ആലപ്പുഴ: ഗൃഹനാഥനെ ഭാര്യയുടേയും മക്കളുടേയും മുന്നിലിട്ട് വെട്ടിക്കൊന്ന കേസിൽ പ്രതികൾക്ക് ജീവപരന്ത്യം. കേസിലെ ഒന്നാം പ്രതി കോമളപുരം കട്ടിക്കാട്ട് സാജൻ (34), ആര്യാട് കോമളപുരം പുതുവീട്ടിൽ നന്ദു (29) എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. കേസിലെ പ്രതികൾ ഓരോ ലക്ഷം രൂപ വീതം പിഴയും അടക്കണം. പിഴ തുക അടച്ചില്ലെങ്കിൽ ഒരുവർഷം കൂടി അധിക തടവ് അനുഭവിക്കണം. ആലപ്പുഴ ജില്ലാ അഡീഷനൽ സെഷൻ കോടതി ഒന്ന് ജഡ്ജി റോയി വർഗീസാണ് ശിക്ഷ വിധിച്ചത്.
മാരാരിക്കുളം തെക്ക് പഞ്ചായത്ത് 11-ാം വാർഡിൽ തത്തങ്ങാട്ട് വീട്ടിൽ സോണി(36)യെ കൊലപ്പെടുത്തിയ കേസിലാണ് ഈ വിധി. വിചാരണ വേളയിൽ പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥനായ സിഐയെ കോടതിയിൽവെച്ച് ഭീഷണിപ്പെടുത്തിയിരുന്നു അതിനാൽ വിധി പറയുന്ന ദിവസം കോടതിയിലും പരിസരത്തും വൻ പൊലീസ് സന്നാഹവും ഉണ്ടായിരുന്നു. പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചതിന് പ്രതി ചേർത്ത അഭിഭാഷകൻ ഉൾപ്പെടെ മൂന്ന് മുതൽ ഏഴു പ്രതിളെ കോടതി വെറുതെ വിട്ടു. കൈനകരിയിലെ ജയേഷ് വധക്കേസിലെ പ്രതികളായ ഇവർ വിയ്യൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുമ്പോഴാണ് സോണി വധക്കേസിലും സമാന ശിക്ഷ വിധിച്ചത്.
2017 മെയ് ഒമ്പതിനായിരുന്നു സോണിയെ പ്രതികൾ കൊലപ്പെടുത്തിയത്. ആലപ്പുഴയിലെ അയ്യങ്കാളി ജംഗ്ഷനിലെ വാടക വീട്ടിൽവെച്ചായിരുന്നു സോണിയെ പ്രതികൾ വെട്ടിക്കൊലപ്പെടുത്തിയത്. സമീപത്തെ കല്യാണ വീട്ടിൽ നിന്ന് ഭാര്യക്കും മക്കൾക്കും ഭക്ഷണം കൊണ്ടുപോയി കൊടുത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
സോണിയെ പ്രതികൾ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടുകത്തിയും കത്തിയും ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സോണിയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം.
Content Highlights: Alappuzha Youths Gets Life imprisonment for murder case