അച്ഛന്റെ വഴിയേ മകനും ഇന്ത്യൻ ടീമിന്റെ നീലജഴ്സിലേക്ക് അരങ്ങേറുന്നു. മുൻ കോച്ചും ഇതിഹാസതാരവുമായ രാഹുൽ ദ്രാവിഡിന്റെ മകനെ ഇന്ത്യയുടെ അണ്ടർ 19 ടീമിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ഓസീസിനെതിരെയുള്ള അണ്ടർ 19 ടീമിലാണ് ദ്രാവിഡിന്റെ മകൻ സമിത് ദ്രാവിഡിനെയും ഉൾപ്പെടുത്തിയിട്ടുള്ളത്.
ഓസീസിനെതിരെയുള്ള ഏകദിന, ചതുർ ദിന പരമ്പരയിലാണ് സാമിതിനെ ഉൾപ്പെടുത്തിയിട്ടുള്ളത്. സീരീസിൽ 3 ഏകദിനവും 2 ചതുർദിന മത്സരവുമാണ് ഉള്ളത്. ചെന്നൈ, പുതുച്ചേരി എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. ഏകദിന ടീമിനെ മുഹമ്മദ് അമാനും ചതുർദിന മത്സരത്തില്ഡ സോഹം പട്വർധനുമായിരിക്കും നയിക്കുക. ഓൾ റൗണ്ടറായ സാമിത് നിലവിൽ നടന്നുകൊണ്ടിരിക്കുന്ന മഹാരാജ ടി20 ട്രോഫിയിൽ മൈസൂർ വാരിയേഴ്സിനു വേണ്ടിയാണ് കളിക്കുന്നത്. നിലിവിൽ മഹാരാജ ട്രോഫിയിൽ 7 ഇന്നിങ്സുകളിൽ നിന്ന് 82 റൺസാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.
നേരത്തെ ഈ വർഷം തുടക്കത്തിൽ കൂച്ച് ബെഹാർ ട്രോഫിയിൽ ഉജ്വല ഫോമിൽ കളിച്ച സാമിത് 8 മത്സരങ്ങളിൽ നിന്ന് 362 റൺസ് നേടി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതിനൊപ്പം ഫൈനലിൽ മുംബൈയ്ക്കെതിരെ നേടിയ 2 വിക്കറ്റുകളടക്കം 16 വിക്കറ്റുകളും ആ ടൂർണമെന്റിൽ നേടിയിരുന്നു. സ്കൂൾ ക്രിക്കറ്റിൽ മികച്ച പ്രകടനം തുടർന്ന ദ്രാവിഡിന്റെ മകൻ സമിത് 2015ൽ അണ്ടർ 12 ക്രിക്കറ്റ് ടൂർണമെന്റിൽ മികച്ച ബാറ്റ്സ്മാനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2017ൽ ബെംഗളൂരു യുണൈറ്റഡ് ക്ലബ്ബിനായി കളിച്ച സമിത് അവിടെയും സെഞ്ചുറി നേടിയിരുന്നു.
മുൻപ് ഐപിഎല്ലിൽ ദ്രാവിഡിന്റെ ശിക്ഷണത്തിൽ രാജസ്ഥാൻ റോയൽസിന്റെ ട്രയൽസിൽ സമിത്തും സജീവ സാന്നിധ്യമായിരുന്നു. അണ്ടര്‍ 12 ക്രിക്കറ്റു മുതല്‍ തുടര്‍ച്ചയായി മികവുകാട്ടുന്ന സമിത് ഭാവി ഇന്ത്യന്‍ താരമാകുമെന്ന് ക്രിക്കറ്റ് പ്രേമികളും കരുതുന്നുണ്ട്.