അമ്പലപ്പുഴ: അമ്പലപ്പുഴയിൽ സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങൾക്ക് നാളെ തുടക്കമാകും. തോട്ടപ്പള്ളി, പുറക്കാട്, അമ്പലപ്പുഴ ടൗൺ, അമ്പലപ്പുഴ കിഴക്ക്, നീർക്കുന്നം, വണ്ടാനം, പുന്നപ്ര കിഴക്ക്, പുന്നപ്ര, പുന്നപ്ര സൗത്ത്, പുന്നപ്ര വടക്ക് എന്നീ പത്ത് ലോക്കൽ കമ്മിറ്റികൾക്കുകീഴിലായി 166 ബ്രാഞ്ചുകളാണ് അമ്പലപ്പുഴ ഏരിയയിൽ ഉള്ളത്.നാളെ ആരംഭിക്കുന്ന സമ്മേളനങ്ങൾ ഈമാസം 26 വരെ നടക്കും. ദിവസം ഒന്നിലധികം ബ്രാഞ്ചുകളിൽ സമ്മേളനം നടക്കും. ലോക്സഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിയുടെ ഞെട്ടൽ വിട്ടുമാറുംമുൻപേ നടക്കുന്ന സമ്മേളനങ്ങളിൽ വോട്ടുചോർച്ചതന്നെയാകും പ്രധാനമായും ചർച്ചചെയ്യപ്പെടുക.
സിപിഐഎം പാർട്ടിഗ്രാമങ്ങളെന്നു വിശേഷിപ്പിച്ചിരുന്ന മേഖലകളിലെ പരമ്പരാഗതവോട്ടുകളിൽ വൻ ഇടിവാണ് ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായത്. വിപ്ലവഭൂമിയായ പുന്നപ്രയുൾപ്പെടുന്ന അമ്പലപ്പുഴ നിയോജകമണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ മുന്നേറ്റം തിരഞ്ഞെടുപ്പുഫലം വന്നപ്പോൾ മുതൽ സി പി എം പ്രാദേശികഘടകങ്ങളിൽ പൊട്ടിത്തെറികളുണ്ടാക്കിയിരുന്നു. എൽഡിഎഫ് ഭരണത്തിലുള്ള പുന്നപ്ര വടക്ക്, അമ്പലപ്പുഴ തെക്ക്, പുറക്കാട് ഗ്രാമപ്പഞ്ചായത്തുകളിൽ ശോഭ മുന്നിലെത്തിയപ്പോൾ മൂന്നിടത്തും എൽഡിഎഫ് മൂന്നാംസ്ഥാനത്തേക്കൊതുങ്ങി.
താനൂർ ബോട്ടപകടം; മുസ്ലിംലീഗ് പ്രഖ്യാപിച്ച വീടുകളുടെ താക്കോൽദാനം നാളെ