്യപ്പെട്ട കാര്യം ശ്രീശാന്തിനെ അറിയിച്ചു. നീ പൊയ്‌ക്കോ ഞാന്‍ വരാമെന്നായിരുന്നു ശ്രീശാന്ത് അറിയിച്ചത്.

'ധോണിയെ ഇത്ര കലിപ്പായി കണ്ടിട്ടില്ല, ശ്രീശാന്തിനെ തിരിച്ചയക്കാന്‍ പറഞ്ഞു'; വെളിപ്പെടുത്തി അശ്വിന്‍
മെസ്സി പഴയ മെസ്സിയല്ല; ആര്‍ക്ക് വേണമെങ്കിലും തടയാനാവുമെന്ന് മുന്‍ കൊളംബിയന്‍ താരം

കുറച്ചുകഴിഞ്ഞ് ധോണിക്ക് ഹെല്‍മറ്റുമായി പോവേണ്ടി വന്നപ്പോഴും ശ്രീശാന്ത് വന്നിരുന്നില്ല. ധോണിക്ക് ദേഷ്യം വന്നിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായെങ്കിലും ഞാന്‍ ഹെല്‍മെറ്റ് കൊടുത്ത് മടങ്ങി. അടുത്ത തവണയും ഹെല്‍മെറ്റുമായി ചെന്നപ്പോള്‍ ശ്രീ ശരിക്കും എന്താണ് അവിടെ ചെയ്യുന്നതെന്ന് ധോണി ദേഷ്യത്തില്‍ ചോദിച്ചു. ശ്രീശാന്ത് മസ്സാജിങ്ങിലാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ധോണി ഒന്നും പറഞ്ഞില്ല.

അടുത്ത ഓവറില്‍ ഹെല്‍മെറ്റ് തിരിച്ചെടുക്കാന്‍ പോയപ്പോഴേക്കും ധോണിയുടെ കോപമെല്ലാം ശമിച്ചിരുന്നു. ഹെല്‍മെറ്റ് കയ്യില്‍ തന്നുകൊണ്ട് എന്നോട് നീ ഒരു കാര്യം ചെയ്യണമെന്ന് പറഞ്ഞു. രഞ്ജിബ് സാറിന്റെ (ടീം മാനേജര്‍) അടുത്തേക്കു പോയിട്ട് ശ്രീക്ക് ഇവിടെ തുടരാന്‍ താല്‍പ്പര്യമില്ലെന്ന് അദ്ദേഹത്തോടു പറയണം. നാളെ ഇന്ത്യയിലേക്കു തിരികെ പോവാന്‍ അവന് ടിക്കറ്റ് ബുക്ക് ചെയ്യാനും പറയണമെന്നു ധോണി എന്നോടു ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ എന്നെ ശരിക്കും ഞെട്ടിച്ചു. ഞാന്‍ ഭയത്തോടെ ധോണിയുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നുപോയി. എന്തുപറ്റി? നിനക്ക് ഇംഗ്ലീഷ് അറിയില്ലേയെന്ന് ധോണി എന്നോട് ചോദിച്ചു.

ഇക്കാര്യം ഞാന്‍ ഡ്രസിങ് റൂമിലെത്തി ശ്രീയോടു പറഞ്ഞപ്പോള്‍ അവന്‍ പെട്ടെന്നു തന്നെ ഓടി ഡഗൗട്ടിലേക്കു വന്നു. ഇത്തവണ ശ്രീശാന്താണ് ഡ്രിങ്ക്‌സുമായി എന്നോടൊപ്പം ആദ്യം ഗ്രൗണ്ടിലെത്തിയത്. എന്നാല്‍ ധോണി ശ്രീയുടെ കൈയില്‍ നിന്ന് വെള്ളം വാങ്ങാതെ ടീം മാനേജരോട് ടിക്കറ്റെടുക്കാന്‍ പറഞ്ഞോ എന്ന് എന്നോടു ചോദിച്ചു. ഞാന്‍ അപ്പോഴും എന്ത് മറുപടി പറയണമെന്ന് അറിയാതെ നിന്നെങ്കിലും പിന്നീട് ശ്രീയും ധോണിയും അക്കാര്യം പറഞ്ഞ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു'- അശ്വിന്‍ പറഞ്ഞു. ഐ ഹാവ് ദ സ്ട്രീറ്റ്സ്- എ കുട്ടി ക്രിക്കറ്റ് സ്റ്റോറിയെന്ന പുസ്തകത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com