മാലിന്യത്തിനൊപ്പം മേല്‍വിലാസം; ഒരേ സ്ഥലത്ത് മാലിന്യം തള്ളുന്ന ആള്‍ക്ക് ഒടുവില്‍ പിടിവീണു; 50,000 രൂപ പിഴ

അഞ്ച് ദിവസത്തിനകം പിഴയടയ്ക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്

dot image

ആലപ്പുഴ: ഒരേ സ്ഥലത്ത് മാലിന്യം തള്ളുന്നത് പതിവാക്കിയ ആള്‍ക്ക് ഒടുവില്‍ പിടിവീണു. അന്‍പതിനായിരം രൂപ പിഴയും കിട്ടി. ആലപ്പുഴ അരൂരിലാണ് സംഭവം നടന്നത്. മാലിന്യത്തില്‍ നിന്ന് ലഭിച്ച മേല്‍വിലാസം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അരൂര്‍ സ്വദേശിയായ ബിനീഷിന് പിടിവീണത്.

ദേശീയപാതയ്ക്കരികില്‍ അരൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം പ്രവര്‍ത്തനരഹിതമായ പൊലീസ് എയ്ഡ് പോസ്റ്റിന് സമീപമാണ് ബിനീഷിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ നിന്ന് സ്ഥിരം മാലിന്യം തള്ളിയിരുന്നത്. സംഭവം വാര്‍ത്തയായതോടെ പ്രദേശത്ത് പരിശോധന നടത്താന്‍ പഞ്ചായത്ത് അധികൃതര്‍ ഹരിത കര്‍മസേനയെ നിയോഗിച്ചു. ഹരിത കര്‍മസേന പ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും മാലിന്യചാക്കുകളില്‍ പരിശോധന നടത്തുകയും ചെയ്തു. ഇതിനിടെയാണ് കിറ്റുകളില്‍ നിന്ന് മേല്‍വിലാസം കണ്ടെത്തിയത്.

അന്വേഷണത്തില്‍ മാലിന്യം തള്ളുന്ന ആളെ കണ്ടെത്തുകയും പഞ്ചായത്ത് സെക്രട്ടറി അന്‍പതിനായിരം രൂപ പിഴയടയ്ക്കാന്‍ നോട്ടീസ് നല്‍കുകയും ചെയ്തു. അഞ്ച് ദിവസത്തിനകം പിഴയടയ്ക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന് പുറമേ മാലിന്യം തള്ളിയ സ്ഥലം ശുചീകരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.

പ്രദേശത്ത് മാലിന്യ നിര്‍മാര്‍ജനത്തിന് അരൂര്‍ ഗ്രാമപഞ്ചായത്ത് ഇതിനോടകം ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചിട്ടുണ്ട്. എന്നാല്‍ പ്രദേശത്ത് വീണ്ടും മാലിന്യം കുമിഞ്ഞുകൂടുകയായിരുന്നു. പ്രദേശത്ത് നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Content Highlights- man fined 50000 rs for throwing garbage in open place

dot image
To advertise here,contact us
dot image