ആലപ്പുഴ: ഓട്ടോ ഡ്രൈവറുടെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വള്ളികുന്നം കടുവിനാൽ പറങ്കാമുട്ടിൽ സ്വാതി നിവാസിൽ ചന്ദ്രകുമാറിനെ ( 62 ) ആണ് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ബന്ധുക്കളുമായി അകൽച്ചയിലായിരുന്ന ചന്ദ്രകുമാർ രണ്ട് വർഷമായി വാടക വീട്ടിൽ തനിച്ചായിരുന്നു താമസം. ഈ വീട്ടിലെ കിടപ്പുമുറിയിലാണു മൃതദേഹം കണ്ടെത്തിയത്. ഇന്നു രാവിലെ ഓട്ടം വിളിച്ചിരുന്ന ആൾ ചന്ദ്രകുമാർ എത്താത്തതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇതോടെ മറ്റൊരാളെ വിളിച്ചു ചന്ദ്രകുമാറിനെ അന്വേഷിക്കാൻ ആവശ്യപ്പെട്ടു. ഇയാൾ വീട്ടിലെത്തിയപ്പോഴാണു സംഭവം അറിയുന്നത്. ഉടനെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.