ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും എത്തിയില്ല : ആലപ്പുഴയിൽ പൊട്ടിവീണ വൈദ്യുതകമ്പിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു

നാട്ടുകാർ ഊരിയ ഫ്യൂസ് മാറിപ്പോയെന്നാണു വിവരം

dot image

ആലപ്പുഴ : പൊട്ടിവീണ വൈദ്യുതികമ്പിയിൽ നിന്നു ഷോക്കേറ്റ് കർഷകൻ മരിച്ചു. എടത്വ മരിയാപുരം കാഞ്ചിക്കൽ ബെന്നി ജോസഫാണ് (62) മരിച്ചത്. ഇന്നലെ രാത്രി ചിറയിൽ പൊട്ടിവീണ വൈദ്യുതികമ്പിയിൽ നിന്നു ഷോക്കേറ്റാണ് മരണം സംഭവിച്ചത്.

ശക്തമായ കാറ്റിൽ കമ്പി പൊട്ടിവീണ വിവരം പല തവണ പാടശേഖര സമിതി സെക്രട്ടറി വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഫ്യൂസ് ഊരാൻ നാട്ടുകാരെ തന്നെ ഏൽപിച്ച് ഉദ്യോഗസ്ഥർ ചുമതല ഒഴിഞ്ഞതാണ് ദാരുണ സംഭവത്തിനു കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. നാട്ടുകാർ ഊരിയ ഫ്യൂസ് മാറിപ്പോയെന്നാണു വിവരം.

ഇന്നലെ രാവിലെ ഒൻപതോടെ ചെറുതന നടുവിലേ പോച്ച വടക്ക് ദേവസ്വം തുരുത്ത് പാടശേഖരത്തിനു സമീപത്തെ ചിറയിലാണു ദുരന്തമുണ്ടായത്. കൃഷിയൊരുക്കങ്ങൾക്കായാണു ബെന്നി പാടത്തേക്കു പോയത്. ഇവിടെ ലൈൻ പൊട്ടിവീണത് അറിഞ്ഞെങ്കിലും വൈദ്യുതി വിഛേദിച്ചിട്ടുണ്ടെന്ന വിശ്വാസത്തിലാണു പാടത്തിറങ്ങിയത്. സമീപത്ത് പമ്പിങ് നടത്തിയിരുന്ന ദേവസ്വം തുരുത്ത് വിബീഷ്, ബെന്നിയുടെ നിലവിളി കേട്ട് ഓടിയെത്തി കമ്പി വലിച്ചു നീക്കി. എന്നാല്‍ ബെന്നിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

കാറ്റും മഴയും കാരണം ബുധനാഴ്ച രാത്രി ഒൻപതോടെ വൈദ്യുതകമ്പി പൊട്ടിവീണത് ദേവസ്വം തുരുത്ത് പാടശേഖര സമിതി സെക്രട്ടറി ഗ്രിഗറി ജോർജാണു വൈദ്യുതി ബോർഡ് ഓഫിസിൽ അറിയിച്ചത്. പല തവണ വിളിച്ചപ്പോഴാണു പ്രതികരിച്ചത്. ആരെയെങ്കിലും വിളിച്ചു ഫ്യൂസ് ഊരാനായിരുന്നു പറഞ്ഞതെന്നും ഗ്രിഗറി പറഞ്ഞു.

ഒട്ടേറെപ്പേർ താമസിക്കുന്ന സ്ഥലമാണെന്ന് പ്രത്യേകം പറഞ്ഞിരുന്നു. ഇന്നലെ രാവിലെ ഏഴോടെ വീണ്ടും വിളിച്ചപ്പോൾ, മറ്റു സ്ഥലങ്ങളിലും പോകേണ്ടതിനാൽ പിന്നീടു വരാമെന്നായിരുന്നു മറുപടി. രണ്ടു മണിക്കൂറിനു ശേഷമാണ് അപകടമുണ്ടായതെന്നും ഗ്രിഗറി പറഞ്ഞു.

അതേസമയം പലയിടത്തും കമ്പി പൊട്ടിവീണിരുന്നുവെന്നും രാത്രി എത്താൻ കഴിയാത്തതിനാലാണ് ഫ്യൂസ് ഊരാൻ പറഞ്ഞതെന്നുമാണ് വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഫ്യൂസ് ഊരിയിട്ടും എങ്ങനെ വൈദ്യുതി പ്രവഹിച്ചെന്ന് അന്വേഷിക്കുന്നുണ്ടെന്നും അസിസ്റ്റന്റ് എൻജിനീയർ പറഞ്ഞു.

Content Highlight; A farmer died of shock from a broken electric wire in Alappuzha

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us