കളിക്കളത്തിൽ പുറത്തെടുത്ത അമിതാവേശത്തിന്റെ പേരിൽ വിലക്ക് നേരിടാതിരിക്കാൻ വേണ്ടി താൻ ഒരിക്കൽ മാച്ച് റഫറിയോട് ഒരുപാട് അഭ്യർഥിക്കേണ്ടി വന്നിരുന്നുവെന്ന് തുറന്നുപറഞ്ഞ് വിരാട് കോഹ്ലി. വിസ്ഡന് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യൻ താരത്തിന്റെ തുറന്നുപറച്ചിൽ.
2012ൽ ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിനിടെയാണ് സംഭവം നടന്നത്. ഓസ്ട്രേലിയൻ ആരാധകരുടെ തുടർച്ചയായ മോശം പെരുമാറ്റത്തിൽ പ്രകോപിതനായ കോഹ്ലി തന്റെ നടുവിരൽ കാട്ടി പ്രതിഷേധിക്കുകയായിരുന്നു. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ കോഹ്ലിക്ക് മാച്ച് ഫീയുടെ 50 ശതമാനം പിഴയിട്ടിരുന്നു. കൂടാതെ മാച്ച് റഫറി രഞ്ജൻ മദുഗലെ ഏതാനും മത്സരങ്ങളിൽ നിന്ന് കോഹ്ലിയെ വിലക്കാനും തീരുമാനമെടുത്തു. ഇതോടെയാണ് വിലക്കൊഴിവാക്കാൻ കോഹ്ലി അഭ്യർത്ഥനയിലേക്ക് നീങ്ങിയത്.
'അന്ന് സിഡ്നിയിൽ ഓസ്ട്രേലിയൻ ആരാധകരുടെ അധിക്ഷേപങ്ങൾ അതിരു കടന്നിരുന്നു. അവർക്കെതിരെ ഒരു ചെറിയ പ്രതിഷേധം എന്ന നിലയിലാണ് ഞാൻ നടുവിരൽ കാണിച്ചത്. എന്നാൽ പിറ്റേ ദിവസം മാച്ച് റഫറി എന്നെ വിളിച്ചുവരുത്തി. ഇന്നലെ എന്താണ് ബൗണ്ടറിലൈനിന് സമീപം സംഭവിച്ചതെന്ന് ചോദിച്ചു. അതൊരു പരിഹാസം മാത്രമെന്നായിരുന്നു എന്റെ മറുപടി. പിന്നാലെ മാച്ച് റഫറി ഒരു പത്രം എന്റെ നേർക്കെറിഞ്ഞു. എന്റെ പരിഹാസത്തിന്റെ ചിത്രങ്ങൾ ആ പത്രത്തിന്റെ മുൻപേജിൽ ഉണ്ടായിരുന്നു. അതോടെ ഞാൻ എന്നോട് ക്ഷമിക്കണമെന്നും എന്നെ വിലക്കരുതെന്നുംഅദ്ദേഹത്തോട് അഭ്യർഥിച്ചു. ഒടുവിൽ ഇത്തരം സംഭവങ്ങളൊക്കെ ഒരു യുവാവിന്റെ ആവേശത്തിൽ നിന്ന് ഉണ്ടാകുന്നതാണെന്ന് മനസിലാക്കിയ മാച്ച് റഫറി മറ്റ് നടപടികളിൽ നിന്ന് എന്നെ ഒഴിവാക്കി.' വിരാട് കോഹ്ലി അഭിമുഖത്തിൽ ആ സംഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെ.
'ടീം ക്യാപ്റ്റൻ ആരായാലും അയാൾ ലീഡർ തന്നെ'; ദുലീപ് ട്രോഫിക്കിടെ ചർച്ചയായി യുവതാരത്തിന്റെ നേതൃമികവ്2012ൽ സിഡ്നിയിലെ ഓസ്ട്രേലിയൻ ആരാധകർ തന്റെ കുടുംബത്തിന് നേരെ അധിക്ഷേപം നടത്തിയെന്ന് അന്ന് വിരാട് കോഹ്ലി ആരോപിച്ചിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റിൽ പലപ്പോഴും വിരാട് കോഹ്ലിയുടെ ബാറ്റിങ് മികവിനൊപ്പം കളിക്കളത്തിലെ അമിതാവേശവും ചർച്ചയായിട്ടുണ്ട്. എതിർ ടീമിലെ താരമായാലും കാണികൾ ആയാലും പ്രകോപിതനാക്കുമ്പോൾ കോഹ്ലിയുടെ മറുപടി പലപ്പോഴും രൂക്ഷമായിരുന്നു.