കുട്ടിക്രിക്കറ്റില് രണ്ട് ലോകകിരീടങ്ങളാണ് ഇന്ത്യ ഇതുവരെ നേടിയത്. 2007ല് ടി20 ലോകകപ്പിന്റെ ഉദ്ഘാടന സീസണില് എം എസ് ധോണിയും സംഘവുമാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ലോകകപ്പ് ഉയര്ത്തിയത്. ശേഷം ഒന്നരപതിറ്റാണ്ടിലധികം നീണ്ട കാത്തിരിപ്പിനൊടുവില് 2024ല് രോഹിത് ശര്മ്മയും സംഘവുമാണ് ടി20 ലോകകിരീടം ഇന്ത്യന് മണ്ണിലെത്തിച്ചത്. ഇപ്പോള് കുട്ടിക്രിക്കറ്റിലെ വിശ്വകിരീടം നേടിയ രണ്ട് ടീമുകളെയും താരതമ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മുന് താരം ഹര്ഭജന് സിങ്.
എം എസ് ധോണി ക്യാപ്റ്റനായ ലോകകപ്പ് ടീമില് ഉള്ളതിനെ അപേക്ഷിച്ച് രോഹിത് ശര്മ്മയുടെ ടീമില് മാച്ച് വിന്നര്മാര് കൂടുതലായിരുന്നുവെന്നാണ് ഹര്ഭജന് പറയുന്നത്. 2007 ലോകകപ്പ് നേട്ടത്തില് നിര്ണായക പങ്കുവഹിച്ച ഹര്ഭജന് ഉദാഹരണസഹിതം അക്കാര്യം വ്യക്തമാക്കുകയും ചെയ്തു. ഒരു യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു ഹര്ഭജന്റെ പ്രതികരണം.
'രോഹിത് കളിക്കാരുടെ അടുത്തുപോയി സംസാരിക്കും, പക്ഷേ ധോണി അങ്ങനെയല്ല'; മനസ് തുറന്ന് ഹർഭജന്'2007 ലോകകപ്പിലെ ഞങ്ങളുടെ ടീമില് ഉള്ളതിനേക്കാള് കൂടുതല് മാച്ച് വിന്നേഴ്സ് 2024 ലോകകപ്പ് സ്ക്വാഡിലുണ്ടായിരുന്നു. അന്ന് ഞങ്ങള്ക്ക് അത് തികച്ചും പുതിയ ഫോര്മാറ്റായിരുന്നു. ഞങ്ങള് ആദ്യമായിട്ടായിരുന്നു ടി20 ഫോര്മാറ്റില് കളിക്കുന്നത്. അന്ന് ടി20യെ കുറിച്ച് കാര്യമായ അറിവ് ഞങ്ങള്ക്ക് ഇല്ലായിരുന്നു. ഒരു ഒഴുക്കിനൊപ്പം പോയാണ് ഞങ്ങള് വിജയം സ്വന്തമാക്കിയത്', ഹര്ഭജന് സിങ് പറഞ്ഞു.
'2007ല് കുറച്ചുപേര് ഒഴികെ വലിയ രീതിയില് അറിയപ്പെടുന്ന താരങ്ങള് ടീമില് ഉണ്ടായിരുന്നില്ല. യുവരാജ് സിങ്ങും വിരേന്ദര് സെവാഗും ഞാനും അജിത് അഗാര്ക്കറും ഒഴികെ ഭൂരിഭാഗവും പുതിയ താരങ്ങളായിരുന്നു. ധോണി അന്ന് ആദ്യമായിട്ടായിരുന്നു ഒരു ടീമിനെ നയിക്കുന്നതും. എന്നാല് 2024ലെ ലോകകപ്പ് ടീമിലേക്ക് നോക്കൂ, രോഹിത് ശര്മ്മ, വിരാട് കോഹ്ലി, ഹാര്ദ്ദിക് പാണ്ഡ്യ തുടങ്ങി മിക്ക താരങ്ങളും വലിയ മാച്ച് വിന്നര്മാരായ താരങ്ങളാണ്. അവര് ടൂര്ണമെന്റില് മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു', ഹര്ഭജന് കൂട്ടിച്ചേര്ത്തു.