കൊളംബോ: ഏഷ്യാ കപ്പ് ട്വന്റി 20 വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഒന്‍പതാം പതിപ്പിന് ഇന്ന് ശ്രീലങ്കയില്‍ തുടക്കമാവും. ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന യുഎഇ- നേപ്പാള്‍ മത്സരത്തോടെ ടൂര്‍ണമെന്റ് ആരംഭിക്കും. രാത്രി ഏഴ് മണിക്ക് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ പാകിസ്താനെ നേരിടും.
രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടാനെത്തുന്നത്. ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ഇന്ത്യയെ കൂടാതെ പാകിസ്താന്‍, യുഎഇ, നേപ്പാള്‍ എന്നിവരാണ് ഗ്രൂപ്പ് എയിലെ ടീമുകള്‍. മലേഷ്യ, തായ്‌ലന്‍ഡ്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവരാണ് ഗ്രൂപ്പ് ബിയില്‍. രണ്ട് ഗ്രൂപ്പുകളിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമിഫൈനലിലേക്ക് യോഗ്യത നേടും.
Captains' Photoshoot ✅ ✅
— BCCI Women (@BCCIWomen) July 18, 2024
Just 1⃣ Day away from the #WomensAsiaCup2024 🏆#ACC | #TeamIndia | @ImHarmanpreet pic.twitter.com/P0N5qdBoM8
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന വനിതാ പരമ്പരയിലെ ആധികാരിക വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ പാകിസ്താനെതിരായ ആദ്യ മത്സരത്തിനിറങ്ങുക. ഒക്ടോബറില്‍ ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പിന് മുന്നൊരുക്കം കൂടിയായിരിക്കും ടീം ഇന്ത്യയ്ക്ക് ഏഷ്യാ കപ്പ് ടൂര്‍ണമെന്റ്. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ടീം ഇന്ത്യ കിരീടം നിലനിര്‍ത്താനാണ് ഇറങ്ങുന്നത്.
കഴിഞ്ഞ തവണ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. അഞ്ച് ചാമ്പ്യന്‍ഷിപ്പുകളില്‍ നാലുതവണയും ഇന്ത്യ കിരീടം ചൂടി. പാകിസ്താനെതിരെയും ഇന്ത്യന്‍ വനിതകള്‍ക്ക് മികച്ച റെക്കോര്‍ഡാണുള്ളത്. ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ 14 മത്സരങ്ങളില്‍ 11 തവണയും ഇന്ത്യയ്ക്കായിരുന്നു വിജയം.