കായംകുളം : ക്ഷേത്ര കുളത്തിൽ ചാടി മരിച്ച പതിനേഴുകാരിയായ വിഷ്ണുപ്രിയ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയ കുട്ടി. സഹോദരൻ ശിവപ്രിയനൊപ്പം ഉണ്ണിയപ്പം വിൽക്കുന്ന വീഡിയോ ആയിരുന്നു വൈറലായത്. ഭിന്നശേഷിക്കാരായ അച്ഛനും അമ്മയുമാണ് വിഷ്ണുപ്രിയക്കുള്ളത്. ജീവിത മാർഗത്തിന് വേണ്ടിയാണ് വിഷ്ണു പ്രിയയും സഹോദരനും ഉണ്ണിയപ്പം വിൽപ്പനയ്ക്കായി തെരുവിൽ ഇറങ്ങിയത്.
'അച്ഛൻ വായിക്കാൻ പോകുന്നയാളാണ് എപ്പോഴും ജോലി കാണില്ല. അതുകൊണ്ടു തന്നെ ജീവിക്കാൻ വേണ്ടി അച്ഛൻ ഉണ്ണിയപ്പം ഉണ്ടാക്കിത്തരും. ഞങ്ങളത് വിൽക്കും', എന്നാണ് വിഷ്ണുപ്രിയ പറഞ്ഞത്. ഇങ്ങനയുള്ള മക്കളെ കിട്ടിയത് അഭിമാനം എന്ന് പിതാവ് വിജയൻ പറയുന്നതും വീഡിയോയിൽ കാണാം. 'ഇങ്ങനെ രണ്ട് മക്കളെ കിട്ടിയതാണ് ഞങ്ങളുടെ ഏറ്റവും വലിയ ഭാഗ്യം. ഒന്നിനു വേണ്ടിയും നിർബന്ധിക്കാറില്ല. ആഹാരം പോലും ഇന്നത് വേണമെന്നുള്ള വാശിയില്ല. കളിക്കാനൊന്നും പോകാറില്ല, അവരുടെ ജീവിതം ഇതാണ്', പിതാവ് പറയുന്നു.
ഇന്ന് വൈകിട്ട് 3.30നായിരുന്നു കായംകുളം കൊപ്രാപ്പുര ഈരിയ്ക്കൽ പടീറ്റതിൽ വിഷ്മണുപ്രിയ കുളത്തിൽ ചാടി മരിച്ചത്. നാട്ടുകാർ നോക്കി നിൽക്കയായിരുന്നു കായംകുളം എരുവ ക്ഷേത്രത്തിലെ കുളത്തിൽ കുട്ടി ചാടിയത്. ഉടൻ കരയ്ക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. ആത്മഹത്യയാണെന്ന് പൊലീസ് അറിയിച്ചു. പ്ലസ് ടു കഴിഞ്ഞ് എല്എല്ബിക്ക് അഡ്മിഷൻ എടുത്തിരിക്കുകയായിരുന്നു വിഷ്ണുപ്രിയ.
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)