സിപിഐ-സിപിഐഎം പഞ്ചായത്ത് അംഗങ്ങളെ മര്‍ദിച്ചു; ആലപ്പുഴ നോര്‍ത്ത് സിഐയ്ക്ക് സ്ഥലമാറ്റം

സിപിഐഎം പാര്‍ട്ടി ഓഫീസില്‍ പ്രവര്‍ത്തകയ്ക്ക് നേരെ പീഡനശ്രമം നടന്നെന്ന പരാതിയിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സജികുമാര്‍

dot image

ആലപ്പുഴ: ആലപ്പുഴ നോര്‍ത്ത് സിഐ എസ് സജികുമാറിന് സ്ഥലം മാറ്റം. എറണാകുളം രാമമംഗലത്തേയ്ക്കാണ് സ്ഥലം മാറ്റം. ആലപ്പുഴ വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് ഓഫീസിലേക്ക് ഇടത് സംഘടനകള്‍ നടത്തിയ സമരത്തിലെ പൊലീസ് നടപടി വിവാദമായിരുന്നു. ഇന്‍സ്പെക്ടര്‍ ജനപ്രതിനിധികളെ കയ്യേറ്റം ചെയ്‌തെന്നാരോപിച്ച് ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് നടപടി.

വാട്ടര്‍ അതോറിറ്റി ഓഫീസിലേക്ക് സിപിഐ-സിപിഐഎം പഞ്ചായത്ത് അംഗങ്ങള്‍ നടത്തിയ ധര്‍ണയിലായിരുന്നു പൊലീസിന്റെ ബലപ്രയോഗം. അതേസമയം സിപിഐഎം പാര്‍ട്ടി ഓഫീസില്‍ പ്രവര്‍ത്തകയ്ക്ക് നേരെ പീഡനശ്രമം നടന്നെന്ന പരാതിയിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സജികുമാര്‍.

വിഷയത്തില്‍ പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയെ നീക്കിയിട്ടുണ്ട്. പുന്നമട ലോക്കല്‍ സെക്രട്ടറി എസ് എം ഇക്ബാലിനെയാണ് നീക്കിയത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലെ നിര്‍ദേശപ്രകാരമാണ് നടപടി. ഡി സലീം കുമാറിന് സെക്രട്ടറിയുടെ ചുമതല നല്‍കി.

Content Highlights: Alappuzha north CI who hit CPIM and CPI leaders transferred to Ramamangalam

dot image
To advertise here,contact us
dot image