ഡൽഹി: ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ഗൗതം ഗംഭീർ ചുമതലയേൽക്കുകയാണ്. എന്നാൽ തന്റെ പരിശീലന രീതികൾ പലതാരങ്ങൾക്കും ഇഷ്ടമായേക്കില്ലെന്ന് തുറന്നുപറയുകയാണ് ഇന്ത്യൻ മുൻ താരം. ടീമിലെ ഓരോ താരങ്ങൾക്കും ഓരോ ചുമതലകൾ ഉണ്ടാകും. എല്ലാവർക്കും താൻ നൽകുന്ന റോളുമായി പൊരുത്തപ്പെടാൻ സാധിച്ചേക്കില്ല. അതിനായി കഠിനാദ്ധ്വാനം ചെയ്യണം. എളുപ്പത്തിൽ ആർക്കും ഒന്നും സാധിക്കില്ലെന്നും ഗംഭീർ തുറന്നുപറഞ്ഞു.
ഏകദിന ക്രിക്കറ്റിനോടുള്ള താരങ്ങളുടെ സമീപനം വ്യക്തമാണം. ഭയമില്ലാതെ കളിക്കാൻ കഴിയുന്ന താരങ്ങളെ കണ്ടെത്തണം. ഒപ്പം വ്യത്യസ്തമായ ബാറ്റിംഗ് ശൈലിയിലുള്ള താരങ്ങളെ ടീമിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ആങ്കർ റോൾ കളിക്കുന്ന താരങ്ങളുടെ സംഭാവന നിർണായകമാണ്. ന്യൂബോളുകൾ രണ്ടെണ്ണം ഉപയോഗിക്കുന്നതിനാൽ റിവേഴ്സ് സ്വിംഗുകൾ ലഭിക്കില്ല. പാർട്ട് ടൈം സ്പിന്നേഴ്സിനെ പന്തേൽപ്പിക്കാൻ കഴിയില്ല. പകരമായി ഒരു അധിക സ്പിന്നർ ടീമിലുണ്ടാകണം. ഈ റോളുകൾ ചെയ്യാൻ കഴിയുന്ന താരങ്ങളെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും ഗംഭീർ പ്രതികരിച്ചു.
ജൂലൈ 27ന് ട്വന്റി 20 മത്സരത്തോടെയാണ് ഇന്ത്യയുടെ ശ്രീലങ്കൻ പരമ്പരയ്ക്ക് തുടക്കമാകുന്നത്. ഹാർദ്ദിക്ക് പാണ്ഡ്യയോ സൂര്യകുമാർ യാദവോ ട്വന്റി 20 പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാകുമെന്നാണ് സൂചന. രോഹിത് ശർമ്മയ്ക്ക് വിശ്രമം അനുവദിച്ചാൽ കെ എൽ രാഹുലിനെ ഏകദിന ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തേക്കും. മലയാളി താരം സഞ്ജു സാംസൺ രണ്ട് ടീമിലും ഇടം നേടിയേക്കും. ഗൗതം ഗംഭീർ ഇന്ത്യൻ പരിശീലകനാകുന്ന ആദ്യ പരമ്പരയാണിത്.