വീണ്ടും സ്പിന് കെണി, ഇന്ത്യയ്ക്ക് ദയനീയ പരാജയം; ഏകദിന പരമ്പര ശ്രീലങ്കയ്ക്ക്

27 വർഷത്തിനുശേഷമാണ് ഇന്ത്യയ്ക്കെതിരെ ശ്രീലങ്ക പരമ്പര സ്വന്തമാക്കുന്നത്

dot image

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില് കൂറ്റന് പരാജയം ഏറ്റുവാങ്ങി ഇന്ത്യ. 110 റണ്സിനാണ് ശ്രീലങ്ക ഇന്ത്യയെ പരാജയപ്പെടുത്തിയത്. ശ്രീലങ്ക ഉയര്ത്തിയ 249 റണ്സ് വിജയലക്ഷ്യം പിന്തുടര്ന്ന ഇന്ത്യ 26.1 ഓവറില് വെറും 138 റണ്സിന് ഓള്ഔട്ടായി. അഞ്ച് വിക്കറ്റ് നേടിയ ദുനിത് വെല്ലാലഗെയാണ് ഇന്ത്യയുടെ നട്ടെല്ല് തകര്ത്തത്. ഇതോടെ 2-0 എന്ന നിലയില് ആതിഥേയര് പരമ്പര സ്വന്തമാക്കി. 27 വർഷത്തിനുശേഷമാണ് ഇന്ത്യയ്ക്കെതിരെ ശ്രീലങ്ക പരമ്പര സ്വന്തമാക്കുന്നത്.

ടോസ് നേടി ആദ്യ ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക നിശ്ചിത 50 ഓവറില് ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 248 റണ്സ് നേടിയത്. പതും നിസ്സങ്ക (45) -അവിഷ്ക സഖ്യം ഒന്നാം വിക്കറ്റില് 89 റണ്സ് നേടി. നിസ്സങ്കയെ വിക്കറ്റ് കീപ്പര് റിഷഭ് പന്തിന്റെ കൈകളിലെത്തിച്ച് അക്സര് പട്ടേലാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്കിയത്. എന്നാല് വണ്ഡൗണായി എത്തിയ കുശാല് മെന്ഡിസിനെ കൂട്ടുപിടിച്ച് അവിഷ്ക 72 റണ്സ് കൂട്ടിചേര്ത്തു. എന്നാല് അവിഷ്കയെ (59) റിയാന് പരാഗ് വിക്കറ്റിന് മുന്നില് കുരുക്കി.

അവിഷ്ക കൂടാരം കയറിയതിന് പിന്നാലെ ലങ്ക തകര്ന്നു. ചരിത് അസലങ്ക (10), സധീര സമരവിക്രമ (0), ജനിത് ലിയാങ്കെ (8), ദുനിത് വെല്ലാലഗെ (2) എന്നിവര്ക്ക് കാര്യമായ സംഭാവന നല്കാനായില്ല. കമിന്ദു മെന്ഡിസിനെ കൂട്ടുപിടിച്ച് കുശാല് മെന്ഡിസ് നടത്തിയ പോരാട്ടമാണ് ലങ്കയ്ക്ക് മാന്യമായ സ്കോര് നല്കിയത് 49-ാം ഓവറില് കുശാല് മെന്ഡിസിനെ (59) കുല്ദീപ് യാദവ് പുറത്താക്കി. മഹീഷ് തീക്ഷണ (3) കമിന്ദുവിനൊപ്പം പുറത്താവാതെ നിന്നു. ഇന്ത്യക്കായി റിയാന് പരാഗ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള് മുഹമ്മദ് സിറാജ്, അക്സര് പട്ടേല്, കുല്ദീപ് യാദവ് എന്നിവര് ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങില് ഇന്ത്യയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. സ്കോര് ബോര്ഡില് 37 റണ്സുള്ളപ്പോള് ശുഭ്മന് ഗില്ലിനെ (6) ഇന്ത്യയ്ക്ക് നഷ്ടമായി. അഞ്ചാം ഓവറില് അശിത ഫെര്ണാണ്ടോയുടെ പന്തില് ബൗള്ഡായാണ് ഗില്ലിന്റെ മടക്കം. ക്യാപ്റ്റന് രോഹിത് ശര്മ്മയ്ക്ക് മാത്രമാണ് ഇന്ത്യന് നിരയില് പിടിച്ചുനില്ക്കാനായത്. 20 പന്തില് 35 റണ്സെടുത്ത രോഹിത്തിനെ ഏഴാം ഓവറില് പുറത്താക്കി ദുനിത് വെല്ലാലഗെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചു.

പത്താം ഓവറില് റിഷഭ് പന്തിനെ (6) മഹീഷ് തീക്ഷ്ണ പുറത്താക്കി. പിന്നാലെ വിരാട് കോഹ്ലി (20), അക്സര് പട്ടേലും (2) ശ്രേയസ് അയ്യര് (8) എന്നിവരെ വെല്ലാലഗെ പുറത്താക്കി. റിയാന് പരാഗും (15) ശിവം ദുബെയും (9) ജെഫ്രി വാന്ഡെഴ്സണ് കൂടാരം കയറ്റിയതോടെ 18-ാം ഓവറില് 101 റണ്സിന് എട്ട് വിക്കറ്റ് നഷ്ടമെന്ന നിലയിലായി ഇന്ത്യ. വാഷിംഗ്ടണ് സുന്ദറിന്റെ (30) ഇന്നിംഗ്സാണ് അല്പ്പമെങ്കിലും തോല്വിഭാരം കുറയ്ക്കാന് സഹായിച്ചത്. 27-ാം ഓവറിലെ ആദ്യ പന്തില് കുല്ദീപ് യാദവിനെ (6) വെല്ലാലഗെ വിക്കറ്റിന് മുന്നില് കുരുക്കിയതോടെ ഇന്ത്യന് ഇന്നിങ്സ് അവസാനിപ്പിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us